കൊച്ചി: കോതമംഗലം സർവീസ് സഹകരണ ബാങ്കിലെ സീനിയർ ക്ലാർക്കായി ജോലിയിലിരിക്കെ എസ്. സതീഷിന് പാർട്ടിയുടെ നിർദ്ദേശമെത്തി. 'ജോലി ഉപേക്ഷിക്കണം, സജീവ പാർട്ടി പ്രവർത്തകനാകണം...' നിർദ്ദേശം ശിരസാവഹിച്ച സതീഷിനെ തേടി ഇന്നലെ പുതുനിയോഗം. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി.
പാർട്ടി വലിയ ഉത്തരവാദിത്വമാണ് ഏൽപ്പിച്ചതെന്നും ആത്മാർത്ഥതയോടെ ചുമതല നിർവഹിക്കുമെന്നും സതീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഘടനാപരമായി ജില്ലയിൽ പാർട്ടിക്ക് അടിത്തറയുണ്ട്. കൂടുതൽ ജനകീയമാക്കും. യുവാക്കളുടെ ഐക്യത്തെ പാർട്ടിയെ വളർത്താൻ ഉപയോഗപ്പെടുത്തും. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. യുവജനസംഘടനാ രംഗത്ത് യൂണിറ്റ് ഭാരവാഹി മുതൽ അഖിലേന്ത്യാതലത്തിൽ വരെ പ്രവർത്തിച്ച് അനുഭവ പരിചയമുണ്ട്. ഇത് കൈമുതലാക്കി പുതിയകാല സാഹചര്യങ്ങൾക്കനുസരിച്ച് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് എസ്. സതീഷ് പറഞ്ഞു.
ഡി.വൈ.എഫ്.ഐ പത്താം അഖിലേന്ത്യാ സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായി. നിരവധി സമരങ്ങളിൽ ഭാഗമാവുകയും പൊലീസ് മർദ്ദനത്തിന് ഇരയാവുകയും ചെയ്തു. അയ്യങ്കാവിൽ വിരിപ്പേലി മറ്റത്തിൽ വീട്ടിൽ ശശിധരൻ, ലളിതാ ശശിധരൻ എന്നിവരാണ് മാതാപിതാക്കൾ. കോതമംഗലം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി ആര്യയാണ് ഭാര്യ. എട്ടാം ക്ലാസ് വിദ്യാർത്ഥി വൈഗ, ഒന്നാം ക്ലാസ് വിദ്യാർത്ഥി നദിയ എന്നിവരാണ് മക്കൾ.
പഠനകാലം മുതൽ സജീവം
കോതമംഗലം അയ്യൻകാവിൽ ഇടത്തരം കർഷകകുടുംബത്തിൽ ജനിച്ച സതീഷ് എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. 1995ൽ ഡി.വൈ.എഫ്.ഐ അംഗത്വം. പ്രീഡിഗ്രിക്ക് വിദ്യാർത്ഥിയായിരിക്കെ ഡി.വൈ.എഫ്.ഐ വായനശാലപ്പടി യൂണിറ്റ് കമ്മിറ്റി സെക്രട്ടറി. പിന്നീട് പാർട്ടി അംഗത്വത്തിലേക്കും ബ്രാഞ്ച് സെക്രട്ടറിയിലേക്കും ഉയർന്നു. മുനിസിപ്പൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം, കോതമംഗലം ഏരിയ കമ്മിറ്റി അംഗം, എറണാകുളം ജില്ലാ കമ്മിറ്റി അംഗം എന്ന നിലയിൽ പ്രവർത്തിച്ചു. എറണാകുളം സംസ്ഥാന സമ്മേളനത്തിലാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അപ്പോൾ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |