500 പേർക്ക് വിചാരണാനുമതി നൽകുന്നില്ല
തിരുവനന്തപുരം: ഭരണതലത്തിലെ അഴിമതി അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പ്രഖ്യാപിക്കുമ്പോഴും അഴിമതിക്കേസുകളിൽ പ്രതികളായ അഞ്ഞൂറോളം പേരെ സംരക്ഷിച്ച് സർക്കാർ. വിജിലൻസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതികളായ രാഷ്ട്രീയ, ഉദ്യോഗസ്ഥ മേലാളന്മാർക്കെതിരെ വിചാരണാനുമതി നൽകുന്നില്ല. എല്ലാ രാഷ്ട്രീയപാർട്ടിക്കാരും ഇക്കൂട്ടത്തിലുണ്ട്. സർക്കാർ സംരക്ഷണം തുടരുന്നതിനാൽ, ഇക്കാര്യം കോടതികളെ അറിയിക്കാൻ വിജിലൻസ് മേധാവി യോഗേഷ്ഗുപ്ത പ്രോസിക്യൂട്ടർമാരോട് നിർദ്ദേശിച്ചു.
അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റങ്ങളടക്കം നേടി വിരമിക്കാനും ജനപ്രതിനിധികൾക്ക് കാലാവധി പൂർത്തിയാക്കാനും അവസരമൊരുക്കാനാണിതെന്നാണ് ആക്ഷേപം. അഴിമതി നിരോധന നിയമത്തിലെ 17(എ) ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ എന്നിവർക്കെതിരെ കേസെടുക്കാൻ ഉന്നതാധികാരിയുടെ അനുമതിവേണം. അഴിമതി തെളിവുസഹിതം കണ്ടെത്തിയാലും കുറ്റപത്രം നൽകാനും വിചാരണയ്ക്കും ഈ അനുമതി നൽകാറില്ല.
വിജിലൻസിന്റെ വിചാരണ അപേക്ഷകളിൽ മൂന്നുമാസത്തിനകം വകുപ്പുകൾ തീരുമാനമെടുക്കണം. നിരസിച്ചാൽ പരാതിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാം. എന്നാൽ നിലവിൽ അപേക്ഷ വകുപ്പുകളിൽ പൂഴ്‌ത്തുകയാണ്. ചീഫ്സെക്രട്ടറിയോട് വിജിലൻസ് മേധാവി പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയില്ലാതായതോടെയാണ് വിവരം കോടതികളെ അറിയിക്കുന്നത്. കോടതി നിർദ്ദേശപ്രകാരം തുടർനടപടികളെടുക്കാനാണ് തീരുമാനം. കോളിളക്കമുണ്ടാക്കിയ പാലാരിവട്ടം കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ പോലും ഇതുവരെ വിചാരണാനുമതി നൽകിയിട്ടില്ല.
തെളിവില്ലെങ്കിലും ശിക്ഷിക്കാം
കൈക്കൂലിക്കേസിൽ പൊതുസേവകരെ പ്രത്യക്ഷ തെളിവില്ലെങ്കിൽ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കാമെന്നാണ് സുപ്രീംകോടതി ഉത്തരവ്
പരാതിക്കാരൻ മരിച്ചാലോ കൂറുമാറിയാലോ പൊതുപ്രവർത്തകരെ കുറ്റവിമുക്തരാക്കരുത്. മറ്റുമൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ വിചാരണ നടത്താം.
₹500കോടി
വിജിലൻസ് നടപടികളുടെ ഭാഗമായി മോട്ടോർവാഹനം, മൈനിംഗ് ആൻഡ് ജിയോളജി, ജി.എസ്.ടി വകുപ്പുകളിൽ നിന്ന് സർക്കാരിനുണ്ടായ അധികവരുമാനം
ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതി അതീവഗൗരവമുള്ളതാണ്. കേസുകളുടെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും കർശന നിർദ്ദേശം വിജിലൻസിന്റെ നിയമവിഭാഗത്തിനും പ്രോസിക്യൂട്ടർമാർക്കും നൽകി.
- പിണറായി വിജയൻ,
മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |