പയ്യന്നൂർ: സൗമ്യമായ ചിരിയുമായി നഗരത്തിലൂടെ പഴയ സൈക്കിളിൽ ഇരുവശത്തും കാണുന്നവരോട് ചിരിച്ച് എന്നും കടന്നു പോകുന്ന കെ.രാഘവൻ എന്ന പയ്യന്നൂരിന്റെ സ്വന്തം കെ.ആറിനെ ഇനി കാണില്ല. സൈക്കിളിൽ സഞ്ചരിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കെ.ആർ പയ്യന്നൂർ സി.പി.എമ്മിലെ ജനകീയ മുഖമായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായപ്പോഴും ജനസേവനത്തിനായി ഇറങ്ങിയ കെ.ആറിന് ഇനി ജനഹൃദയത്തിലായിരിക്കും സ്ഥാനം.
1968ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അദ്ദേഹം അംഗമായത്. കെ.എസ്.വൈ.എഫ് വില്ലേജ് ഭാരവാഹി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി, അവിഭക്ത പയ്യന്നൂർ ലോക്കൽ സെക്രട്ടറി എന്നീ നിലകളിലും മൂന്ന് പതിറ്റാണ്ട് സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു. ഗണേഷ് ബീഡി തൊഴിലാളിയായിരിക്കെ ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ് യൂണിയൻ രംഗത്ത് സജീവമാകുന്നത്. ബീഡി തൊഴിലാളി യൂണിയൻ, കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ, ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വമായി പ്രവർത്തിച്ച അദ്ദേഹം സി.ഐ.ടി.യു പയ്യന്നൂർ ഏരിയ പ്രസിഡന്റ് , വെള്ളൂർ ജനത ചാരിറ്റബിൾ സൊസൈറ്റി, കൈരളി ഹോട്ടൽ, പയ്യന്നൂർ ദിനേശ് ബീഡി സഹകരണ സംഘം എന്നിവയുടെ പ്രസിഡന്റ്, ദിനേശ് കേന്ദ്ര സംഘം ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. രണ്ട് തവണ നഗരസഭ കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായി പയ്യന്നൂരിന്റെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തി.
വാർത്തകളിൽ താരമായി കെ.ആറിന്റെ സൈക്കിളും
കെ.ആറിനൊപ്പം സന്തതസഹചാരിയായ സൈക്കിളും മിക്കപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ആറ് തവണയാണ് അദ്ദേഹം സൈക്കിളുകൾ വാങ്ങിയത്. അഞ്ചു തവണ കളവുപോയി .ഇതിൽ രണ്ടുതവണ ഉടമസ്ഥൻ ആരെന്നറിഞ്ഞ് മോഷ്ടാക്കൾ തന്നെ തിരിച്ചേൽപ്പിച്ചു.പ്രായമായിട്ടും കൃഷിയിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.ഭക്ഷ്യ സമരം,മിച്ച ഭൂമി സമരം , പയ്യന്നൂർ ഷണ്മുഖ പ്രസ് സമരം തുടങ്ങിയ സമരങ്ങളിൽ പങ്കെടുത്ത് ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.
അന്ത്യോപചാരമർപ്പിച്ച് നേതാക്കൾ
സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ നേതാക്കളായ അരക്കൻ ബാലൻ,പി.സന്തോഷ്, കെ.മനോഹരൻ,സി.കൃഷ്ണൻ, വി.നാരായണൻ, കെ.കെ.ഗംഗാധരൻ, എം. പ്രസാദ് എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി, സംഘടന നേതാക്കളായ എം.പ്രകാശൻ, പി. പുരുഷോത്തമൻ, വി.പി.പി. മുസ്തഫ, സി.എൻ.ചന്ദ്രൻ, എം.സുരേന്ദ്രൻ, കെ.കുഞ്ഞിരാമൻ, കെ.കെ.ജയപ്രകാശ്, കെ.വി.ബാബു, വി.കുഞ്ഞികൃഷ്ണൻ, പി.ശശിധരൻ, പി.വി.കുഞ്ഞപ്പൻ തുടങ്ങിയ നേതാക്കളും നൂറു കണക്കിന് പ്രവർത്തകരും അന്തിമോപചാരമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |