നിരന്തരം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഒന്നാണ് തൊഴിൽ മേഖല. വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഓരോകാലത്തും തൊഴിലിലും തൊഴിൽ മേഖലകളിലും മാറ്റങ്ങൾ വന്നുകൊണ്ടേയിരിക്കും.
തൊഴിൽമേഖലയിലെ ഭീഷണി
പുതിയകാലത്ത് തൊഴിൽമേഖലയിൽ അതിവേഗം കടന്നുവന്നുകൊണ്ടിരിക്കുന്ന മനുഷ്യപ്രയത്നം കുറയ്‌ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന ഓട്ടോമേഷൻ, എഐ സാങ്കേതികവിദ്യ എന്നിവ ഇന്ത്യയിൽ തൊഴിലെടുക്കുന്നവർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പുതിയ വിദഗ്ദ്ധ പഠനമനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം തൊഴിൽമേഖലയിൽ ബുദ്ധിമുട്ടാൻ പോകുന്നത് പാവപ്പെട്ടവരല്ല പകരം മദ്ധ്യവർഗ ജോലിക്കാരാണ്.
ഇന്ത്യൻ മദ്ധ്യവർഗത്തിന്റെ ഘടന
ചെറിയൊരു കുടുംബം, അത് നയിക്കാനാവശ്യമായ വരുമാനമേകുന്ന ജോലി, സ്വന്തമായൊരു വാഹനം എന്നിവയൊക്കെ അടങ്ങിയതാണ് മിക്ക ഇന്ത്യൻ മദ്ധ്യവർഗത്തിന്റെയും ഘടന. സ്ഥിരമോ കരാറടിസ്ഥാനത്തിലോ ജോലി നോക്കുന്ന ഇവർ പ്രതിവർഷം അഞ്ച് ലക്ഷം രൂപ മുതൽ 30 ലക്ഷം വരെ സമ്പാദിക്കുന്നവരാണ് എന്നാണ് ദി പീപ്പിൾ റിസർച്ച് ഓൺ ഇന്ത്യാസ് കൺസ്യൂമർ ഇക്കോണോമി (പ്രൈസ്) നൽകുന്ന വിവരം.
മദ്ധ്യവർഗം ഇല്ലാതാകും
വിപണി വിദഗ്ദ്ധനായ സൗരഭ് മുഖർജെയുടെ അഭിപ്രായത്തിൽ ഇന്ത്യയിൽ മദ്ധ്യവർഗ ജീവനക്കാർ ഉടനെ ഇല്ലാതാകും എന്ന് തീർച്ചയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ഇന്ത്യ പുതിയൊരു സാമ്പത്തിക ഘട്ടത്തിലേക്ക് പ്രവേശിച്ചതായാണ് മാർസെലസ് ഇൻവെസ്‌റ്റ്മെന്റ് മാനേജേഴ്‌സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ മുഖർജെ പറയുന്നത്. ഒരു മൂല്യവത്തായ മാർഗമായി കാണുന്ന ശമ്പളം നൽകുന്ന ജോലി ക്രമേണ ഇല്ലാതാകുമെന്നാണ് മുഖർജെ പ്രതീക്ഷിക്കുന്നത്.
'ഈ ദശകത്തിലെ തൊഴിൽമേഖലയിൽ നിർവചിക്കാൻ കഴിയുന്ന സ്വഭാവം ശമ്പളം നൽകുന്ന തൊഴിലിന്റെ അവസാനമാണ്. വിദ്യാഭ്യാസമുള്ള കഠിനാധ്വാനികളും ദൃഢനിശ്ചയവുമുള്ള ആളുകളുടെ വരുമാന മാർഗം എന്നനിലയിലുള്ള ഇപ്പോഴത്തെ ശമ്പളമുള്ള തൊഴിൽ വൈകാതെ അവസാനിക്കും.' ഒരു പോഡ്‌കാസ്‌റ്റിൽ സംസാരിക്കവെയാണ് മുഖർജെ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ഇന്ത്യൻ മദ്ധ്യവർഗം നിർമ്മിച്ച തൊഴിൽ രീതിയായ ഒരു സ്ഥാപനത്തിന് വേണ്ടി 30 കൊല്ലത്തോളം തൊഴിലെടുക്കുക ഇനി സ്ഥിരമല്ല.' മുഖർജെ പറയുന്നു.
മൂന്നിലൊന്നും ചെയ്യുന്നത് എഐ
കഠിനാധ്വാനികളായ ഇത്തരം ആളുകൾക്ക് പകരം ആ സ്ഥാനങ്ങളിൽ ഓട്ടോമേഷനും എഐയും സ്ഥാനംപിടിക്കുമെന്ന് മുഖർജെ സൂചന നൽകുന്നു. വൈറ്റ്‌കോളർ ജോലികളിൽ പലതും ഇപ്പോൾ ചെയ്യുന്നത് മദ്ധ്യവർഗമാണ്. ഇന്ത്യയിൽ മൂന്നിലൊന്ന് ജോലി ചെയ്യുന്നവർ മദ്ധ്യവർഗക്കാരാണ്. ഇനി വൈറ്റ്‌കോളർ ജോലി ചെയ്യുന്നതിൽ ഭൂരിഭാഗവും എഐ ആകും. 'തങ്ങളുടെ ജോലിയിൽ മൂന്നിലൊന്ന് ചെയ്യുന്നത് എഐ ആണെന്ന് ഗൂഗിൾ തന്നെ പറയുന്നു. ഇന്ത്യയിൽ ഐടി, മാദ്ധ്യമമേഖല, സാമ്പത്തിക മേഖല എന്നിവയിൽ വൈകാതെ എഐ കൈകടത്തും.' മുഖർജെ സൂചിപ്പിക്കുന്നു.
സാങ്കേതികവിദ്യയിലും അനുഭവപരിചയത്തിലും പ്രാധാന്യം കൽപ്പിക്കുന്ന മിഡ് ലെവൽ തൊഴിൽമേഖല ഇല്ലാതാകുന്ന അവസ്ഥയിലാണ്. സാങ്കേതികവിദ്യയുടെ വളർച്ചയാണ് കാരണം. എന്നാൽ 'ജാം ത്രയം'-ജൻധൻ, ആധാർ, മൊബൈൽ എന്നിവ വരുംകാലത്ത് വ്യവസായം ആരംഭിക്കുന്നവരെ സഹായിക്കും എന്നും മുഖർജെ ചൂണ്ടിക്കാട്ടുന്നു.
റിസ്‌കെടുക്കാൻ തയ്യാറാകണം
ഇന്ത്യൻ മദ്ധ്യവർഗ തൊഴിലുകാരുടെ കുടുംബങ്ങൾക്കും സൗരഭ് മുഖർജെ ഒരു ഉപദേശം നൽകുന്നുണ്ട്. 'നമ്മുടെയെല്ലാം മദ്ധ്യവർഗ കുടുംബങ്ങൾ കുട്ടികളെ തൊഴിലന്വേഷിക്കുന്നവരായി മാറ്റുന്നത് നിർത്തണം. ഭാവിയിൽ അത്തരം തൊഴിലുകളുണ്ടാകില്ല.' എന്നാൽ അതിൽ ആശങ്കപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യരുതെന്നും ഭാവിയിൽ തൊഴിൽസ്ഥാപനങ്ങളിലെ മാനേജർമാരുടെ വിളിവരാൻ കുട്ടികൾ കാത്തിരിക്കുന്നതിന് പകരം റിസ്‌കെടുത്ത് പുതിയൊരു ലോകം കെട്ടിപ്പടുക്കുന്നവരുടെ കാലമാകും വരികയെന്നാണ് സൗരഭ് മുഖർജെ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |