തിരുവനന്തപുരം : ചരക്ക് നീക്കം സുഗമമാക്കാനും റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും കേരള പ`ലീസിന്റെ ട്രാഫിക് ആന്റ് റോഡ് സേഫ്ടി മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 84 കേസുകൾ രജിസ്റ്റർ ചെയ്തു. 32.49 ലക്ഷം രൂപ പിഴയായി ഈടാക്കി. ഏപ്രിൽ 8 മുതൽ 14 വരെ ഏഴ് ദിവസം നീണ്ട പരിശോധനാ കാലയളവിൽ 40,791 വാഹനങ്ങൾ പരിശോധിക്കുകയും 10,227 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു.
സംസ്ഥാന പാതകളിൽ 3760, ദേശീയ പാതകളിൽ 2973, മറ്റ് പാതകളിൽ 3494 എന്ന രീതിയിലാണ് നിയമലംഘനങ്ങൾ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അശ്രദ്ധമായ ഡ്രൈവിംഗിനും അമിത വേഗതക്കും 1211 പേർക്കും അനധികൃത പാർക്കിംഗിന് 6685 പേർക്കും പിഴ ചുമത്തി.
ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്ന ഹെവി വാഹനങ്ങൾ ഏറ്റവും കൂടുതൽ സഞ്ചരിക്കുന്ന പാതകൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടന്നത്. ട്രാഫിക് ആൻഡ് റോഡ് സേഫ്ടി മാനേജ്‌മെന്റ് ഐ.ജി എസ്.കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശപ്രകാരം ട്രാഫിക് നോർത്ത് സോൺ, സൗത്ത് സോൺ എസ്.പി മാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തിയത്. ഇത്തരം പരിശോധനകൾ തുടർന്നും നടത്തി റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഐ.ജി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |