പലിശ കുറയുമ്പോഴും ലാഭം കൂടുന്നു
കൊച്ചി: പലിശ, പലിശ ഇതര വരുമാനത്തിലെ കുതിപ്പിന്റെ കരുത്തിൽ രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കുകളുടെ അറ്റാദായത്തിൽ മികച്ച വളർച്ച. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ മുൻനിര ബാങ്കുകളായ എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ അറ്റാദായത്തിൽ മികച്ച വളർച്ചയാണുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന ത്രൈമാസക്കാലയളവിൽ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അറ്റാദായം മുൻവർഷത്തേക്കാൾ 6.7 ശതമാനം ഉയർന്ന് 17,616 കോടി രൂപയിലെത്തി. അവലോകന കാലയളവിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം 10.31 ശതമാനം ഉയർന്ന് 32,070 കോടി രൂപയായി.
രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റാദായം മാർച്ച് പാദത്തിൽ 18 ശതമാനം വളർച്ചയോടെ 12,630 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം ഇക്കാലയളവിൽ 11 ശതമാനം ഉയർന്ന് 21,193 കോടി രൂപയായി. യെസ് ബാങ്കിന്റെ അറ്റാദായം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 63.3 ശതമാനം ഉയർന്ന് 738.1 കോടി രൂപയിലെത്തി.
വരുമാനം കുറയുന്നു
നടപ്പു സാമ്പത്തിക വർഷത്തെ അവസാന ത്രൈമാസക്കാലയളവിൽ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വരുമാനം മുൻവർഷം ഇതേകാലയളവിലെ 47,240 കോടി രൂപയിൽ നിന്ന് 44,090 കോടി രൂപയായി. പലിശ ഇതര വരുമാനം 12,030 കോടി രൂപയാണ്. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വരുമാനം അവലോകന കാലയളവിൽ നേരിയ തോതിൽ വർദ്ധിച്ചു. യെസ് ബാങ്കിന്റെ വരുമാനത്തിലും ഇക്കാലയളവിൽ കുറവുണ്ടായി.
ആസ്‌തിമേന്മ കുറയുന്നു
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ കിട്ടാക്കടങ്ങൾ ഗണ്യമായി കൂടുന്നതാണ് ആശങ്ക സൃഷ്‌ടിക്കുന്നത്. ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി മുൻവർഷം 1.24 ശതമാനമായിരുന്നത് ഇത്തവണ 1.33 ശതമാനമായി ഉയർന്നു. അതേസമയം ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റ കിട്ടാക്കടം 0.42 ശതമാനത്തിൽ നിന്ന് 0.39 ശതമാനമായി കുറഞ്ഞു. യെസ് ബാങ്കിന്റെ കിട്ടാക്കടം 0.5 ശതമാനത്തിൽ നിന്ന് 0.3 ശതമാനമായി താഴ്ന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |