സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് മുംബയ് ഇന്ത്യൻസ്
അഞ്ചാം ജയവുമായി മുംബയ് മൂന്നാമത്
ആറാം തോൽവിയേറ്റ ഹൈദരാബാദ് ഒൻപതാമത്
ഹൈദരാബാദ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം നേടി മുംബയ് ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. വിജയിക്കാൻ 144 റൺസ് വേണ്ടിയിരുന്ന മുംബയ് ഇന്ത്യൻസ് 15.4 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യത്തിലെത്തിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ച്വറി നേടിയ മുൻ നായകൻ രോഹിത് ശർമ്മയാണ് (46 പന്തുകളിൽ 70 റൺസ്) മുംബയ് ചേസിംഗിന് ചുക്കാൻ പിടിച്ചത്. സൂര്യകുമാർ യാദവ് 40 റൺസുമായി പുറത്താകാതെ നിന്നു.
നേരത്തേ ഹോം ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്‌ടത്തിലാണ് 143 റൺസ് നേടിയത്. 13 റൺസ് നേടുന്നതിനിടയിൽ നാലുവിക്കറ്റുകളും 35 റൺസിലെത്തിയപ്പോൾ അഞ്ചാം വിക്കറ്റും നഷ്ടമായ ഹൈദരാബാദിനെ ആറാം വിക്കറ്റിൽ 99 റൺസ് കൂട്ടിച്ചേർത്ത ഹെൻറിച്ച് ക്ളാസൻ(71) - അഭിനവ് മനോഹർ (43) സഖ്യമാണ് ഈ സ്കോറിലെങ്കിലുമെത്തിച്ചത്.
നാലോവറിൽ 26 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബൗൾട്ടും നാലോവറിൽ 12 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹറും ചേർന്നാണ് ഹൈദരാബാദിന്റെ മുൻനിരയെ തകർത്തത്.ആദ്യ ഓവറിൽ ബൗൾട്ട് ട്രാവിസ് ഹെഡിനെ ഡക്കാക്കിയപ്പോൾ രണ്ടാം ഓവറിൽ ചഹർ ഇഷാൻ കിഷനെ (1) കീപ്പറുടെ കയ്യിലെത്തിച്ചു. മൂന്നാം ഓവറിൽ ബൗൾട്ട് അഭിഷേക് ശർമ്മയെ (8) വിഘ്നേഷ് പുത്തൂരിന്റെ കയ്യിലെത്തിച്ചു. അഞ്ചാം ഓവറിൽ ചഹർ നിതീഷ് കുമാർ റെഡ്ഡിയേയും (2) മടക്കി അയച്ചതോടെയാണ് ഹൈദരാബാദ് 13/4ലെത്തിയത്. ടീം സ്കോർ 35ൽ വച്ച് അനികേതിനെ (12) ഹാർദിക് പാണ്ഡ്യയാണ് പുറത്താക്കിയത്.
തുടർന്ന് ഒൻപതാം ഓവറിൽ ക്രീസിലൊരുമിച്ച ക്ളാസൻ - അഭിനവ് സഖ്യം 19-ാം ഓവർവരെ ക്രീസിൽ നിന്നു. 44 പന്തുകളിൽ ഒൻപത് ഫോറുകളും രണ്ട് സിക്സുകളുമടക്കം 71റൺസ് നേടിയ ക്ളാസനെ ബുംറയാണ് പുറത്താക്കിയത്. അവസാന ഓവറിൽ ബൗൾട്ട് അഭിനവിനെയും കമ്മിൻസിനെയും (1) പുറത്താക്കി നാലുവിക്കറ്റ് തികച്ചു.
മറുപടിക്കിറങ്ങിയ മുംബയ്ക്ക് റിക്കിൾട്ടണിനെ (11) രണ്ടാം ഓവറിൽ നഷ്‌ടമായെങ്കിലും രോഹിത് ഒരറ്റത്ത് ഉറച്ചുനിന്ന് പോരാടി. വിൽ ജാക്സ് (22) പത്താം ഓവറിൽ മടങ്ങിയശേഷമെത്തിയ സൂര്യ ചേസിംഗ് വേഗം കൂട്ടി. 46 പന്തുകളിൽ എട്ടുഫോറും മൂന്ന് സിക്സും പായിച്ച രോഹിത് 15-ാം ഓവറിൽ ടീം സ്കോർ 130ലെത്തിച്ചശേഷമാണ് മടങ്ങിയത്.
ഇന്നത്തെ മത്സരം
ആർ.സി.ബി Vs രാജസ്ഥാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |