കൊച്ചി: മൃഗസംരക്ഷണ മേഖലയിൽ 3.24 ലക്ഷം ഗുണഭോക്താക്കൾക്ക് കുടുംബശ്രീ കൈത്താങ്ങായി. വിവിധ പദ്ധതികളുടെ ഭാഗമായാണ് ഗുണഭോക്താക്കൾക്ക് മികച്ച തൊഴിലും അതുവഴി സുസ്ഥിര വരുമാനവും ലഭിച്ചത്. കെ-ലിഫ്റ്റ് ഉപജീവന ക്യാമ്പയിന്റെ ഭാഗമായി തൊഴിൽ ലഭിച്ച 1,00,825 കുടുംബങ്ങളും ഇതിൽ ഉൾപ്പെടും.
കേരള ചിക്കൻ പദ്ധതി വഴി 357 കോടി രൂപയാണ് കുടുംബശ്രീ നേടിയത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 'കേരള ചിക്കൻ' എന്ന പേരിൽ ഫ്രോസൺ ഉത്പന്നങ്ങളുടെ വിപണനം ആരംഭിച്ചു. കഠിനംകുളത്ത് പ്രോസസിംഗ് പ്ലാന്റും പ്രവർത്തന സജ്ജമായി. എഴുനൂറോളം ഗുണഭോക്താക്കൾക്ക് വരുമാനം ലഭിക്കുന്നു.
വളർന്ന് പൗൾട്രി മേഖല
പൗൾട്രി മേഖലയിലും വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കുടുംബശ്രീയ്ക്കായി. 104 ഹാച്ചറികളും 76 മദർ യൂണിറ്റുകളും പ്രവർത്തനം ആരംഭിച്ചു. കോഴിയും കൂടും പദ്ധതി വഴി പൗൾട്രി യൂണിറ്റുകളെ എംപാനൽ ചെയ്ത് 623 കർഷകർ കുറഞ്ഞ നിരക്കിൽ മുട്ടക്കോഴി വളർത്തൽ ആരംഭിച്ചു.
ഉപജീവന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രാമീണ സി.ഡി.എസുകൾക്ക് 35.1 കോടി രൂപയും നഗര സി.ഡി.എസുകൾക്ക് 5.15 കോടി രൂപയും ഉൾപ്പെടെ 40.16 കോടി രൂപയാണ് കമ്മ്യൂണിറ്റി എന്റർപ്രൈസ് ഫണ്ട് ഇനത്തിൽ ലഭ്യമാക്കിയത്.
20,731 കന്നുകാലി വളർത്തൽ കർഷകർക്ക് ഉപജീവന പ്രവർത്തനങ്ങൾ ശക്തമാക്കി. കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് 401 പ്രൊഡ്യൂസർ ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനും പ്രവർത്തന മൂലധനത്തിനുമായി നാല് കോടി രൂപയും ധനസഹായമായി നൽകി. ക്ഷീരസാഗരം പദ്ധതി വഴി പശുവളർത്തൽ കർഷകർക്കും ആട് ഗ്രാമം പദ്ധതി വഴി ആട് വളർത്തൽ കർഷകർക്കും സബ്‌സിഡി ലഭ്യമാക്കിയിട്ടുണ്ട്.
കർഷകർക്ക് പരിശീലനം
മൃഗസംരക്ഷണ വകുപ്പും പ്രശസ്ത സ്ഥാപനങ്ങളും ചേർന്ന് കർഷകർക്ക് ആവശ്യമായ പരിശീലനം നൽകുന്നുണ്ട്. ഫീൽഡ് തലത്തിൽ കർഷകർക്ക് പിന്തുണ നൽകുന്നതിനായി 4,530 കമ്മ്യൂണിറ്റി അംഗങ്ങൾക്ക് പരിശീലനം നൽകി പശുസഖി സർട്ടിഫിക്കേഷൻ ലഭ്യമാക്കി. ഇതിൽ നിന്ന് 458 പശുസഖിമാർക്ക് എ. ഹെൽപ്പ് സർട്ടിഫിക്കേഷനും ലഭ്യമാക്കി. ഇവർ ഫീൽഡ് തലത്തിൽ കാർഷിക പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആവശ്യമായ പിന്തുണ നൽകും.
വനിതാ കർഷകർക്ക് മത്സ്യക്കൃഷിയിലും അനുബന്ധ മേഖലകളിലും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഫിഷറീസ് ക്ലസ്റ്ററുകളും തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |