തിരുവനന്തപുരം: സി.പി.ഐ ദേശീയ എക്സിക്യുട്ടീവ്, കൗൺസിൽ യോഗങ്ങൾ ഇന്ന് മുതൽ 25 വരെ എം.എൻ.സ്മാരകത്തിൽ നടക്കും. ഇരുപത്തിയഞ്ചാം പാർട്ടികോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയപ്രമേയത്തെക്കുറിച്ചുള്ള ചർച്ചയും തീരുമാനവും മുഖ്യ അജണ്ടയാകുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സ്വാഗതസംഘം ചെയർമാനായ മന്ത്രി ജി.ആർ.അനിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
10 വർഷത്തിന് ശേഷമാണു ദേശീയ കൗൺസിൽ കേരളത്തിൽ നടക്കുന്നത്. 23 നാണ് ദേശീയ എക്സിക്യുട്ടീവ് ചേരുന്നത്. സെപ്തംബറിൽ ചണ്ഡിഗഡിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ ഒരുക്കങ്ങളും മുഖ്യചർച്ചയാകും. പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ സി.അച്യുതമേനോന്റെ മ്യൂസിയത്തുള്ള പ്രതിമയിൽ 24 ന് രാവിലെ ദേശീയ കൗൺസിൽ അംഗങ്ങൾ പുഷ്പാർച്ചന നടത്തും. പാർട്ടിയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 4.30 ന് പൊതുസമ്മേളനവും സംഗീതസദസും നടക്കും. മോഡൽ സ്‌കൂളിന് മുന്നിൽ തയ്യാറാക്കിയ വേദിയിൽ പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. പാർട്ടിയുടെ മുൻകാല നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കും.
ഭരണഘടനയേയും മതനിരപേക്ഷതയേയും അട്ടിമറിക്കാനുള്ള ബി.ജെ.പി സർക്കാറിന്റെ ശ്രമങ്ങൾ ,ആവിഷ്‌കാര സ്വാതന്ത്യ്രത്തിനെതിരെയുള്ള സംഘപരിവാറിന്റെ കടന്നാക്രമണം എന്നിവ യോഗം ചർച്ചചെയ്യും. പാർട്ടി ചരിത്രം പുതുതലമുറയെ പഠിപ്പിക്കാനുള്ള പരിപാടികൾ ദേശീയ കൗൺസിൽ തയ്യാറാക്കും. സ്വാഗത സംഘം കൺവീനർ മാങ്കോട് രാധാകൃഷ്‌ണനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |