കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ബി.ജെ.പി ഭീഷണി നേരിടാൻ കരുത്തുള്ള പ്രസ്ഥാനമാണ് കോൺഗ്രസെന്ന് കെ.മുരളീധരൻ. കാലുകുത്താൻ വിടില്ല എന്ന ഭീഷണി നമുക്ക് കാണാം. അങ്ങനെ നോക്കിയാൽ ഒരു ബി.ജെ.പി നേതാക്കന്മാരും മര്യാദയ്ക്ക് നടക്കില്ലെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട്ടെ പുതിയ ഡി.സി.സി ഓഫീസ് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കോഴിക്കോട് ഡി.സി.സി ഓഫീസ് ഉദ്ഘാടനത്തിലെ ഉന്തും തള്ളും ജനങ്ങൾക്കിടയിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നേതൃത്വം ഇടപെടുമെന്നും ഡി.സി.സി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുക്കാത്തത് വിവാദമാക്കേണ്ട, എത്താതിരുന്നത് അസുഖം കാരണമാണെന്നും പറഞ്ഞു.ക്രൈസ്തവരോട് കേരളത്തിന് പുറത്ത് അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരാണ് ബി.ജെ.പി. മുനമ്പത്ത് കേന്ദ്രമന്ത്രി വന്നതോടെ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലാണവർ. മുഖ്യമന്ത്രി സ്ത്രീത്വത്തെക്കുറിച്ച് കൂടുതൽ വാചാലനാവുമ്പോൾ
51 വെട്ടേറ്റ് കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരൻ മരിച്ചുകിടക്കുന്നത് കാണേണ്ടിവന്ന അമ്മയും ഒരു സ്ത്രീയാണെന്ന് മറക്കരുതെന്നും മുരളീധരൻ പറഞ്ഞു.
എ.ഐ ക്യാമറ പിഴ: നോട്ടീസ് നൽകി തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളിലെ എ.ഐ ക്യാമറകൾ പിഴയിട്ട വാഹനമുടമകൾക്ക് നോട്ടീസയച്ചു തുടങ്ങി. സാങ്കേതിക കാരണങ്ങൾ കുറച്ച് നാളായി കൃത്യമായി നോട്ടീസ് അയച്ചിരുന്നില്ല. ഇത് പരിഹരിച്ചു. ഇതു വരെ 50 ലക്ഷം നോട്ടീസുകളാണ് അയച്ചത്. 170 കോടി രൂപയാണ് ലഭിച്ച പിഴത്തുക. 2023ൽ 4080 പേർ റോഡപകടത്തിൽ മരിച്ചു. 2024ൽ 3774 ആയി കുറഞ്ഞു. 2023ൽ 48,091 അപകടങ്ങളുണ്ടായപ്പോൾ 2024ൽ ഇത് 48,919 ആയി.
ജൈവവൈവിധ്യ പഠനോത്സവവും ക്വിസ് മത്സരവും
തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലയിലെ അടിമാലിയിൽ ഹരിതകേരളം മിഷൻ യു.എൻ.ഡി.പി പദ്ധയിലുൾപ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണിത്. ജൈവവൈവിധ്യത്തെ കുറിച്ചുള്ള അവബോധം കുട്ടികളിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് പഠനോത്സവവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നത്. 25ന് ബ്ലോക്കുതലത്തിലും 29ന് ജില്ലാതലത്തിലും സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ചാണ് മേയ് 16 മുതൽ മൂന്നു ദിവസം അടിമാലിയിലും മൂന്നാറിലുമായി പഠനോത്സവ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 7,8,9 ക്ലാസുകളിലേക്കെത്തുന്ന വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഹരിതകേരളം മിഷൻ ജില്ലാ ഓഫീസ്,റിസോഴ്സ് പേഴ്സൺമാർ വഴി മത്സരം സംബന്ധിച്ച വിശദവിവരങ്ങൾ അറിയാനാവും. ഓൺലൈനിലൂടെ രജിസ്ട്രേഷൻ നടത്താം. വിവരങ്ങൾക്ക് 9496100303, 9539123878
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |