തിരുവിതാംകൂർ അതാകുംമുമ്പ് വേണാടായിരുന്നു. വേണാടിന്റെ ചരിത്രത്തിൽ, ഉമയമ്മറാണിയുടെ കാലഘട്ടത്തെ മുൻനിറുത്തിയുള്ള പ്രശാന്ത് മിത്രന്റെ നോവലാണ് 'ഉമാനാട് വേണാട്." അടിസ്ഥാനപരമായി ഇത് കാലാതീതമായ അധികാര മോഹങ്ങളുടെ കഥയാണെങ്കിലും അതിന് പശ്ചാത്തലമൊരുക്കുന്നത് ഉമയമ്മറാണിയുടെ ജീവിതവും കാലഘട്ടവുമാണ്. ആ കാലത്തിന്റെ സുവ്യക്തമായൊരു ചിത്രം തെളിഞ്ഞുകാണുന്നതു തന്നെയാണ് നോവലിന്റെ ഏറ്റവും വലിയ സവിശേഷത.
1677ൽ (കൊല്ലവർഷം 852) അന്നത്തെ വേണാട് രാജാവായിരുന്ന ആദിത്യവർമ നാടുനീങ്ങിയ സന്ദർഭത്തിലാണ് നോവൽ ആരംഭിക്കുന്നത്. ആദിത്യവർമ്മ നാടുനീങ്ങുമ്പോൾ അനന്തരാവകാശിയായ രവിവർമ്മയ്ക്ക് വയസ്സ് 11. പ്രായപൂർത്തിയായിട്ടില്ല. പ്രായപൂർത്തിയാകാത്ത കിരീടാവകാശിയെ മുൻനിറുത്തി ഉമയമ്മ നടത്തുന്ന ഭരണം, ഡൽഹിയിലെ റസിയ സുൽത്താനയുടെ ഭരണം കഴിഞ്ഞാൽ ഇന്ത്യയിലുണ്ടാകുന്ന ആദ്യത്തെ 'പെണ്ണരശാ'ണ്. ഇതിലെ ഒരു കഥാപാത്രം പറയുംപോലെ 'പെണ്ണുടലും ആൺ മനസ്സുമായി ഉമയമ്മ വേണാട്ടിൽ ഭയമായും അഭയമായും ജ്വലിച്ചു."
ഏഴുവർഷത്തെ റീജൻസി ഭരണം, അതുകഴിഞ്ഞുള്ള 12 വർഷത്തെ ജീവിതം, ഇതിനിടയിൽ സംഭവിക്കുന്ന അന്തർനാടകങ്ങൾ... ഇതൊക്കെയാണ് അതിസൂക്ഷ്മമായി മിഴിവോടെ ഈ നോവലിൽ പ്രശാന്ത് മിത്രൻ ആവിഷ്‌കരിക്കുന്നത്. നിലവിലെ വ്യവസ്ഥകൾ ലംഘിച്ചും പുരോഹിതവർഗത്തോട് കലഹിച്ചും മുന്നേറുന്ന ഉമയമ്മ സ്ത്രീ ശക്തിയുടെ ജ്വലിക്കുന്ന പ്രതീകമായി നോവലിൽ പ്രത്യക്ഷപ്പെടുന്നു.
രണ്ടു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന നോവലിന്റെ ആദ്യഭാഗം ഏറക്കുറെ ഉമ്മയമ്മയുടെ അപ്രതിരോധ്യമായ ശക്തികൾകൊണ്ട് സമ്പന്നമായിരിക്കുമ്പോൾ, രണ്ടാംഭാഗം ഈ ശക്തിക്കൊപ്പം അവരുടെ ബലഹീനതകളുടെ ആവിഷ്‌കാരവുമായിത്തീരുന്നു. യുവരാജാവായ കോട്ടയം കേരളവർമ്മയെ അവതരിപ്പിച്ചു കൊണ്ട് ആരംഭിക്കുന്ന നോവലിന്റെ രണ്ടാംഭാഗം, അസദ്ഖാൻ എന്ന മുഗൾ സർദാറിന്റെ ആക്രമണഭീഷണിയിൽ ഭയന്നു കഴിയുന്ന വേണാടിനെ തന്ത്രപൂർവം അദ്ദേഹം രക്ഷിക്കുന്ന സംഭവ പരമ്പരകളിലൂടെ വികസിക്കുന്നു. ഇതുവഴി കേരളവർമ്മയുടെ കരുത്തും ബുദ്ധിയും തന്ത്രകുശലതയും സ്ഥാപിച്ചുറപ്പിക്കുന്നു. ആ കരുത്തിനെ ഉമയമ്മറാണി പ്രണയിക്കുകയും കാമിക്കുകയും ചെയ്യുന്നു.
എന്നാൽ റാണിയുടെ ആത്മനിവേദനം സ്വീകരിക്കുന്നതോടൊപ്പംതന്നെ കേരളവർമ്മയുടെ ലക്ഷ്യം മറ്റു ചിലതിൽക്കൂടി വ്യാപിക്കുന്നു. അതിനകംതന്നെ റാണിയുടെ പ്രീതിനേടി ഇരണിയൽ രാജകുമാരനായി അവരോധിതനായിക്കഴിഞ്ഞിരുന്ന കേരളവർമ്മ ദുർബലനായ രാജാവിനെ (രവിവർമ്മ) നിഷ്‌കാസനം ചെയ്ത് ഒരു കൊട്ടാരവിപ്ലവത്തിലൂടെ രാജാധികാരം നേടുന്നതിന് ലക്ഷ്യമിടുന്നു. ആ ലക്ഷ്യം റാണി മനസിലാക്കുന്നതോടെ അവർ നിഷ്‌കരുണം കേരളവർമ്മയെ വധിച്ച് ഒഴിവാക്കുന്നു. പക്ഷേ കേരളവർമ്മയുടെ ആ മരണം ഏറ്റവുമധികം ബാധിച്ചതും റാണിയെ തന്നെയായിരുന്നു. അത് റാണിയുടെ എല്ലാ ശക്തിയും ചോർത്തിക്കളയുന്നു. ആത്യന്തികമായി അത് റാണിയുടെ അന്ത്യത്തിൽ കലാശിക്കുന്നു. ഒരു ചരിത്ര നോവൽ നിർവഹിക്കേണ്ടത് ആ നോവലിൽ ആവിഷ്‌കൃതമാകുന്ന കാലത്തിന്റെ പുനരാഖ്യാനവും പുനരാവിഷ്‌കരണവുമാണ്. പ്രശാന്ത് മിത്രന്റെ ഈ നോവൽ ഏറ്റവും ഭംഗിയായി ആ ദൗത്യം നിർവഹിക്കുന്നുണ്ടെന്ന് ഒരു ശങ്കയുമില്ലാതെ പറയാം.
പ്രസാധകർ:
ഡി.സി. ബുക്സ്, കോട്ടയം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |