ഡൽഹിയെ കീഴടക്കി ഗുജറാത്ത് ഒന്നാമത്, ജോസ് ബട്ട്‌ലർ കളിയിലെ താരം
അഹമ്മദാബാദ്: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഇംഗ്ലീഷ് താരം ജോസ് ബട്ട്ലർ മുന്നിൽ നിന്ന് നയിച്ച ചേസിംഗിലൂടെ ഡൽഹി ക്യാപിറ്റൽസിനെ 7 വിക്കറ്റിന് കീഴടക്കി ഗുജറാത്ത് ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 203 റൺസ് നേടി. മറുപടിക്കിറങ്ങിയ ഗുജറാത്ത് 54 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന ജോസ് ബട്ട്റുടെ ബാറ്റിംഗിന്റെ പിൻബലത്തിൽ 4 പന്ത് ശേഷിക്കെ വിജയലക്ഷ്യത്തിലെത്തി. വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം പുറത്തെടുത്ത ബട്ട്‌ലർ തന്നെയാണ് കളിയിലെ താരം. ജയത്തോടെ പോയിന്റ് ടേബിളിൽ ഡൽഹിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും ഗുജറാത്തിനായി. ഡൽഹിയുടെ സീസണിലെ രണ്ടാം തോൽവിയാണിത്. ഇരുടീമിനും 7 മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് വീതമാണെങ്കിലും നെറ്റ് റൺറേറ്റിൽ ഗുജറാത്ത് ഡൽഹിയെ മറികടക്കുകയായിരുന്നു.
ഇരുന്നൂറിന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്തിന് ക്യാപ്‌ടൻ ശുഭ്‌മാൻ ഗില്ലിനെ (7) റണ്ണൗട്ടിനറെ രൂപത്തിൽ തുടക്കത്തിലേ നഷ്ടമായി. മൂന്നാമനായെത്തിയ ജോസ് സായ്‌സുദർശനൊപ്പം (36) 60 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചു. സുദർശനെ ട്രിസ്റ്റൻ സ്റ്റബ്‌സിന്റെ കൈയിൽ എത്തിച്ച് കുൽദീപാണ് കൂട്ടുകെട്ട് പൊളിച്ചത്. പകരമെത്തിയ ഇംപാക്‌ട് പ്ലെയർ ഷെർഫേൻ റുതർഫോർഡിനൊപ്പം (34 പന്തിൽ 43) ബട്ട്‌ലർ ഗുജറാത്തിനെ വിജയവഴിയിൽ എത്തിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും 119 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. വിജയത്തിനരികെ റുതർഫോർഡിനെ മുകേഷ് കുമാർ പുറത്താക്കയെങ്കിലും തുടർന്നെത്തിയ രാഹുൽ തെവാത്തിയ (3 പന്തിൽ 11) തകർപ്പൻ ഫിനിഷിംഗിലൂടെ ഗുജറാത്തിന്റെ ജയമുറപ്പിച്ചു. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ 10 റൺസ് വേണമായിരുന്നു. ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ ഫോറും നേടി തെവാത്തിയ ഗുജറാത്തിനെ വിജയ തീരത്തെത്തിച്ചു. അർഹിച്ച സെഞ്ച്വറിക്ക് 3 റൺസ് അകലെ ജോസ് പുറത്താകാതെ നിന്നു.11 ഫോറും 4 സിക്സും ഉൾപ്പെട്ടതാണ് ജോസിന്റെ ഇന്നിംഗ്‌സ്.
നേരത്തെ ആരും അർദ്ധ സെഞ്ച്വറി നേടിയില്ലെങ്കിലും മുൻനിരയിലെയും മദ്ധ്യനിരയിലേയും ബാറ്റർമാർ ഭേദപ്പെട്ട പ്രകടനം നടത്തിയതിനാലാണ് ഡൽഹിയുടെ സ്കോർ 200 കടന്നത്. ക്യാപ്‌ടൻ അക്ഷർ പട്ടേൽ (39), അഷുതോഷ് ശർമ്മ (19 പന്തിൽ 37), സ്റ്റബ്‌സ് (31), കരുൺ നായർ (18 പന്തിൽ 31), കെ.എൽ രാഹുൽ (14 പന്തിൽ 28),അഭിഷേക് പോറൽ (9 പന്തിൽ 18) എന്നവരെല്ലാം നിർണായക സംഭാവന നൽകി.ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്‌ണ 4 വിക്കറ്റ് വീഴ്‌ത്തി.
ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ 200 സിക്‌സുകൾ തികയ്‌ക്കുന്ന താരമായി കെ.എൽ രാഹുൽ. 129 ഇന്നിംഗ്‌സുകളിൽ നിന്നാണ് രാഹുൽ 200 സിക്സ് തികച്ചത്. സഞ്ജു സാംസണിന്റെ പേരിലുണ്ടായിരുന്ന റെക്കാഡാണ് (159 ഇന്നിംഗസുകൾ) രാഹുൽ തിരുത്തിയത്.
119- മൂന്നാം വിക്കറ്റിൽ ഗുജറാത്തിന്റെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ബട്ട്‌ലറും റുതർഫോർഡും ഉണ്ടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |