തിരുവല്ല : ആഴമേറിയ ദൈവത്തിന്റെ ആത്മമഹസിലേക്ക് എത്തിച്ചേരാനുള്ള കൈവഴികളാണ് ഗുരുദേവകൃതികളും ഗുരുവിന്റെ ദർശനവുമെന്ന് കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 16-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഒരു മനുഷ്യന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ വിജയത്തിനായി ശിവഗിരി തീർത്ഥാടനത്തിന് എട്ട് നിർദ്ദേശങ്ങൾ ഗുരുദേവൻ ഉദ്‌ബോധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
ആന്റോ ആന്റണി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ സംഘടനാ സന്ദേശം നൽകി. യൂണിയൻ അഡ്‌മിനിസ്ട്രേറ്ററും കൺവെൻഷന്റെ ജനറൽ കൺവീനറുമായ സന്തോഷ് ശാന്തി, കൺവെൻഷൻ വർക്കിംഗ് ചെയർമാൻ സന്തോഷ് ഐക്കരപ്പറമ്പിൽ, യു.ഡി.എഫ്. ജില്ലാചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ, സ്വാഗതസംഘം കൺവീനർ അഡ്വ.അനീഷ് വി.എസ്, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ അനീഷ് ആനന്ദ്, യൂണിയൻ എംപ്ലോയീസ് ഫോറം കൺവീനർ സന്തോഷ് എസ്, വൈദികയോഗം സെക്രട്ടറി സുജിത്ത് ശാന്തി എന്നിവർ പ്രസംഗിച്ചു. സി.കേശവൻ മേഖല പ്രസിഡന്റ് ശിവൻ മടക്കൽ സ്വാഗതവും കൺവീനർ സുധീഷ്.ഡി നന്ദിയും പറഞ്ഞു.ബിബിൻഷാൻ, സൗമ്യ അനിരുദ്ധൻ എന്നിവർ പ്രഭാഷണം നടത്തി.
പഞ്ചഭൂത സംരക്ഷണം ഗുരുദേവൻ ലക്ഷ്യമിട്ടു
ഗുരുദേവകൃതികൾ പഞ്ചഭൂത സംരക്ഷണം എന്ന തത്വത്തിലധിഷ്ഠിതമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഭാഷാസമിതിയംഗം അനിൽ വലിയുഴത്തിൽ പറഞ്ഞു. പ്രകൃതിയിലെ ജൈവവൈവിദ്ധ്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭൂമി,ജലം,വായു,അഗ്നി,ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ സംരക്ഷണം മാനവരാശിയുടെ നിലനിൽപ്പിന്റെ ആധാരമാണ്. ഭൂമിയിലെ സകലചരാചരങ്ങളുടെയും നിലനിൽപ്പാണ് ഗുരുദേവൻ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
കൺവെൻഷൻ നഗറിൽ ഇന്ന്
രാവിലെ 9ന് ശാന്തിഹവനം, വിശ്വശാന്തി പ്രാർത്ഥന. 10ന് യോഗം ദേവസ്വംസെക്രട്ടറി അരയക്കണ്ടി സന്തോഷ് കൺവെൻഷന്റെ മൂന്നാംദിന സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി ശിവബോധാനന്ദ ഭദ്രദീപ പ്രകാശനം നടത്തും. പ്രമോദ് നാരായൺ എം.എൽ.എ വിശിഷ്ടാതിഥിയാകും. ആർ.ശങ്കർ മേഖല ചെയർമാൻ അഡ്വ.ജയൻ പി.ഡി സ്വാഗതവും കൺവീനർ രാജേഷ് തമ്പി നന്ദിയും പറയും. തുടർന്ന് മഹാഗുരുവിന്റെ ദർശനാനുഭൂതി എന്ന വിഷയത്തിൽ ശ്രീനാരായണഗുരു അന്തർദ്ദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ.എം.എ സിദ്ധിഖ്, ഗുരുവിന്റെ സുബ്രഹ്മണ്യ സ്തോത്രങ്ങൾ എന്ന വിഷയത്തിൽ നിമിഷ ജബിലാഷ് കോട്ടയം, ഗുരുദർശനമൂല്യം കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ വി.കെ.സുരേഷ് ബാബു എന്നിവർ പ്രഭാഷണം നടത്തും. വൈകിട്ട് വിവിധ കലാപരിപാടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |