തിരുവനന്തപുരം: സമഗ്രശിക്ഷ കേരള (എസ്.എസ്.കെ) പദ്ധതിയിൽ പി.എം ശ്രീ ബ്രാൻഡിംഗുമായി ബന്ധപ്പെട്ട തർക്കത്തിൽ കേന്ദ്ര ഫണ്ട് മുടങ്ങിയതോടെ രണ്ടുവർഷമായി സൗജന്യ യൂണിഫോം അലവൻസ് ലഭിക്കാതെ കുട്ടികൾ. ഗവ. ഹൈസ്‌കൂളുകളുടെ ഭാഗമായ എൽ.പി, യു.പി ക്ലാസുകളിലെയും എട്ടാംക്ലാസിലെയും ബി.പി.എൽ, എസ്.സി-എസ്.ടി വിഭാഗങ്ങൾക്കും പെൺകുട്ടികൾക്കുമാണ് രണ്ടുവർഷത്തെ അലവൻസ് കിട്ടാനുള്ളത്.
2023-24, 2024-25 വർഷത്തെ ഫണ്ടാണ് മുടങ്ങിയത്.യൂണിഫോം അലവൻസിന്റെ 60% കേന്ദ്രവിഹിതവും 40% സംസ്ഥാന വിഹിതവുമാണ്. 20 കോടിയോളമാണ് കുടിശിക. സംസ്ഥാന വിഹിതമെങ്കിലും അനുവദിച്ചാൽ അർഹരായ കുട്ടികൾക്ക് ഈ വർഷം അലവൻസ് നൽകാനാകുമെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും പറയുന്നു.
അതേസമയം, ഗവ.ഹൈസ്‌കൂളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ എ.പി.എൽ വിഭാഗം ആൺകുട്ടികൾക്കും എയ്ഡഡ് സ്കൂളുകളിലെ മുഴുവൻ കുട്ടികൾക്കും സംസ്ഥാന സർക്കാരാണ് അലവൻസ് നൽകുന്നത്. ഹൈസ്കൂളുകളിലെ ഭാഗമല്ലാത്ത എൽ.പി, യു.പി വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും എയ്ഡഡ് സ്കൂളുകളിലെ എൽ.പി വിഭാഗം കുട്ടികൾക്കും സംസ്ഥാന സർക്കാർ നേരിട്ട് കൈത്തറി യൂണിഫോം നൽകുന്നുണ്ട്.
''വാർഷികാഘോഷത്തിന് 100 കോടി നീക്കിവച്ച സർക്കാർ പാവപ്പെട്ട കുട്ടികളുടെ യൂണിഫോം പ്രതിസന്ധി കാണാതെ പോകുന്നത് നിരാശാജനകമാണ്. വിഷയം അടിയന്തരമായി പരിഹരിക്കണം.
-എൻ.സാബു,
തിരു. ജില്ലാ സെക്രട്ടറി,
കെ.പി.എസ്.ടി.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |