SignIn
Kerala Kaumudi Online
Thursday, 21 May 2026 10.49 AM IST

അനധികൃത സ്വത്ത്, എ.ഡി.ജി.പി അജിത്തിന് ക്ലീൻചിറ്റ്; റിപ്പോർട്ട് അംഗീകരിച്ച് മുഖ്യമന്ത്രി

a

തിരുവനന്തപുരം: കവടിയാറിലെ ആഡംബര വീട് നിർമ്മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വില്പന എന്നീ ആരോപണങ്ങളിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. അജിത്കുമാറിന്റെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക സ്രോതസുകൾ വിശദമായി പരിശോധിച്ചാണ് ഇവയിൽ ക്രമക്കേടില്ലെന്ന് വിജിലൻസ് കണ്ടെത്തിയത്. റിപ്പോർട്ട് കോടതിയിൽ നൽകാൻ 45ദിവസത്തെ സമയം വിജിലൻസ് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി അംഗീകരിച്ചതോടെ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കും.

അജിത്തിന് അനധികൃത സ്വത്തുണ്ടെന്ന ആരോപണത്തിലും വിജിലൻസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. റെയിൽവേയിൽ ഉന്നത ഉദ്യോഗസ്ഥയായ സഹോദരിയുടെയും സ്വത്തുവിവരമെടുത്തു. പരമ്പരാഗതമായി കിട്ടിയ ചില സ്വത്തുക്കൾ വിറ്റാണ് കവടിയാറിലേതടക്കം വസ്തുക്കൾ വാങ്ങിയതെന്ന അജിത്തിന്റെ മൊഴി ശരിയാണെന്ന് കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകളിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.

അതേസമയം, മലപ്പുറത്തെ സ്വർണം പൊട്ടിക്കൽ അടക്കമുള്ള ആരോപണങ്ങളിൽ അജിത്തിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. കരിപ്പൂരിലെ സ്വർണവേട്ടയിൽ നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എസ്.പി സുജിത്ത്ദാസും ഡാൻസാഫ് ടീമുമാണ് സംശയമുനയിൽ. എന്നാൽ,​ സ്വർണം പിടികൂടിയതിന്റെ എല്ലാ വിവരങ്ങളും മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന ഇവരുടെ മൊഴിയാണ് അജിത്തിന് കുരുക്ക്. ഇതേക്കുറിച്ച് കസ്റ്റംസിന്റെ സഹായത്തോടെ രേഖകൾ ശേഖരിക്കുകയാണ് വിജിലൻസ്. പി.വി.അൻവറിന്റെ പരാതിയിലാണ് അന്വേഷണം.

വിജയനെതിരായ മൊഴി:

തീരുമാനിക്കാതെ സർക്കാർ

കരിപ്പൂർ സ്വർണക്കടത്തിൽ എ.ഡി.ജി.പി പി.വിജയനെ കുടുക്കാൻ വ്യാജമൊഴി നൽകിയെന്ന ആരോപണത്തിൽ എം.ആർ.അജിത് കുമാറിനെതിരെ നടപടിയെടുക്കാമെന്ന ഡി.ജി.പിയുടെ ശുപാർശയിൽ മൂന്നുമാസമായിട്ടും തീരുമാനമെടുക്കാതെ സർക്കാർ. സ്വർണക്കടത്തിൽ വിജയനും എ.ടി.എസിലെ ചില അംഗങ്ങൾക്കും ബന്ധമുണ്ടെന്ന് എസ്.പി സുജിത്ദാസ് തന്നെ അറിയിച്ചിരുന്നെന്ന് അജിത്കുമാർ മൊഴിനൽകിയതായി ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതുനിഷേധിച്ച സുജിത്ദാസ്,​ വിജയനെക്കുറിച്ച് താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

തുടർന്ന് തനിക്കെതിരെ കള്ളമൊഴി നൽകിയ അജിത്കുമാറിനെതിരെ അന്വേഷണം വേണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് വിജയൻ സർക്കാരിന് പരാതി നൽകി. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കേസുകൊടുക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. പി.വി.അൻവറിന്റെ പരാതിയിൽ ഡി.ജി.പി നടത്തിയ അന്വേഷണത്തിലാണ് അജിത്കുമാർ, വിജയനെതിരെ മൊഴി നൽകിയത്. അജിത്തിനെതിരെ കോടതിയെ സമീപിക്കാൻ വിജയൻ സർക്കാരിന്റെ അനുമതി വീണ്ടും തേടുമെന്നറിയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA