തിരുവനന്തപുരം: ഗവർണർ ആർലേക്കറുമായി വളരെ നല്ല ബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ ആളെപ്പോലെയല്ല ഇപ്പോഴത്തെ ഗവർണർ. ബില്ലിന്റെ കാര്യത്തിൽ ഗവർണർ സുപ്രീംകോടതിയെ വിമർശിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ, ഇതിലൊക്കെ രാഷ്ട്രീയമുണ്ടല്ലോ. അതിന്റെ ഭാഗമായി എടുത്ത നിലപാടായിരിക്കാം എന്നായിരുന്നു മറുപടി.
അതേസമയം, മകൾ വീണയുടെ സ്ഥാപനമായ എക്സാലോജിക്കുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ ക്ഷുഭിതനായി. ഇത്തരമൊരുകാര്യം പറയാനായി വാർത്താസമ്മേളനം ഉപയോഗിക്കരുത്. അസംബന്ധങ്ങൾ തുടർച്ചയായി എഴുന്നള്ളിച്ച് പത്രപ്രവർത്തകനായി ഇരിക്കരുതെന്ന് ഉപദേശവും നൽകി.
എസ്.എഫ്.ഐ.ഒ റിപ്പോർട്ടിൻമേൽ തുടർനടപടി ഹൈക്കോടതി ഇന്നലെ തടഞ്ഞിരുന്നു. താങ്കളുടെ മകൾ കൂടിയുള്ള കുറ്റപത്രവുമായി ബന്ധപ്പെട്ട വിധി ആശ്വാസകരമാണോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
?മുഖ്യമന്ത്രി തീരുമാനിക്കട്ടെ എന്നാണ് സി.ബി.ഐ അന്വേഷണം നേരിടുന്ന കെ.എം.എബ്രഹാം പറയുന്നത്
അദ്ദേഹം ഒരു കത്ത് നൽകി.അത് പരിശോധിച്ചുവരുന്നു. അങ്ങനെ തള്ളിക്കളയാവുന്നതല്ല അദ്ദേഹം പറയുന്ന ന്യായങ്ങൾ. നിയമപരമായും നേരിടുമെന്നാണ് പറഞ്ഞത്. അതിന്റെ ഘട്ടം വരുമ്പോൾ തീരുമാനിക്കാം.
?എ.ഡി.ജി.പി അജിത്‌കുമാറിനെതിരെ കേസെടുക്കാൻ ഡി.ജി.പിയുടെ ശുപാർശയുണ്ടല്ലോ
എനിക്കറിയില്ല. എനിക്ക് കത്തും നൽകിയിട്ടില്ല. ഞാനല്ലല്ലോ കേസെടുക്കേണ്ടത്.
?പൂരം തടഞ്ഞതിലും നടപടിയില്ലല്ലോ, അടുത്ത പൂരമായി
ആർക്കാണ് വീഴ്ചയുണ്ടായത് എന്നല്ലേ കാണേണ്ടത്. കൃത്യമായ റിപ്പോർട്ട് വന്നിട്ടില്ല
?നവീൻ ബാബുവിനെതിരായ പരാതിയിൽ കേസെടുത്തില്ലല്ലോ
മെരിറ്റ് നോക്കിയാണ് വിജിലൻസ് കേസെടുക്കുന്നത്. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലല്ല. പരാതിയിൽ നടപടിയില്ലെങ്കിൽ അത്തരം പരാതിയില്ലെന്നാണ് മനസിലാക്കേണ്ടത്.
?ആശാസമരത്തിൽ ഇനി ചർച്ചയുണ്ടാകുമോ
ഇല്ല.
?സി.പി.ഒ സമരത്തിൽ ഇടപെടുമോ
റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം കിട്ടിയില്ലെങ്കിൽ അതൃപ്തി ഉണ്ടാകും. എന്നാൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. ഒഴിവ് അനുസരിച്ചാണ് നിയമനം. ഒഴിവ് റിപ്പോർട്ട് ചെയ്യാനും നിയമനം ഉറപ്പാക്കാനുമുള്ള കാര്യങ്ങളിൽ വീഴ്ചയില്ല.
?പ്രശാന്ത് അതിരുവിടുന്നുണ്ടോ
യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് സംസാരിക്കുന്നത്. ചട്ടലംഘനമാണ് പലതും. അന്വേഷണം നേരിടുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |