
കോട്ടയം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കേരള രാഷ്ട്രീയത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പ്രസക്തി നഷ്ടമാകുന്നു. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തെ മാത്രമല്ല ജോസ് കെ. മാണിയുടെ രാഷ്ട്രീയ ഭാവിയെയും ബാധിക്കുന്ന നിര്‍ണായകമായ തിരഞ്ഞെടുപ്പാകുകയാണിത്.
12 സീറ്റിലാണ് ഇത്തവണ കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. ഇതില്‍ എല്ലാ സീറ്റിലും കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികള്‍ പിന്നിലാണ്. അതായത് നിയമസഭയിൽ കേരള കോണ്‍ഗ്രസ് എം സംപൂജ്യരാകുമെന്നതിന്റെ ലക്ഷണമാണ്. ഇങ്ങനെ നാണംകെട്ട തോല്‍വിയിലേക്ക് കേരള കോണ്‍ഗ്രസ് എം എത്തുമ്പോൾ തകരുന്നത് മാണി എന്ന രാഷ്ട്രീയ അതികായകൻ കെട്ടിയുയർത്തിയ ഒരു പാർട്ടിയാണ്.
1982 മുതല്‍ ഐക്യ ജനാധിപത്യമുന്നണിയുടെ അവിഭാജ്യഘടകമായിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി വിട്ട് ഇടതു മുന്നണിയിലേക്ക് തിരിഞ്ഞത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച സംഭവമാണ്. സിപിഎമ്മിന്റെ പല തട്ടിലുള്ള നേതാക്കളുമായും സംസാരിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിനും കിട്ടേണ്ട സീറ്റുകളുടെ കാര്യത്തില്‍ ധാരണയുണ്ടാക്കിയ ശേഷമാണ് അന്ന് സിപിഎമ്മിലേക്ക് മാറുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. ഈ തീരുമാനം കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പതനത്തിന് തുടക്കമാണെന്നത് അന്ന് തന്നെ ഏറെകുറെ ഉറപ്പായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞത്.
ജോസ് കെ മാണിയുടെ തട്ടകമായ കോട്ടയം ജില്ലയിൽ രണ്ടിലയ്ക്ക് കാര്യമായ വാട്ടം സംഭവിച്ചിട്ടുണ്ടെന്നാണ് നിലവിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്. പരമ്പരാഗതമായി അടിത്തറയുള്ള ഇടങ്ങളിൽ പോലും ജോസ് കെ മാണി വിഭാഗത്തിന് അടിതെറ്റുന്ന കാഴ്ച്ചയാണ്. ഒരുഘട്ടത്തിൽ യുഡിഎഫിലേയ്ക്ക് തിരിച്ചുവരാനുള്ള സുവർണ്ണാവസരം കേരള കോൺഗ്രസ് എം മുന്നണിക്ക് മുന്നിൽ ഉണ്ടായിരുന്നെങ്കിലും എൽഡിഎഫിൽ തുടരാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. അത് പക്ഷെ പാർട്ടിയുടെ കണക്കുകൂട്ടലുകളിൽ കത്തിവയ്ക്കുന്ന തീരുമാനമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |