തിരുവനന്തപുരം: വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഇനി 48 മണിക്കൂർ. 630 പേരുടെ സ്വപ്നങ്ങൾക്കും അത് നിർണായകമാണ്. 19ന് രാത്രി 12ന് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. നിയമനം തേടിയുള്ള ഉദ്യോഗാർത്ഥികളുടെ സെക്രട്ടേറിയറ്റ് സമരം ഇന്നലെ 16 ദിവസം പിന്നിട്ടു.
ശരീരം വെള്ളത്തുണിയിൽ മൂടി, തലകെട്ടി നെഞ്ചത്ത് റീത്തുമായി നടപ്പാതയിൽ കിടന്നായിരുന്നു ഇന്നലത്തെ സമരം. ആ കാഴ്ചകൾ ഏവരുടെയും കണ്ണ് നനച്ചു. അമൃത, രാധിക, മഞ്ജു എന്നിവരാണ് നെഞ്ചിൽ റീത്തുവച്ച് പ്രതിഷേധിച്ചത്. 'ഞങ്ങളുടെ നെഞ്ചത്ത് റീത്ത് വയ്ക്കരുതേ സർക്കാരേ..." എന്നായിരുന്നു റീത്തിലെ വാചകങ്ങൾ.
പ്രതിഷേധക്കാരിൽ ബിരുദത്തിനും പി.ജിക്കും റാങ്ക് നേടിയവരും, കോളേജദ്ധ്യാപകരാവാനുള്ള നെറ്റ് യോഗ്യതയുള്ളവരുമെല്ലാമുണ്ട്. അർഹതയുള്ളവർക്കേ നിയമനമുള്ളൂ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തുടർന്നാണ് ഉദ്യോഗാർത്ഥികൾ സമരം കടുപ്പിച്ചത്.
570 ഒഴിവുകൾ എവിടെ
വിവരാവകാശ മറുപടിയിൽ 570 ഒഴിവുകളുണ്ടെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. 300തസ്തികയെങ്കിലും നിയമനത്തിന് ലഭിക്കേണ്ടതാണ്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയല്ലെന്നും സമരക്കാർ പറയുന്നു. 967പേരുടെ ലിസ്റ്റിൽ 337പേർക്കാണ് നിയമനം കിട്ടിയത്. 2022ൽ 757, 2023ൽ 815 പേർക്ക് വീതം നിയമനം കിട്ടിയിരുന്നു.
മൂന്നുലക്ഷം പേരെഴുതിയ പരീക്ഷയും ഫിസിക്കലും പാസായിവന്ന ഞങ്ങളെങ്ങനെയാണ് അർഹതയില്ലാത്തവരായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
അമൃത കെ.ആർ, കണ്ണൂർ
ഉദ്യോഗാർത്ഥി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |