നീലേശ്വരം: വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നതോടെ പുഴകൾ കേന്ദ്രീകരിച്ചുള്ള കയാക്കിംഗ് കേന്ദ്രങ്ങളുടെ എണ്ണത്തിലും വർദ്ധനവ്. സ്വകാര്യ ഏജൻസികളാണ് ഇതിൽ മിക്കതും. കയാക്കിംഗ് നടത്തുന്ന പുഴകളിലെ ആഴമോ, പുഴയിലെ ഒഴുക്കോ തിരിച്ചറിയാതെ ഇറങ്ങുന്നവർ ഏതുസമയത്തും ദുരന്തത്തിൽ പെടാവുന്ന തരത്തിലാണ് ഇവയിൽ പല കയാക്കിംഗ് പാർക്കുകളുടേയും നടത്തിപ്പ്.
വിനോദ സഞ്ചാര വകുപ്പിന് പോലും എവിടെയെല്ലാം കയാക്കിംഗ് നടത്തുന്നുണ്ടെന്നത് സംബന്ധിച്ച് നിലവിൽ കൃത്യമായ വിവരമില്ല. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ലാഭം മാത്രം മുന്നിൽ കണ്ടാണ് ഇവയിൽ പലതിന്റെയും നടത്തിപ്പ്.
ഇത്തരം കയാക്കിംഗ് അപകടം ക്ഷണിച്ച് വരുന്നതിന്ന് മുമ്പെ തന്നെ ടൂറിസം വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇടപെടൽ നടത്താൻ തയ്യാറാകണമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
രജിസ്ട്രേഷൻ നിർബന്ധം
സ്വകാര്യ വ്യക്തികൾക്കോ ഏജൻസികൾക്കോ കയാക്കിംഗ് തുടങ്ങണമെങ്കിൽ ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വെഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്നാണ് വ്യവസ്ഥയുണ്ട്.സൊസൈറ്റിയുടെ ശുപാർശ ഉണ്ടെങ്കിൽ മാത്രമെ കയാക്കിംഗ് സെൻറർ തുടങ്ങാനാവുകയുള്ളു.കൂടാതെ കയാക്കിംഗ് സെന്ററുകളിൽ ഗോവ ആസ്ഥാനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ നിന്ന് ട്രെയിനിംഗ് കോഴ്സ് സർട്ടിഫിക്കറ്റ് കഴിഞ്ഞ ട്രെയിനർമാരുടെ സേവനം ഉണ്ടായിരിക്കണം. ഇതിന് പുറമെ ലൈഫ് സേവിംഗ് ടെക്‌നിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
നിബന്ധനകൾ വേറെയും
കയാക്കിംഗ് നടത്തുന്നതിന് ഐ.എസ്.ഐ മാർക്കോടെയുള്ള ചെറിയ ബോട്ട്
ബോട്ടിനും അനുബന്ധ ഉപകരണങ്ങൾക്കും ഇൻഷ്വറൻസ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള എൻ.ഒ.സി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |