മലയാളികൾക്ക് എന്നും ആഘോഷമാണ് ഓണക്കാലം. ഓണപ്പൂക്കളവും മാവേലിയും എല്ലാം നിറഞ്ഞൊരാഘോഷം. ഇവയിൽ ഏറെ പ്രധാനം ഓണസദ്യതന്നെ. സദ്യകളിൽ വ്യത്യസ്തമാണ് ആറന്മുള വള്ളസദ്യ. ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ സദ്യയായാണ് ആറന്മുള വള്ള സദ്യ അറിയപ്പെടുന്നത്. വിശ്വാസവും ഐതിഹ്യങ്ങളും ഇഴ ചേർന്നു കിടക്കുന്ന ആറന്മുള ക്ഷേത്രവും ഇവിടുത്തെ വള്ളസദ്യയും ലോക പ്രസിദ്ധമാണ്. അറുപതിലധികം വിഭവങ്ങളാണ് ഇവിടുത്തെ സദ്യയ്ക്ക് ലഭിക്കുക. നിരവധിപ്പേരാണ് ഓണസദ്യ കഴിക്കാനായി മാത്രം ഇവിടെ എത്തിച്ചേരുന്നത്.
64 വള്ളസദ്യ വിഭവങ്ങൾ
1 ചോറ്, 2, പരിപ്പ്, 3. പപ്പടം. 4. നെയ്യ്, 5. അവിയൽ, 6 സാമ്പാർ, 7 തോരൻ, 8 പച്ചടി, 9 കിച്ചടി, 10 നാരങ്ങ, 11 ഇഞ്ചി, 12 കടുമാങ്ങ, 13 ഉപ്പുമാങ്ങ, 14 ആറന്മുള എരിശേരി, 15 കാളൻ, 16 ഓലൻ, 17 രസം, 18 മോര്, 19 അടപ്രഥമൻ, 20 പാൽപ്പായസം, 21 പഴം പ്രഥമൻ, 22 കടലപ്രഥമൻ, 23 ഏത്തയ്ക്ക ഉപ്പേരി, 24 ചേമ്പ് ഉപ്പേരി, 25 ചേന ഉപ്പേരി, 26 ശർക്കര പുരട്ടി, 27 സ്റ്റൂ, 28 കാളിപ്പഴം, 29 ഏള്ളുണ്ട, 30 പരിപ്പുവട, 31 ഉണ്ണിയപ്പം, 32 കൽക്കണ്ടം, 33 ശർക്കര, 34 പഞ്ചസാര, 35 ഉണക്ക മുന്തിരിങ്ങ, 36 കരിമ്പ്, 37 മെഴുക്ക് പുരട്ടി, 38 ചമ്മന്തിപ്പൊടി, 39 നെല്ലിക്ക അച്ചാർ, 40 ഇഞ്ചിത്തൈര്, 41 പഴം നുറുക്ക്, 42 ജീരകവെള്ളം, 43 അവൽ, 44 മലർ. എന്നിവയാണ് വള്ളസദ്യയുടെ സാധാരണ വിഭവങ്ങൾ.
കൂടാതെ വഞ്ചിപ്പാട്ട് പോലെ തന്നെ വള്ളസദ്യപ്പാട്ടുകളിലൂടെ പാടി ചോദിക്കുന്ന നിശ്ചിത വിഭവങ്ങളുമുണ്ട്. 1 പഞ്ചസാര, 2 വെണ്ണ, 3 കാളിപ്പഴം, 4 കദളിപ്പഴം, 5 പൂവമ്പഴം, 6 തേൻ, 7 ചുക്കുവെള്ളം, 8 ചീരത്തോരൻ, 9 മടന്തയില തോരൻ, 10 തകരയില തോരൻ, 11 വഴുതനങ്ങ മെഴുക്ക് പുരട്ടി, 12 അമ്പഴങ്ങ, 13 ഉപ്പുമാങ്ങ, 14 പഴുത്തമാങ്ങക്കറി, 15 പാളത്തൈര്, 16 ഇഞ്ചിത്തൈർ, 17 വെള്ളിക്കിണ്ടിയിൽ പാൽ, 18, അടനേദ്യം, 19 ഉണക്കലരിച്ചോറ്, 20 പമ്പാതീർഥം എന്നിവയാണ് പാടി ചോദിക്കുന്ന വള്ളസദ്യവിഭവങ്ങൾ.
വിളമ്പുകാരിൽ നിന്നും ഓരോ വിഭവങ്ങളും പാട്ടും പാടി ചോദിച്ചു വാങ്ങുന്ന രീതിയാണ് ഇവിടെയുള്ളത്. ആദ്യം ഇലയിൽ 48 വിഭവങ്ങൾ കാണും. അതിനു ശേഷമുള്ള വിഭവങ്ങളാണ് പാട്ടുംപാടി ചോദിച്ചു വാങ്ങുന്നത്. വള്ളപ്പാട്ടിന്റെ ഈണത്തിൽ ചോദിക്കുന്ന വിഭവങ്ങൾ ഇല്ല എന്നു പറയുവാൻ പാടില്ലെന്നും വിശ്വാസമുണ്ട്.
എല്ലാ വർഷവും കർക്കിടകം 15 മുതൽ കന്നി 15 വരെയാണ് ആറന്മുള വള്ളസദ്യ നടക്കുന്നത്. ഈ വർഷത്തെ വള്ളസദ്യ അവസാനിക്കുന്നത് ഒക്ടോബർ രണ്ടിനാണ്. എന്നാൽ വള്ളസദ്യ കഴിക്കാൻ ചില ചട്ടങ്ങളുണ്ട്. നേരേ പോയി വള്ളസദ്യ കഴിക്കാം എന്നു വിചാരിച്ചാൽ അത് നടക്കണമെന്നില്ല. ബന്ധപ്പെട്ട ആളുകളിൽ നിന്നും പാസ് ലഭിച്ചാൽ മാത്രം വള്ളസദ്യ കഴിക്കാൻ കയറാം. പള്ളിയോട സേവാ സംഘത്തിന്റെ പക്കൽ നിന്നും അതാത് ദിവസത്തെ നേർച്ച നടത്തുന്നവരിൽ നിന്നും പാസുകൾ ലഭിക്കും.
എത്തിച്ചേരാൻ
പത്തനംതിട്ട ജില്ലയിൽ പമ്പാ നദിയുടെ തീരത്തായാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കര-കോഴഞ്ചേരി ഹൈവേ വഴി വരുമ്പോൾ പാർത്ഥ സാരഥി ക്ഷേത്രം ബസ് സ്റ്റോപ്പിലിറങ്ങിയാൽ 170 മീറ്റർ ദൂരം നടന്നാൽ മതിയാവും. ചങ്ങനാശേരി-തിരുവല്ല-ചെങ്ങന്നൂര്‍ വഴിയും ക്ഷേത്രത്തിലെത്താം. ചെങ്ങന്നൂരിൽ നിന്നും 13 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇവിടേക്ക് 8.8 കിലോമീറ്റർ ദൂരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |