ആദായ നികുതി വകുപ്പ്, കസ്റ്റംസ്, സി.ബി.ഐ തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവികളും റിസർവ് ബാങ്കും വെർച്വൽ അറസ്റ്റ് എന്നൊന്നില്ല എന്ന് ജനങ്ങളെ മാദ്ധ്യമങ്ങളിലൂടെയും ഔദ്യോഗിക കുറിപ്പുകളിലൂടെയും പലവട്ടം അറിയിച്ചിട്ടുള്ളതാണ്. പക്ഷേ വെർച്വൽ അറസ്റ്റിലൂടെ കോടികൾ കബളിപ്പിച്ച് തട്ടിയെടുത്തു എന്ന തലക്കെട്ടുള്ള വാർത്തകൾ പത്രത്തിൽ വരാത്ത ദിവസങ്ങൾ കുറവാണ്. ഇതെന്താണ് ഇങ്ങനെ സംഭവിക്കുന്നത്? മുഖ്യമന്ത്രി പറഞ്ഞതുപോലെ 'എന്നെ ഒന്ന് തട്ടിപ്പിനിരയാക്കൂ" എന്നു പറഞ്ഞ് ജനങ്ങൾ നിൽക്കുകയാണോ? തട്ടിപ്പുകളിൽ തൊണ്ണൂറ് ശതമാനവും നടക്കുന്നത് ഫോണിലൂടെയാണ്.
സൈബർ തട്ടിപ്പിലൂടെ മലയാളിക്ക് കഴിഞ്ഞ മൂന്നു വർഷത്തിനിടെ നഷ്ടമായത് 1200 കോടി രൂപയാണ്. രാജ്യത്ത് കഴിഞ്ഞ വർഷം മാത്രം ഇത്തരം സൈബർ തരികിടകളിലൂടെ തട്ടിയെടുത്തത് 22,812 കോടിയും! ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്മാരുടെ പോലും വ്യാജ പ്രൊഫൈലുണ്ടാക്കി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജുകൾ അയയ്ക്കാനും തട്ടിപ്പുകാർക്ക് ഭയമൊന്നുമില്ല. വാഹനത്തിന് പെറ്റിയുണ്ടെന്നും കുറഞ്ഞ തുകയ്ക്ക് ഫോൺ റീചാർജ് ചെയ്യാമെന്നുമുള്ള വ്യാജ സന്ദേശങ്ങൾ മുതൽ സി.ബി.ഐയുടെ വെർച്വൽ അറസ്റ്റ് വരെ വിവിധ തരം തട്ടിപ്പുകളാണ് അരങ്ങേറുന്നത്. ഇത് എ.ഐ സാങ്കേതികവിദ്യ വികസിച്ചുവരുന്ന കാലമായതിനാൽ ഉറ്റ സുഹൃത്തുക്കൾ പോലും വീഡിയോ കോളിലൂടെ പണം ആവശ്യപ്പെടുന്നത് വ്യാജമായി സൃഷ്ടിച്ച് പറ്റിക്കാനാവും. കേരളത്തിൽ സൈബർ തട്ടിപ്പ് പരാതികളുടെ എണ്ണം അരലക്ഷത്തിലേറെയായി.
പട്ടാള ഉദ്യോഗസ്ഥന്മാരുടെ പേരിൽ കേക്കുകൾ ഓർഡർ ചെയ്തിട്ടു പോലും തട്ടിപ്പുകൾ നടത്തുന്നുണ്ട്. മേജറാണ് ബ്രിഗേഡിയറാണ് എന്നൊക്കെ പറഞ്ഞാവും വിളിക്കുക. പിന്നീട് വിളിച്ച് ഓർഡർ ക്യാൻസൽ ചെയ്തെന്നും താനയച്ച പണം തിരികെ അയയ്ക്കണമെന്നും ആവശ്യപ്പെടും. 'പേ ടിഎം" വഴി പണമയച്ചുവെന്ന് ചൂണ്ടിക്കാട്ടി സ്‌ക്രീൻഷോട്ടും അയച്ചുതരും. ഇതെല്ലാം വ്യാജമായി ഉണ്ടാക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നാൽ ഉടൻ പൊലീസിൽ അറിയിക്കുകയാണ് വേണ്ടത്. കേരളത്തിൽ ജനങ്ങൾക്ക് കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ നഷ്ടമായ 1200 കോടിയിൽ പൊലീസിന്റെ ഇടപെടലിലൂടെ 180 കോടി തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ പേർ തട്ടിപ്പിനിരയാകുന്നത്.
ഇത്തരം തട്ടിപ്പുകളിലെ ഇരകളിൽ ഐ.ടി വിദഗ്ദ്ധർ, ഡോക്ടർമാർ, ഗവ. ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, ബിസിനസുകാർ എന്നിവരുമുണ്ട്. കാണാമറയത്തിരുന്ന് തട്ടിപ്പ് നടത്താനാവുമെന്നതാണ് ഇത്തരം സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരാൻ കാരണം. ഉത്തരേന്ത്യയും വിദേശ രാജ്യങ്ങളും കേന്ദ്രീകരിച്ചാണ് തട്ടിപ്പുകളേറെയും നടക്കുന്നത്. ജനങ്ങളുടെ സാമ്പത്തിക ആർത്തി മുതലെടുത്തും പലവിധ തട്ടിപ്പുകൾ അരങ്ങേറുന്നുണ്ട്. തുടക്കത്തിൽ കൃത്യമായി ഇരട്ടി പണമൊക്കെ ഇവർ നൽകുമെങ്കിലും ഒടുവിൽ ലക്ഷങ്ങൾ വരുന്ന ഒരു വലിയ തുക അടിച്ചുമാറ്റി മുങ്ങും. ജനങ്ങൾ ജാഗ്രത പാലിക്കാതെ ഇത്തരം തട്ടിപ്പുകൾ അവസാനിപ്പിക്കാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |