SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.13 PM IST

എത്ര കോടി ചെലവഴിച്ച് ആർഭാടം വാരിവിതറിയാലും ഭരണപരാജയത്തിന്റെ ദുർഗന്ധത്തെ മറയ്ക്കാനാവില്ല: ചെന്നിത്തല

Increase Font Size Decrease Font Size Print Page
ramesh-

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രചാരണ ധൂർത്തിന് കേരളസർക്കാർ തയ്യാറെടുക്കുകയാണെന്ന് കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പരസ്യത്തിനു വേണ്ടി മാത്രം ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പിന് 26 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വൻ കടക്കെണിയിൽ ഉരുകുമ്പോൾ സാമാന്യ മര്യാദയുടെ സകല സീമകളും ലംഘിക്കുന്ന രീതിയിലാണ് സർക്കാർ പ്രചാരണങ്ങൾക്കായി പണം ചിലവഴിക്കുന്നത്.

നാലാം വർഷിക പരിപാടിയുടെ ഭാഗമായി എന്ററെ കേരളം 2025 പ്രദർശന വിപണനമേള സംഘടിപ്പിക്കുന്നതിന് 20.715 കോടി രൂപയാണ് നടപ്പ് സാമ്പത്തികവർഷത്തെ (202526) 22206010693 ഔട്ട്‌ഡോർ പബ്ളിസിറ്റി പ്ളാൻ എന്ന ശീർഷകത്തിൽ അനുവദിച്ചത്. 500 ഹോർഡിങ്ങുകളിൽ പരസ്യം നൽകാൻ ഇതിൽ 15.63 കോടി രൂപ വിലയിരുത്തിയിട്ടുണ്ട്. ഡിസൈൻ ചെയ്യുന്നതിനു മാത്രം 10 ലക്ഷം രൂപയും വകുപ്പിന്റെ 35 ഹോർഡിങ്ങുകളുടെ മെയിന്റനൻസിന് 68 ലക്ഷം രൂപയുമായണ് വകയിരുത്തിയിട്ടുള്ളത്. എൽഇഡി സ്‌ക്രീൻ ഉപയോഗിച്ചുള്ള വാഹന പ്രചരണത്തിന് 3.3 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ഇതുകൂടാതെ ഈ മേളയുടെ ഏകോപനം, ജില്ലാ തല യോഗങ്ങൾ, കലാസാംസ്‌കാരിക പരിപാടികൾ എന്നിവയ്ക്കായി 5.2 കോടി രൂപയും കൂടി വകയിരുത്തിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തെ (202526) 22200100196 സ്‌പെഷ്യൽ പബ്ളിക് റിലേഷൻസ് ക്യാംപെയ്ൻ പ്ളാൻ എന്ന ശീർഷകത്തിലാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. മൊത്തം ഈ ധൂർത്തിന്റെ പ്രചാരണപ്രവർത്തനങ്ങൾക്കു മാത്രം അനുവദിച്ച തുക 25.915 കോടി വരും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വെറും മൂന്ന് മാസം മാത്രം അകലെ നിൽക്കുമ്പോൾ, നിയമസഭാ തിരഞ്ഞെടുപ്പ് ഒരു വർഷം മാത്രം ദൂരെ നിൽക്കുമ്പോൾ, സമ്പൂർണ്ണമായും സർക്കാർ ചെലവിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കളമൊരുക്കുകയാണ് ഇടതു മുന്നണി ചെന്നിത്തല ആരോപിച്ചു.

കേരളത്തിൽ ആശുപത്രികളിൽ ആവശ്യ മരുന്നുകൾ വാങ്ങാൻ പണമില്ലെന്ന് അവകാശപ്പെടുന്ന ഒരു സർക്കാർ, സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളകുടിശിക നൽകാൻ പണമില്ലെന്നവകാശപ്പെടുന്ന ഒരു സർക്കാർ, ക്ഷേമനിധി പെൻഷനുകൾ നൽകാൻ പണമില്ലെന്നവകാശപ്പെടുന്ന ഒരു സർക്കാർ, ആശാവർക്കർമാർക്ക് വേതനവർധനയ്ക്കു പണമില്ലെന്നവകാശപ്പെടുന്ന ഒരു സർക്കാർ, പണമില്ലാത്തതു മൂലം റാങ്ക് ലിസ്റ്റിൽ നിന്നു നിയമനങ്ങൾ നടത്തതാതെ അനധികൃത നിയമന നിരോധനം ഏർപ്പെടുത്തുന്ന ഒരു സർക്കാർ ഒരു തത്വദീക്ഷയുമില്ലാതെ കോടികൾ പ്രചാരണത്തിനു മാത്രം വകയിരുത്തിയിരിക്കുകയാണ്. പ്രചാരണത്തിന് ഇത്രകോടികൾ ചിലവഴിക്കുമെങ്കിൽ പരിപാടിയുടെ ചിലവ് ഊഹിക്കുന്നതിനുമപ്പുറമായിരിക്കാം. ഇതിനായി ഒരു വൻ തുക വകയിരുത്തി എന്നാണ് അറിയുന്നത്. അതിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

പക്ഷേ എത്ര പണം ചിലവഴിച്ച് ആർഭാടത്തിന്റെ മേലങ്കികൾ ചാർത്തിയാലും ഭരണപരാജയത്തിന്റെ കൊടുംദുർഗന്ധത്തെ മറയ്ക്കാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു.

ഈ ധൂർത്തിന് നിങ്ങൾ കേരളത്തിലെ ജനങ്ങളോട് മറുപടി പറയണം ചെന്നിത്തല വ്യക്തമാക്കി.

TAGS: KERALA, RAMESH CHENNITHALA, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY