ധർമ്മടം മണ്ഡലത്തിലെ പിണറായിയിൽ 12.93 ഏക്കറിൽ നിർമിക്കുന്ന സമഗ്ര വിദ്യാഭ്യാസ സമുച്ചയമായ പിണറായി എജ്യുക്കേഷൻ ഹബ് നിർമാണം അതിവേഗം പുരോഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലത്തിൽ നടപ്പാക്കുന്ന ബൃഹത് പദ്ധതിയാണിത്. 285 കോടി ചെലവിലുള്ള കെട്ടിട നിർമാണം അടുത്തവർഷം മാർച്ചിൽ പൂർത്തിയാകും. കഴിഞ്ഞ ഓഗസ്റ്റ് 23നാണ് പദ്ധതിക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടത്. കിഫ് ബി സഹായ ധനത്തോടെയാണ് നിർമാണം. ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസ് ആൻഡ് ടെക്‌നോളജി, ഗവ. പോളിടെക്നിക് കോളേജ്, ഗവ. ഐ.ടി.ഐ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, സിവിൽ സർവീസ് അക്കാഡമി എന്നിവയാണ് പിണറായി എഡ്യുക്കേഷൻ ഹബ്ബിൽ ഉൾപ്പെടുത്തിയത്. കൂടാതെ അടിസ്ഥാന സൗകര്യങ്ങളായ വെൽകം സെന്റർ, 20 മുറികളുള്ള അതിഥി മന്ദിരം, കാന്റീൻ, 300 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, പൊതു കളിസ്ഥലം, ഹോസ്റ്റൽ, പൊതു ലൈബ്രറി, കുളം പുനരുജ്ജീവനം, വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട രണ്ട് സർവീസ് കെട്ടിടങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. 20 കെ.എൽ.ഡി ശേഷിയുള്ള കോമൺ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, മൂന്നേക്കർ വിസ്തൃതിയിലുള്ള ജൈവ വൈവിദ്ധ്യ പാർക്ക് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. പദ്ധതിഭൂമിയോടു ചേർന്ന് പിണറായി ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്, 2000 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും നിർമിക്കുന്നുണ്ട്. പദ്ധതിയുടെ ഏകോപനച്ചുമതല ഐ.എച്ച്.ആർ.ഡിക്കും നിർമാണ മേൽനോട്ടം കെ.എസ്.ഐ.ടിഐ. എല്ലിനുമാണ്. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ ഭൂമിയും പദ്ധതി നടത്തിപ്പിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറി.
സംസ്ഥാനത്ത് ആദ്യം
നവീന പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെ നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഒറ്റ കാംപസിൽ ലഭ്യമാക്കുന്നത് സംസ്ഥാനത്തു തന്നെ ആദ്യമായാണ്. മൂന്നേക്കർ വിസ്തൃതിയൽ ജൈവവൈവിദ്ധ്യ പാർക്കും പുനരുജ്ജീവിപ്പിച്ച കുളവും 250 കിലോ ലിറ്റർ ശേഷിയുള്ള പൊതു എസ്ടിപി, വൈദ്യുതി വിതരണത്തിനുള്ള സർവീസ് കെട്ടിടങ്ങളും നിർമിക്കുന്നുണ്ട്.
വിദേശ വിദ്യാർത്ഥികളെത്തും
കേരളത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിൽ നാഴികക്കല്ലാകാൻ പോകുന്ന എജ്യൂക്കേഷൻ ഹബ്ബിന് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കൽ പ്രധാന ലക്ഷ്യമാണ്. എല്ലാ രംഗത്തും ലോകോത്തര നിലവാരം പുലർത്തുന്ന നവ കേരളം വാർത്തെടുക്കാനുള്ള വലിയ ചുവടുവെപ്പായാണ് പിണറായി എജ്യൂക്കേഷൻ ഹബ്ബിനെ സർക്കാർ കാണുന്നത്. കഴിഞ്ഞ ഒമ്പതു വർഷങ്ങൾക്കിടയിൽ കേരളത്തിലുണ്ടായ വളർച്ചയുടെ ദൃഷ്ടാന്തമായി എഡ്യൂക്കേഷൻ ഹബ്ബിനെ അവതരിപ്പിക്കാനാണ് സർക്കാരിന്റെയും സി.പി.എമ്മിന്റെയും നീക്കം. ഒരു വിജ്ഞാന സമൂഹമായി നാടിനെ മാറ്റിത്തീർക്കാൻ എൽ.ഡി.എഫ് സർക്കാർ പിന്തുടർന്നു പോരുന്ന പദ്ധതികളുടെ തുടർച്ച കൂടിയാണ് ഈ സമുച്ചയമെന്നും സർക്കാർ വിശേഷിപ്പിക്കുന്നു.
കഴിഞ്ഞ വർഷം ആഗസ്ത് 24ന് മുഖ്യമന്ത്രി പിണറായി വിജയനാണ് എഡുക്കേഷൻ ഹബ്ബിന് തറക്കല്ലിട്ടത്. ഈ ഹബ് നമ്മുടെ വരും തലമുറയെ ലോകോത്തര കഴിവുകൾ കൊണ്ട് സജ്ജരാക്കുമെന്നും ഇത് നവകേരളത്തിന്റെ നാഴികക്കല്ലായി മാറുമെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
പിണറായി എഡ്യുക്കേഷൻ ഹബ്ബിൽ
പോളിടെക്നിക്ക് കോളേജ്
ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ട്
ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട്
ഐ.എച്ച്.ആർ .ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്
സിവിൽ സർവീസ് അക്കാഡമി.
നേട്ടം സംസ്ഥാനത്തിനാകെ
നവീനമായ പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ ഒറ്റ ക്യാമ്പസിൽ ലഭ്യമാക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. ഹബ്ബിന്റെ ഐക്കോൺ വിഭാഗമായ സിവിൽ സർവീസ് അക്കാഡമിയിൽ അഞ്ച് ക്ലാസുകളിലായി 300 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകും. ഒപ്പം 150 വിദ്യാർത്ഥികൾക്ക് താമസ സൗകര്യവും കിഫ് ബി ഒരുക്കും.
സൗകര്യങ്ങൾ
1. ഐ.ടി.ഐ ഏഴ് നില കെട്ടിടം,
15 ക്ലാസ്സ് റൂമുകൾ,ലാബുകൾ,സെമിനാർ ഹാളുകൾ,ഓഡിറ്റോറിയം,സ്റ്റാഫ് റൂമുകൾ,ലൈബ്രറിവിവിധ ട്രേഡുകളിൽ 30 യൂണിറ്റുകളിലായി ഏകദേശം 656 പേർക്ക് രണ്ട് ഷി്ര്രഫായി തൊഴിൽ പരിശീലനം.
2. പോളി ടെക്നിക്ക്
14 ക്ലാസ് മുറികൾ,ലാബ്,വർക്കഷോപ്പ്,കോൺഫറൻസ് റൂം,സ്റ്റാഫ് റൂം, . 4 ഡിപ്ലോമ കോഴ്സുകളിലായി 240 കുട്ടികൾക്ക് വൈദഗ്ധ്യം നൽകാൻ സാധിക്കും.
3.ഐ .എച്ച് .ആർ .ഡി കോളേജ് 19 ക്ലാസ്സ് മുറികൾ, 2 കംപ്യൂട്ടർ ലാബുകൾ, ലൈബ്രറി, സെമിനാർ ഹാൾ, സ്റ്റാഫ് റൂമുകൾ. ബിരുദം, ബിരുദാനന്തര ബിരുദ കോഴ്സുകളിലായി ഏകദേശം 300 പേർക്ക് പ്രവേശനം.
4.സിവിൽ സർവീസ് അക്കാഡമി
സിവിൽ സർവീസ് പരിശീലനത്തിനുള്ള അക്കാഡമിയിൽ അഞ്ച് ക്ലാസുകളിലായി 300 വിദ്യാർത്ഥികൾക്ക് പ്രവേശനം. 150 വിദ്യാർത്ഥികൾക്ക് താമസസൗകര്യവും.
5.ഹോട്ടൽ മാനേജ് മെന്റ് ഇൻസ്റ്റിറ്റിയൂട്ട്
ലാബുകൾ,കിച്ചൺ,റെസ്റ്റോറന്റ് ,സെമിനാർ ഹാളുകൾ,ലൈബ്രറി,സ്റ്റാഫ് റൂമുകൾ,ഓഡിറ്റോറിയം,ബോഡ് റൂമുകൾ ഉൾപ്പെടെ 150 വിദ്യാത്ഥികൾക്കുള്ള താമസ സൗകര്യവും ഉണ്ട്.
മുഖച്ഛായ മാറി
ധർമ്മടം
കിഫ് ബിയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റവുമധികം പ്രതിഫലിച്ച ജില്ലകളിലൊന്നാണ് കണ്ണൂർ. പഴയ ഇടക്കാട് മണ്ഡലവും തലശ്ശേരി മണ്ഡലത്തിന്റെ ചില ഭാഗങ്ങളും കൂട്ടിച്ചേർത്ത ധർമ്മടം മണ്ഡലമാണ് മുഖ്യമന്ത്രി പ്രതിനിധാനം ചെയ്യുന്നത്. കിഫ് ബിയിലൂടെ മാത്രം 500 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിൽ നടക്കുന്നത്. ധർമ്മടം സ്റ്റേഡിയത്തിൽ സ്വാഭാവിക പുൽത്തകിടിയോട് കൂടിയ ഫുട്‌ബോൾ മൈതാനത്തിന് പുറമേ വോളിബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, എന്നിവയ്ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. പാറപ്പുറം റഗുലേറ്റർ പദ്ധതി, ആണ്ടല്ലൂർകാവ് പൈതൃക ടൂറിസം പദ്ധതി എന്നിവയാണ് മറ്റു പ്രധാന പദ്ധതികൾ. മുഴുപ്പിലങ്ങാട് ധർമ്മടം ബീച്ച് ടൂറിസത്തിനായി 240 കോടിയുടെ പദ്ധതിയാണ് നടപ്പാക്കിയത്. ആണ്ടല്ലൂർക്കാവ് പൈതൃക ടൂറിസം, മക്രേരി ക്ഷേത്രത്തിലെ പൈതൃക ടൂറിസം എന്നിവയും കിഫ് ബിയുടെ അംഗീകാരത്തോടെ നടപ്പിലാക്കിയ പദ്ധതികളാണ്. മലബാർ ക്രൂയിസ് ടൂറിസത്തിന്റെ ഭാഗമായി അഞ്ചരക്കണ്ടി പുഴ, ധർമ്മടം, പാറപ്രം, ചേരിക്കൽ, ധർമ്മടം, മമ്പറം, എന്നിവിടങ്ങളിൽ ബോട്ട് ടെർമിനലുകൾ സ്ഥാപിച്ചു. ചാല, പെരിളിശ്ശേരി, മുഴപ്പിലങ്ങാട്, വേങ്ങാട്, പിണറായി, പാലയാട്, എന്നിവിടങ്ങളിലെ സ്‌ക്കൂളുകളെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ നിർമ്മിച്ച് നവീകരിച്ചു. ബ്രണ്ണൻ കോളജിന്റെ വികസന പ്രവർത്തനങ്ങൾക്ക് 97 കോടി രൂപയുടെ പദ്ധതിയാണ് കിഫ് ബി വഴി ആവിഷ്‌ക്കരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |