തിരുവനന്തപുരം: ഭൂരഹിതരായ അതിദരിദ്രർക്ക് വീട് നൽകാനായി സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിർമ്മിച്ച ആൾതാമസമില്ലാത്ത വീടുകളും ഫ്ളാറ്റുകളും ഏറ്റെടുക്കും. ഇതിന് ജില്ലാ കളക്ടർമാർക്ക് അധികാരം നൽകി റവന്യുവകുപ്പ് ഉത്തരവിറക്കി.
ജില്ലാതലത്തിൽ ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് ഈ മാസം തന്നെ നടപടികൾ പൂർത്തിയാക്കാനാണ് നിർദ്ദേശം. നവംബറിൽ അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണിത്.
മാർച്ചുവരെയുള്ള കണക്കുപ്രകാരം അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട വീടും സ്ഥലവും ആവശ്യമായവരിൽ ഭൂമി കിട്ടാൻ ഇനി ബാക്കിയുള്ളത് 2,991 കുടുംബങ്ങളാണ്. നിലവിൽ ഉപയോഗത്തിലില്ലാത്തതും ഭാവിയിൽ ഉപയോഗിക്കാൻ സാദ്ധ്യതയില്ലാത്തതുമായ വിവിധ വകുപ്പുകളുടെ കൈവശമുള്ള ഭൂമി വകുപ്പുകളുടെ എൻ.ഒ.സി കൂടാതെ ഏറ്റെടുക്കാനും കളക്ടർമാർക്ക് അധികാരം നൽകി. ഗ്രാമപഞ്ചായത്ത് പരിധിയിൽ രണ്ട് ഏക്കറും മുനിസിപ്പാലിറ്റിയിൽ ഒരേക്കറും കോർപ്പറേഷനിൽ 50 സെന്റുമാണ് പരമാവധി ഏറ്റെടുക്കാവുന്നത്.
14,000 വീടുകൾ
നിർമ്മിച്ചു
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഫ്ളാറ്റ് മാതൃകയിൽ 14,000 വീടുകളാണ് സുനാമി പുനരധിവാസത്തിനായി നിർമ്മിച്ചത്. ഇതിൽ ആൾതാമസമില്ലാതെയും ഉപയോഗിക്കാതെയും കിടക്കുന്ന വീടുകളുടെ കണക്കെടുപ്പ് തുടങ്ങി. ഇത് പൂർത്തിയാക്കിയാൽ കൈമാറ്റ നടപടികൾ തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |