SignIn
Kerala Kaumudi Online
Saturday, 26 July 2025 5.18 PM IST

മഹത്വമേ... പ്രണാമം

Increase Font Size Decrease Font Size Print Page
d

ക്രിസ്തുദേവന്റെ സ്നേഹസന്ദേശം ജീവിതസന്ദേശമാക്കിയ മഹാപുരുഷനാണ് ഫ്രാൻസിസ് മാർപാപ്പ. കേവലം ഒരു മതാചാര്യനായി പ്രവർത്തിക്കുന്നതിലുപരി ആ മതദർശനത്തെ പ്രായോഗികരൂപമാക്കുന്നതിലാണ് അദ്ദേഹത്തിന്റെ മഹിമ കുടികൊള്ളുന്നത്. ഗുരുദേവകല്പനപ്രകാരം സംഘടിപ്പിച്ച സർവമത മഹാസമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം സംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയെ പരിചയപ്പെട്ടപ്പോൾ അദ്ദേഹം സ്നേഹദർശനത്തിന്റെ ആൾരൂപമാണെന്ന് അനുഭവിച്ചറിഞ്ഞു. സ്നേഹത്തിന്റെ ഈശ്വര സ്വരൂപമാണ് യേശുക്രിസ്തു. 'ഞാൻ ദൈവത്തെ സ്നേഹിക്കുന്നു. ദൈവം എന്നെ സ്നേഹിക്കുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ എന്നെ സ്നേഹിക്കുന്നു. അതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ" എന്നരുളി സ്നേഹത്തിന്റേതായ സ്വർഗരാജ്യം സ്ഥാപിക്കാനാണ് ക്രിസ്തുദേവൻ ശ്രമിച്ചത്. മാർപാപ്പയെ യേശുക്രിസ്തുവിന്റെ പ്രതിപുരുഷനായാണ് ലോകം നമിക്കുന്നത്. സനാതനമായ സ്നേഹം, ധർമ്മം, സാഹോദര്യം, ജ്ഞാനം തുടങ്ങിയ മൂല്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ കേന്ദ്രീകരിച്ചായിരിക്കും ഓരോ ഗുരുക്കന്മാരും പ്രവർത്തിക്കുക. ആ ഗുരുക്കന്മാരുടെ ഉപദേശസാരം മതമായി രൂപപ്പെടുന്നു. ഇപ്രകാരം സ്നേഹമെന്ന മൂല്യത്തിൽ കേന്ദ്രീകരിച്ച് ആരംഭിച്ച ക്രൈസ്തവ മതത്തെ സംബന്ധിച്ച് ലോകത്തിന്റെ പരമാചാര്യനാണ് വിശുദ്ധ ഫ്രാൻസിസ് മാർപാപ്പ.

 നവ്യാനുഭവമായി

ലോകമത പാർലമെന്റ്

2024 നവംബർ 29, 30, ഡിസംബർ 1 തീയതികളിൽ വത്തിക്കാനിൽ നടന്ന ലോകമത പാർലമെന്റിൽ പങ്കെടുത്ത ശിവഗിരി മഠത്തിലെ സന്യാസിമാരെ ഗുരുദേവന്റെ പ്രതീകമായി കണ്ട് മാർപാപ്പ സ്വീകരിച്ചു. ഗുരുഭക്തന്മാരായ മതപ്രതിനിധികളോട് സ്നേഹവാത്സല്യത്തോടെ പെരുമാറി. ലോകമതപാർലമെന്റിൽ പങ്കെടുത്ത 160 പ്രതിനിധികൾക്കും അതൊരു നവ്യാനുഭവമായി. റവ. ഫാദർ ജോർജുകൂവക്കാടാണ് മാർപാപ്പയോട് ശിവഗിരിയെക്കുറിച്ചും ഗുരുദേവനെക്കുറിച്ചും ആലുവ സർവമത സമ്മേളനത്തെക്കുറിച്ചും വിശദീകരിച്ചത്. 30ന് രാവിലെ 10ന് മാർപാപ്പയുടെ അരമനയിൽ വച്ചായിരുന്നു പ്രധാന സമ്മേളനം. ശുഭാംഗാനന്ദസ്വാമിയും ഋതംഭരാനന്ദസ്വാമിയും ഉൾപ്പെടെയുള്ള സന്യാസിമാരും കമ്മിറ്റി ഭാരവാഹികളും വത്തിക്കാനിലെ 20 പ്രതിനിധികളടക്കം ഞങ്ങൾ 180 പേർ മാർപാപ്പയുടെ ആഗമനം പ്രതീക്ഷിച്ച് അദ്ദേഹത്തിന്റെ അരമനയിൽ കാത്തിരുന്നു. സമയം 9.50 ആയപ്പോൾ പരിശുശ്രൂഷകരോട് കൂടി ഹാളിലെത്തിയ ഫ്രാൻസിസ് മാർപാപ്പയെ ഞങ്ങളെയെല്ലാം അഭിവാദനം ചെയ്തു. എല്ലാവരേയും ദൃഷ്ടികൊണ്ടും പാണികളെക്കൊണ്ടും ആശീർവദിച്ചതിനുശേഷം മാർപാപ്പ ഉപവിഷ്ടനായി. കൃത്യം പത്തിന് മാർപാപ്പ പ്രസംഗമാരംഭിച്ചു. അത് എഴുതി അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ കോപ്പിയും അവിടെ വിതരണം ചെയ്തു.

 മഹാമനുഷ്യൻ

ഗുരുദേവ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ മഹാസംഭവമാണ് വത്തിക്കാൻ ലോകമത പാർലമെന്റ്.

അരമണിക്കൂർ നേരത്തെ പ്രസംഗത്തിൽ മാർപാപ്പ ശ്രീനാരായണ ഗുരുദേവനേയും ഗുരുദേവ ദർശനത്തേയും കുറിച്ച് ആഴത്തിലും ശാസ്ത്രീയമായും പ്രതിപാദിച്ചു. 'ശ്രീനാരായണഗുരു സ്വജീവിതം മനുഷ്യർക്കായി സമർപ്പിച്ചു. മതഭേദമില്ലാതെ എല്ലാവരേയും തുല്യമായി കണ്ട് ലോകം ഒരു തറവാടാണെന്ന് ഉദ്ബോധിപ്പിച്ചു. ലോകസമാധാനത്തിന് ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും ഏറെ പ്രയോജനകരമാണ്" എന്ന് മാർപാപ്പ പ്രസംഗത്തിൽ പറഞ്ഞു. വലിയൊരു മഹാമനുഷ്യന്റെ സാന്നിദ്ധ്യമാണ് ഞങ്ങളവിടെ അനുഭവിച്ചത്. യാതൊരുവിധ ഭാവപകർച്ചയും കണ്ടില്ല. അത്രയും വിനയവാനായിരുന്നു അദ്ദേഹം. സാധാരണ ഇങ്ങനെ ഒരു സന്ദേശം നൽകിക്കഴിഞ്ഞാൽ ഏതൊരു മഹാനും വേദിവിട്ടുപോവുകയാണ് പതിവ്. എന്നാൽ അഭിവന്ദ്യനായ ഫ്രാൻസിസ് മാർപാപ്പ അവിടെയിരുന്ന് എല്ലാവർക്കും ദർശനം നൽകിയും കൈകൂപ്പിയും ഹസ്തദാനം ചെയ്തും അനുഗ്രഹം നല്‍കുവാൻ കാരുണ്യം കാട്ടി. ഉപഹാരങ്ങൾ സാദരം സ്വീകരിച്ചു. പലരുടേയും കുശലപൂർവമായ ചോദ്യങ്ങൾക്ക് മറുപടി ചൊരിഞ്ഞു.

 ശിവഗിരിയിലേക്ക് ക്ഷണിച്ചു

ശിവഗിരി മഠത്തിന്റേതായി നൽകിയ ഗുരുസൂക്തങ്ങളടങ്ങിയ ഉപഹാരം അദ്ദേഹം അത്യാദരവോടെ സ്വീകരിച്ചു. മാർപാപ്പയെ ശിവഗിരിയിലേക്ക് സ്വാഗതം ചെയ്ത് ക്ഷണിച്ചപ്പോൾ 'അടുത്ത വർഷം വരാം" എന്ന് സ്നേഹപൂർവം സമ്മതിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചപ്പോൾ അടുത്ത വർഷം എത്തുമെന്നു തീരുമാനിച്ചത് പത്രങ്ങളിൽ വായിച്ചിരുന്നു. അതുപ്രകാരമാകാം ഇപ്രകാരം സമ്മതിച്ചതെന്ന് ഞങ്ങൾ മനസിലാക്കി. ശിവഗിരിയുടെ ക്ഷണം സ്വീകരിച്ച് മറുപടി നൽകാൻ ആ വലിയ മനസ് തയ്യാറായി. അതാണ് ശരി. അതാണ് മഹത്വം.

 സ്നേഹമൂർത്തി

ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദസ്വാമി ശിവഗിരി മഹാസമാധി മന്ദിരത്തിന്റെയും ഗുരുദേവന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത മഞ്ഞഷാൾ അദ്ദേഹത്തെ പുതപ്പിച്ചു. ഈ മഞ്ഞ ഷാളിന്റെ അർത്ഥം മാർപാപ്പ ചോദിച്ചറിയുകയും വേദി വിട്ട് പോകുന്നതുവരെ അത് തോളിൽ അണിയുകയും ചെയ്തു. വീരേശ്വരാനന്ദ സ്വാമികൾ സമർപ്പിച്ച ഗുരുദേവന്റെ ലോഹത്തിലുള്ള വിഗ്രഹമടങ്ങിയ ഉപഹാരം നന്നായി നോക്കിക്കണ്ടാണ് അദ്ദേഹം സ്വീകരിച്ചത്. ഓരോ വ്യക്തികളും നൽകിയ ഷാളുകളും മറ്റ് ഉപഹാരങ്ങളും വാങ്ങാൻ മാർപാപ്പ വാത്സല്യം കാട്ടി. ഹൃദയാലുവായ മാർപാപ്പ മറ്റൊന്നിനു കൂടി സ്വയം തീരുമാനമെടുത്തത് ഏവരേയും അത്ഭുതപ്പെടുത്തി. ഊന്നുവടിയുടെ സഹായത്തോടെ അദ്ദേഹം നടന്ന് സദസ്യർ ഇരിക്കുന്ന ഭാഗത്തേക്ക് വരികയും അവിടെ വച്ച് ഫോട്ടോയെടുക്കാൻ തയ്യാറാവുകയും ചെയ്തു. ഞങ്ങൾ സന്യാസിമാർ മുൻവരിയിലായിരുന്നു. ഞങ്ങളുടെ മദ്ധ്യഭാഗത്ത് മുൻവരിയിലെ കസേരയിൽ അദ്ദേഹം ഉപവിഷ്ടനായി. ചടങ്ങുകൾ കഴിഞ്ഞതോടെ അദ്ദേഹം മെല്ലെ മെല്ലെ ഹാൾ വിട്ട് സ്വന്തം വസതിയിലേക്ക് നീങ്ങി. സാധാരണ മാർപാപ്പ ആഴ്ചയിൽ10 മിനിട്ട് നേരം മാത്രമേ ജനങ്ങൾക്ക് ദർശനം നൽകുകയുള്ളൂ. ശിവഗിരിയോടും ഗുരുദേവനോടും സർവമത സമ്മേളനത്തോടും ആദരവ് കാട്ടി രണ്ടുമണിക്കൂർ നേരം ആ പുണ്യ ചരിതൻ ഞങ്ങളോടൊപ്പം സമയം ചെലവഴിച്ചു. ഞങ്ങൾ വത്തിക്കാൻ വിട്ടുപോന്നതിനു ശേഷം ഞങ്ങളെല്ലാം സന്തോഷപൂർവമാണോ മടങ്ങിയതെന്ന് അന്വേഷിക്കാൻ ആ ഉചിതജ്ഞൻ മറന്നില്ല എന്ന് കൂവക്കാട്ടച്ചൻ പറയുകയുണ്ടായി.

 ലോകത്തിന് മാതൃക

ശ്രീനാരായണഗുരുദേവ മഹത്വവും ദർശനവും ഉൾക്കൊണ്ട് മാർപാപ്പയുടെ പ്രസംഗം ലോകമാദ്ധ്യമങ്ങളിൽ അച്ചടിച്ചു വന്നു. ലോകജനതയ്ക്ക് പല മതസാരവുമേകം എന്ന ദർശനം ഉൾക്കൊള്ളാനായി. ഒരൊറ്റ ലോകം ഒരൊറ്റ ജനത ഒരൊറ്റ നീതി എന്ന ശ്രീനാരായണ സന്ദേശസാരത്തിന്റെ അലകൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ മാറ്റൊലി കൊണ്ടു. സമത്വ ദർശനത്തിന്റെ സന്ദേശവാഹകനായിത്തീരാൻ അദ്ദേഹത്തിന് സാധിച്ചു. ഏവരേയും സമത്വപൂർണമായി കാണുന്ന ഒരു മഹത് വ്യക്തിയാണ് അഭിവന്ദ്യനായ ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാൻ രാഷ്ട്രത്തിന്റെ തലവനും ലോക ക്രൈസ്തവ ജനതയുടെ പരമാചാര്യനുമായി വിരാജിക്കുന്ന അഭിവന്ദ്യനായ ഫ്രാൻസിസ് മാർപാപ്പ ലോകജനതയ്ക്ക് മാതൃകയാണ്.

മാർപാപ്പ അസുഖബാധിതനായി എന്നറിഞ്ഞപ്പോൾ അദ്ദേഹം രോഗവിമോചിതനായി എത്രയും വേഗം സുഖം പ്രാപിക്കാൻ ശിവഗിരി മഠത്തിലെ സന്യാസിമാരും ബ്രഹ്മചാരികളും പ്രാർത്ഥന നടത്തുകയുണ്ടായി. മാർപ്പാപ്പ ഏവർക്കും ആഹ്ളാദം പകർന്ന് സജീവമായി മടങ്ങിയെത്തുകയും ചെയ്തു. ഈസ്റ്റർ ദിനത്തിൽ വിശ്വാസികളെ ആശീർവദിച്ചശേഷമാണ് അദ്ദേഹം വിടവാങ്ങിയത്. അക്ഷരാർത്ഥത്തിൽ ഗുരുദേവൻ പറഞ്ഞ 'പരമേശ പവിത്രപുത്രന്റെ " സ്വന്തം പ്രതിനിധിയാണ് മാർപാപ്പ.

മഹത്വമേ... പ്രണാമം.

TAGS: NEWS 360, WORLD, WORLD NEWS, POPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.