തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ അദ്ധ്യാപകരുടേയും സ്കൂൾ ജീവനക്കാരുടേയും വിവരം ശേഖരിക്കാൻ നിർദ്ദേശിച്ച പൊതുവിദ്യാഭ്യാസ വകുപ്പിലെ നാലു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ഒരു മതവിഭാഗത്തിൽപ്പെട്ടവർ ആദായ നികുതിയടയ്ക്കാതെ സർക്കാരിനെ വഞ്ചിക്കുന്നെന്ന പരാതിയിന്മേലായിരുന്നു വിവാദനടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പി.കെ.മനോജ്, ജൂനിയർ സൂപ്രണ്ട് അപ്‌സര, മലപ്പുറം ജില്ലാവിദ്യാഭ്യാസ ഓഫീസർ ഗീതാകുമാരി, അരീക്കോട് എ.ഇ.ഒയുടെ ചുമതലയുള്ള സീനിയർ സൂപ്രണ്ട് എ.കെ.ഷാഹിന എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശത്തെത്തുടർന്നാണ് നടപടി.
മലപ്പുറം അരീക്കോട് എ.ഇ.ഒ ഓഫീസിൽ നിന്നാണ് സ്‌കൂളുകൾക്കു സർക്കുലർ നൽകിയത്. അരീക്കോട് എ.ഇ.ഒയുടെ ചുമതലയുള്ള സീനിയർ സൂപ്രണ്ട് ഷാഹിന സ്‌കൂളുകൾക്ക് കൈമാറിയ ഉത്തരവ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പുറത്തറിഞ്ഞത്. മതസ്പർധ വളർത്തുന്ന പരാതി നൽകിയ കോഴിക്കോട് സ്വദേശി കെ.അബ്ദുൾകലാമിനെതിരെ ഡി.ജി.പിക്കു പരാതി നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. 2024 നവംബർ 23നാണ് അബ്ദുൾകലാം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയത്. സർക്കാർ ശമ്പളം വാങ്ങുന്ന ഒരു മതവിഭാഗം ജീവനക്കാർ ഒരുരൂപ പോലും ആദായനികുതി അടയ്ക്കുന്നില്ലെന്നായിരുന്നു പരാതി. പതിനായിരം കോടിയിലേറെ ആദായനികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്നും ആരോപിക്കുന്നു.
പരാതിയിൽ, അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഫെബ്രുവരി 13ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇനിയൊരു നിർദ്ദേശം വരുന്നതുവരെ തുടർനടപടി പാടില്ലെന്നു അറിയിച്ച് ഫെബ്രുവരി 20ന് മറ്റൊരു ഉത്തരവിറക്കിയിരുന്നു. പക്ഷേ, ആദ്യനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറത്തെ വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളുകൾക്കു കത്തയയ്ക്കുകയായിരുന്നു.
ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം
ഉത്തരവ് വിവാദമായതിനെത്തുടർന്ന് ഫെബ്രുവരി 13ന് നൽകിയ നിർദ്ദേശം റദ്ദാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. വിഷയത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |