ഒറ്റപ്പാലം: കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി ഒറ്റപ്പാലം പാലാട്ട് തറവാട്ടിൽ സന്ദർശനം നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ മലയാളി ദേശീയ പ്രസിഡന്റായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ ഒറ്റപ്പാലത്തെ തറവാടാണ് പാലാട്ട് ഹൗസ്. കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര മന്ത്രിയുടെ അപ്രതീക്ഷിത സൗഹൃദസന്ദർശനം. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ചേറ്റൂരിന്റെ ഭവനം സന്ദർശിക്കുന്നതെന്ന സൂചനയും സുരേഷ് ഗോപി നൽകി. ഹരിയാനയിൽ നടന്ന ഒരു ചടങ്ങിൽ ചേറ്റൂർ ശങ്കരൻ നായർ രാജ്യത്തിന് നൽകിയ സംഭാവനകളെ ഓർമ്മിക്കണമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചിരുന്നു. ചേറ്റൂർ ശങ്കരൻ നായരുടെ ദൗഹിത്രി മാലതിനായർ, ഇവരുടെ മകൾ ജാനകി നായർ, അടുത്ത ബന്ധുക്കൾ എന്നിവരുമായി സുരേഷ് ഗോപി സൗഹൃദ സംഭാഷണം നടത്തി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ. വെസ്റ്റ് ഈസ്റ്റ് ജില്ലാ പ്രസിഡന്റുമാരായ പി.വേണുഗോപാൽ, പ്രശാന്ത് ശിവൻ, ജില്ല ജനറൽ സെക്രട്ടറി എ.കെ.ഓമനക്കുട്ടൻ, മദ്ധ്യമേഖല സെക്രട്ടറി ടി.ശങ്കരൻകുട്ടി, എ.സരൂപ്, പി.ജയരാജ്, പി.രവിന്ദ്രൻ, ഹരിപട്ടിക്കര എന്നിവർ സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു. പി. വേണുഗോപാലൻ ഷാൾ അണിയിച്ച് സുരേഷ് ഗോപിയെ സ്വീകരിച്ചു. പാലക്കാട് ചന്ദ്രനഗറിലുളള ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായരുടെ വസതിയും സുരേഷ് ഗോപി സന്ദർശിച്ചു. ചേറ്റൂർ ശങ്കരൻ നായരെ കോൺഗ്രസ് അവഗണിക്കുകയാണെന്ന ചേറ്റൂരിന്റെ കുടുംബം പരാതി ഉയർത്തുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ സന്ദർശനം. മങ്കരയിൽ ഭാരതപ്പുഴയുടെ തീരത്ത് ചേറ്റൂരിന്റെ സ്മൃതികുടീരം സംരക്ഷിക്കപ്പെടാതെ കിടക്കുന്നതിലും അമർഷമുണ്ട്. ഏപ്രിൽ 24ന് ചേറ്റൂർ അനുസ്മരണം നടത്താനുള്ള ബി.ജെ.പി തീരുമാനവും കോൺഗ്രസിനെ വെട്ടിലാക്കുന്നതാണ്. ചേറ്റൂരിന്റെ ജീവിതം പറയുന്ന അക്ഷയ് കുമാർ നായകനായ കേസരി ചാപ്റ്റർ 2 പ്രദർശനത്തിന് എത്തിയതും ശ്രദ്ധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |