പയ്യന്നൂർ:പെറ്റു പോറ്റിയ മാതാവിനേയും മക്കൾക്ക് വേണ്ടി ആരോഗ്യവും ജീവിതവും ബലി കഴിച്ചവശനായ പിതാവിനേയും നിർദ്ദയം തലയറുത്തു കൊല്ലുന്നത് പതിവായ വർത്തമാനകാലത്ത് കഥകൾകൊണ്ട് പുതുതലമുറയുടെ കണ്ണ് തുറപ്പിക്കുന്ന വിൽക്കലാമേള കഥകളുമായി ഡോ.ആർ.സി കരിപ്പത്ത് വീണ്ടും. കൊവിഡ് കാലം തീർത്ത നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്റെ പതിനാറാമത്തെ കഥയാണ് പയ്യന്നൂർ സെൻട്രൽ ആർട്സ് രംഗഭാഷ്യം തീർക്കുന്ന കരിപ്പത്തിന്റെ "അമ്മമനസ് " എന്ന കഥ.
ആശയങ്ങളുടെ ഗാംഭീര്യവും തീവ്രതയും ഒട്ടും ചോർന്ന് പോകാതെ നർമ്മരസവും വൈകാരികതയും ഉൾച്ചേർത്ത 'ഡ്രാമാറ്റിക് വിൽകലാമേള'യിലൂടെയാണ് കരിപ്പത്ത് മാസ്റ്റർ അമ്മ മനസും വടക്കെ മലബാറിന്റെ ഇഷ്ടദൈവമായ ശ്രീമുത്തപ്പന്റെ കഥയും അവതരിപ്പിച്ചിരിക്കുന്നത്. കഥയും കവിതയും പാട്ടും നാടകവുമെല്ലാം തരാതരത്തിൽ കടന്നുവരുന്നതാണ് ഡ്രാമിറ്റിക് വിൽ കലാമേളയുടെ രീതി .അന്നൂർ പീപ്പിൾസ് ആർട്സ് ക്ലബ്ബിന്റെ വിഷു ആഘോഷത്തോടനുബന്ധിച്ച് അന്നൂരിലായിരുന്നു അമ്മമനസിന്റെ ആദ്യ അവതരണം.
ആറ്റുനോറ്റു കിട്ടിയ മകനെ വാത്സല്യഭാജനമായി വളർത്തി അവൻ വലുതാകുമ്പോൾ വൃദ്ധ മാതാപിതാക്കളെ നിഷ്‌ക്കരുണം പെരുവഴിയിലും അമ്പലനടയിലും ഉപേക്ഷിക്കുന്ന പുതിയ കാലത്തിന്റെ സാക്ഷ്യമാണ് അമ്മ മനസ്സ് .. സഹതപിക്കാനും സ്‌നേഹിക്കാനും പഠിക്കാതെ ക്രൂരത കാട്ടാൻ മടിയില്ലാത്തവരായി വളരുന്ന പുതിയ കുട്ടികളെയാണ് വിൽക്കലാമേള തുറന്നുകാട്ടുന്നത്. ലഹരിയുടെ അടിമകളായി കുട്ടികൾ മാറുന്നതോടെ പത്തുവർഷത്തിനപ്പുറം കുടുംബ സങ്കല്പം ആകെ മാറിയെന്ന് കരിപ്പത്ത് ഈ കലാസൃഷ്ടിയിലൂടെ ഓർമ്മപ്പെടുത്തുന്നു.
നായാടി കിട്ടിയതും കാട്ടു വിഭവങ്ങളും ഭയപ്പെടുത്തി പിടിച്ചെടുക്കുന്ന പ്രയാട്ടുകര തമ്പുരാന്റെ മുഖത്ത് നോക്കി വേലക്കു കൂലി വേണമെന്ന് ചോദിക്കുവാൻ ധൈര്യം നൽകുന്ന നാവില്ലാത്തടിയാന്മാർക്ക് നാവു നൽകി വിശപ്പകറ്റിയ ശ്രീമുത്തപ്പനെ കുറിച്ചാണ് രണ്ടാമത്തെ കഥ.
രവി ഏഴോം ആണ് കഥയ്ക്ക് രംഗഭാഷ്യം ഒരുക്കുന്നത്. സംഗീതം എം.പി.രാഘവൻ. രാജേഷ് ബാബുവാണ് ഗായകൻ. തായിനേരി അശോകൻ, മുരളി, ദാമോദരൻ, പ്രിയ ശശി തുടങ്ങിയവരാണ് രംഗത്ത്.
അതിമനോഹരം ആഖ്യാനം
വില്ലിന്റെ അമരത്തിരുന്ന് ഗൗരവമായി കഥ പറയുന്ന ആശാൻ.ഇരു കൊമ്പത്തിരിക്കുന്ന രണ്ട് വിദൂഷകരുടെ മർമ്മത്തിൽ കൊള്ളുന്ന നർമ്മം. സാന്ദർഭികമായി വരുന്ന സംഭവങ്ങളെ നാടക രൂപത്തിൽ രംഗത്ത് അവതരിപ്പിക്കുന്നതാണ് ഡ്രമാറ്റിക്ക് വിൽക്കലാമേളയുടെ രീതി.
ലഹരി എന്ന വിപത്തിനെയും അതുണ്ടാക്കുന്ന ദുരന്തഫലങ്ങളെയും ഒരു കുടുംബ പശ്ചാത്തലത്തിൽ നിന്ന് വളരെ ഭംഗിയായി പ്രേക്ഷക മനസ്സിലേക്ക് സന്നിവേശിപ്പിക്കുകയാണ് വിൽകലാമേളയിലൂടെ ഇതിലെ കലാകാരൻമാരും അണിയറ ശിൽപികളും ചെയ്തിട്ടുള്ളത്. രണ്ടു സൃഷ്ടികൾക്കും വൻ സ്വീകാര്യതയാണ് കാണികളിൽ നിന്ന് ലഭിക്കുന്നത്-ഡോ.
ഡോ.ആർ.സി.കരിപ്പത്ത്
തെയ്യപ്രപഞ്ചത്തിന്റെ കഥാകാരൻ
വടക്കെമലബാറിന്റെ സവിശേഷ നൃത്ത ആരാധനാ രൂപമായ തെയ്യത്തെ ആഴത്തിൽ പഠിച്ച ഗവേഷകനാണ് ഡോ.ആർ.സി കരിപ്പത്ത്. വ്യത്യസ്തമായ ഐതിഹ്യവും ആറ്റവും തോറ്റവുമടങ്ങുന്ന തെയ്യപ്രപഞ്ചത്തെക്കുറിച്ച് ഒരെ സമയം ഗഹനവും ലളിതവുമായി വിശദീകരിക്കുന്ന കരിപ്പത്തിന്റെ തെയ്യപ്രപഞ്ചം എന്ന ഗവേഷണഗ്രന്ഥം ഈ മേഖലയിലെ അടിസ്ഥാനഗ്രന്ഥമായി പരിഗണിക്കപ്പെടുന്ന ഒന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |