ആലപ്പുഴ: ദേശീയപാത വികസനത്തിനായി ആലപ്പുഴ ജില്ലയില്‍ ഇനിയും ഏറ്റെടുക്കേണ്ടത് രണ്ട് ഹെക്ടറോളം ഭൂമി. നിലവില്‍ ദേശീയപാതയുടെ നിര്‍മാണം പുരോഗമിക്കുന്ന ചില സ്ഥലങ്ങളില്‍ 45 മീറ്റര്‍ വീതി ലഭിക്കാനാണ് ഇനിയും സ്ഥലം ഏറ്റെടുക്കേണ്ടതായി വന്നത്. ഏറ്റെടുക്കേണ്ട ഭൂമിയിലെ 1.31 ഹെക്ടറോളം വരുന്നത് ഓച്ചിറ - കൊറ്റന്‍കുളങ്ങര റീച്ചിലാണ്. പദ്ധതിയുടെ ഭാഗമായി ആദ്യം തയ്യാറാക്കിയ രൂപരേഖയിലും പൂര്‍ത്തിയാക്കിയ സര്‍വേയിലും ചില വ്യത്യാസങ്ങള്‍ വന്നത് കാരണമാണ് കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടായത്.
ദേശീയപാതയുടെ പൂര്‍ത്തീകരണത്തിനായി ഇനിയും ആവശ്യമുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം അധികം വൈകാതെ പുറത്തിറക്കാനാണ് ശ്രമം. അരൂര്‍ - തുറവൂര്‍ എലിവേറ്റഡ് പാതയുടെ ഭാഗമായും ഭൂമി ഏറ്റെടുക്കേണ്ടതായി വരുന്നുണ്ട്. തുറവൂര്‍ പറവൂര്‍, പറവൂര്‍ കൊറ്റന്‍കുളങ്ങര റീച്ചുകളില്‍ ഭൂമിയേറ്റെടുക്കല്‍ ഏകദേശം പൂര്‍ത്തിയായി. നങ്ങ്യാര്‍കുളങ്ങര ജംഗ്ഷനിലെ ഫ്‌ളാറ്റ് സമുച്ചയം, ആലപ്പുഴ ബൈപാസ് മേല്‍പാലത്തില്‍ നിന്ന് തുറമുഖത്തേക്കുള്ള റാംപുകളുടെ നിര്‍മാണത്തിനുള്ള സ്ഥലം എന്നിവയ്ക്കായി ഭൂമി ഏറ്റെടുക്കണമെങ്കിലും നിലവില്‍ വിജ്ഞാപനം വന്നിട്ടില്ല.
നങ്ങ്യാര്‍കുളങ്ങരയിലെ ഫ്‌ളാറ്റ് സമുച്ചയം ഏറ്റെടുക്കുന്നത് സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടില്ല. ഫ്‌ളാറ്റിന്റെ ഒരു ഭാഗം മാത്രമായി ഏറ്റെടുക്കാന്‍ ആദ്യ ഘട്ടത്തില്‍ നീക്കമുണ്ടായിരുന്നെങ്കിലും താമസക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം, കോഴിക്കോട് എന്‍ഐടിയെ നിയോഗിച്ചു നടത്തിയ പഠനത്തില്‍ ഭാഗികമായി പൊളിക്കുന്നതു ഫ്‌ളാറ്റിന്റെ മറ്റു ഭാഗങ്ങള്‍ക്കും കേടുപാടുണ്ടാകുമെന്നു കണ്ടെത്തി. ഇതോടെ പൂര്‍ണമായും ഏറ്റെടുക്കാന്‍ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ വിലയിരുത്തല്‍ പ്രകാരം 18 കോടിയോളം രൂപയാണു ഫ്‌ളാറ്റിന്റെ മൂല്യം. ഇതിന്റെ ഇരട്ടിയായ 35 കോടി രൂപയാകും നഷ്ടപരിഹാരമായി നല്‍കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |