മൃതദേഹങ്ങളോടുള്ള അനാദരവ് തുടരുന്നതായി ആക്ഷേപം പ്രതിഷേധഭൂമിയായി ശ്മശാനഭൂമി
കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള പയ്യാമ്പലം പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കാനുള്ള വിറക് തീർന്നതിനെ തുടർന്ന് ഇന്നലെ സംസ്കാരം വൈകി. പതിനൊന്നു മണിയോടെ പയ്യാമ്പലത്ത് മൃതദേഹവുമായി എത്തിയവർ വിറകില്ലാത്തതിനെ തുടർന്ന് ഒരുമണിക്കൂറിൽ അധികമാണ് കാത്ത് കിടന്നത്. ഒരുമാസം മുന്നേയാണ് ചിരട്ട ഇല്ലാത്തതിനാൽ മണിക്കൂറുകളോളം മൃതദേഹങ്ങളുമായി എത്തിയവർ കാത്തിരിക്കേണ്ടി വന്നത്. പിന്നീട് വിടുകളിൽ നിന്ന് ചിരട്ട ശേഖരിച്ചാണ് അന്ന് മൃതദേഹങ്ങൾ ദഹിപ്പിച്ചത്.
ചിരട്ടക്ഷാമം നേരിട്ട സമയത്ത് വലിയ പ്രതിഷേധം കോർപ്പറേഷനെതിരെ ഉയർന്നിരുന്നു. ആ സംഭവനത്തിന് ശേഷം ഇന്നലെ ശ്മശാനഭൂമി വീണ്ടും പ്രതിഷേധ ഭൂമിയായി. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് നേതാക്കൾ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയെ ഉൾപ്പെടെ ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചു. സ്ഥലത്തെത്തിയ ബി.ജെ.പി പ്രതിനിധികളും കോർപ്പറേഷൻ സെക്രട്ടറിയും തമ്മിൽ വാക്കേറ്റവുമുണ്ടായി. വിഷയങ്ങൾക്കൊടുവിൽ ഒരു വണ്ടിയിൽ വിറകുകൾ എത്തിച്ചാണ് സംസ്കാരം നടത്തിയത്. മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ഉപയോഗിക്കുന്ന വിറകല്ല ഇതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കോർപ്പറേഷന്റെ അനാസ്ഥയും ടെൻഡർ വിളിക്കാത്തതുമാണ് ഈ വിധ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പ്രതിപക്ഷവും ജനങ്ങളും പറയുന്നത്.
അത് അസഹനീയ കാഴ്ച
വിറക് ഇല്ലാത്തതിനെ തുടർന്ന് മൃതദേഹവുമായി എത്തി കാത്തുകെട്ടി കിടക്കേണ്ടിവന്ന വൈകാരികമായ കാഴ്ചയ്ക്കാണ് ഇന്നലെയും പയ്യാമ്പലം സാക്ഷ്യംവഹിച്ചത്. പൊള്ളുന്ന ചൂടിൽ തന്റെ അച്ഛന്റെ മൃതദേഹവുമായി ആംബുലൻസിൽ ഉരുകിയൊലിച്ച് നിന്ന മകൻ വലിയ സങ്കടമാണ് കൂടെ വന്നവരിൽ ഉണ്ടാക്കിയത്.
വിറക് ക്ഷാമമെന്ന് കോർപ്പറേഷൻ.
നേരത്തെ ചിരട്ട ക്ഷാമമെന്ന് പറഞ്ഞ് ശ്മശാനപ്രശ്നത്തിൽ നിന്ന് തടിതപ്പിയ കോർപറേഷൻ ഇന്നലത്തെ സംഭവത്തിൽ വിറക് ക്ഷാമമെന്ന വിശദീകരണമാണ് നൽകിയത്. ടെൻഡർ കാലാവധി കഴിഞ്ഞ ശേഷം പുതിയ ടെൻഡർ വിളിക്കാതെ പഴയ കരാറുകാരന് തന്നെ നാല് രൂപ നിരക്കിൽ ടെൻഡർ പുതുക്കി നൽകിയെന്നും വിവരമുണ്ട്.ഏറെ വൈകാരികമായ ഈ വിഷയത്തെ ഗൗരവമായി കണ്ട് ശ്വാശ്വത പരിഹാരം കാണണമെന്ന് ഇതിനകം അഭിപ്രായമുയർന്നിട്ടുണ്ട്.എന്നാൽ പ്രശ്നമുണ്ടായതിന് ശേഷം ഉത്തരവാദിത്തപ്പെട്ട മേയറോ ഡെപ്യൂട്ടി മേയറോ പോലും ഇടപെട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. താൽക്കാലിക പരിഹാരം കണ്ട് തടിതപ്പുന്ന പതിവ് വലിയ പ്രതിഷേധത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്നാണ് പ്രതിപക്ഷ കൗൺസിലർമാർ അടക്കമുള്ളവർ ചൂണ്ടിക്കാണിക്കുന്നത്.
എവിടേയും കേട്ടു കേൾവി പോലുമില്ലാത്ത സംഭവങ്ങളാണ് കണ്ണൂർ കോർപ്പറേഷനിൽ നടക്കുന്നത്.കെടുകാര്യസ്ഥതയുടേയും അഴിമതിയുടേയും കേന്ദ്രമായി കോർപറേഷൻ മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. വിറക് ഇറക്കുകയെന്നത് ഏറ്റവും നിസ്സാരമായ കാര്യമാണ് അത് പോലും ചെയ്യാതെ പ്രതിസന്ധി ഉണ്ടാക്കുന്നത് മറ്റെന്തെങ്കിലും അജണ്ടയുടെ ഭാഗമായാണോ എന്ന് പരിശോധിക്കണമെന്ന ആവശ്യം മന്ത്രിയെ അറിയിച്ചിട്ടുണ്ട്.- കെ.കെ രാഗേഷ് സി.പി.എം ജില്ല സെക്രട്ടറി
വന്നിട്ടുള്ള വിറക് സംസ്കാരത്തിന് യോഗ്യമായതല്ല. കോർപ്പറേഷൻ ഇതിന് പരിഹാരം കാണണം. തികഞ്ഞ അനാസ്ഥയാണ് കോർപ്പറേഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ആളുകൾ പ്രശ്നമുണ്ടാക്കുമ്പോൾ മാത്രമാണ് താത്കാലികമായി വിറക് കൊണ്ടുവരുന്നത്. ഈ ഭരകൂടത്തിനെതിരെ ഉദ്യോഗസ്ഥ മേധാവിത്വത്തിെതിരെ ബി.ജെ.പി ശക്തമായ പ്രക്ഷോഭം നടത്തും -കെ.കെ വിനോദ് കുമാർ ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ല പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |