കൊല്ലം: കോവളം- ബേക്കൽ ജലപാതയിൽ തിരുവനന്തപുരത്തെ ആക്കുളം മുതൽ തൃശൂരിലെ ചേറ്റുവ വരെയുള്ള 288 കി. മീറ്റർ ഗതാഗത യോഗ്യമാകാൻ ഇനിയും വേണം നാലു മാസം. വർക്കല ടണൽ അടക്കമുള്ള ചുരുക്കം സ്ഥലങ്ങളിലെ ആഴംകൂട്ടലും അവസാനഘട്ട മിനുക്കുപണികളും നീണ്ടതാണ് പ്രതിസന്ധിയായത്.
മണ്ണ് സംഭരിക്കാൻ ഇടം ലഭിക്കാത്തതിനാൽ വർക്കല ടണലിന്റെ ഇരുവശങ്ങളിലെയും വീതികൂട്ടൽ മന്ദഗതിയിലാണ്. കഠിനംകുളത്ത് പുത്തൻതുറ മുതൽ അനക്കപ്പിള്ള വരെ 3.5 കി.മീറ്റർ ദൂരത്തെ ആഴം കൂട്ടലും വീതി വർദ്ധിപ്പിക്കലും ഇതേ വിഷയത്തിൽ കുടുങ്ങി. ആലപ്പുഴ തൃക്കുന്നപ്പുഴയിൽ കായലിൽ നിന്ന് ഉപ്പുവെള്ളം കയറാതിരിക്കാനുള്ള നാവിഗേഷൻ ലോക്കിന്റെ നിർമ്മാണം 80 ശതമാനംവരെ എത്തി നിൽക്കുന്നു. പരവൂർ കായൽ മുതൽ കൊല്ലത്ത് അഷ്ടമുടിക്കായൽ വരെയുള്ള ഭാഗത്തെ നവീകരണവും പൂർത്തിയാകാനുണ്ട്. ശേഷിക്കുന്ന പ്രവൃത്തികൾ ജൂണിൽ പൂർത്തിയാക്കി ജൂലായിൽ ആക്കുളം മുതൽ ചേറ്റുവ വരെ അവസാനഘട്ട ശുചീകരണം നടത്തിയ ശേഷം ഗതാഗതം ആരംഭിക്കാനാണ് ആലോചന.
ഗതാഗത യോഗ്യമാകുന്ന ഭാഗങ്ങളിൽ സർവീസ് നടത്താൻ ടൂറിസം വകുപ്പ്, ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ, വിവിധ ഡി.ടി.പി.സികൾ എന്നിവയുമായി വൈകാതെ ചർച്ച നടക്കും. വെസ്റ്റ് കോസ്റ്റ് കനാലിൽ കോവളം- ആക്കുളം, ചേറ്റുവ- ബേക്കൽ എന്നീ ഭാഗങ്ങൾ രണ്ടാംഘട്ടമായി ഗതാഗതത്തിന് തുറക്കും.
നവീകരണം ആരംഭിച്ചത് 2006ൽ
ധനകാര്യ കമ്മിഷൻ 225 കോടി ഗ്രാന്റ് അനുവദിച്ചു
ഗ്രാന്റ് ഫലപ്രദമായി വിനിയോഗിച്ചില്ല
2018ൽ നവീകരണം പുനരാരംഭിച്ചു
ആക്കുളം- കൊല്ലം സംസ്ഥാന ജലപാത
25 മീറ്റർ വീതി, 1.7 മുതൽ 2 മീറ്റർ വരെ ആഴം
കൊല്ലം- ചേറ്റുവ ദേശീയ ജലപാത
32 മുതൽ 45 മീറ്റർ വരെ വീതി, 2.2 മീറ്റർ ആഴം
ജൂലായിൽ നവീകരണം പൂർത്തിയാകും. ആഗസ്റ്റിൽ ഗതാഗതം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ
ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |