കൊച്ചി: വിജ്ഞാനകേരളം പദ്ധതിയുടെ ഉപദേഷ്ടാവായി മുൻമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനെ നിയമിച്ചതിനെതിരായ ഹർജിയിൽ ഹൈക്കോടതി വിശദീകരണംതേടി. ഇല്ലാത്ത വകുപ്പിലേക്കാണ് നിയമിച്ചിരിക്കുന്നതെന്ന് അമിക്കസ് ക്യൂറി കോടതിയിൽ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണിത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് തോമസ് ഐസക്കിനെ ഹർജിയിൽ കക്ഷിചേർത്ത് അദ്ദേഹത്തിന്റെയും വിശദീകരണം തേടി. വിഷയം അടുത്തമാസം വീണ്ടും പരിഗണിക്കും.
നിയമനം പൊതുഖജനാവിന് മാസം ഒരു ലക്ഷം രൂപയോളം ബാദ്ധ്യതയാകുമെന്ന് ചൂണ്ടിക്കാട്ടി പായിച്ചിറ നവാസ് ഫയൽ ചെയ്ത ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നേരത്തെ ഹർജിക്കാരന്റെ പശ്ചാത്തലം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പൊതുതാത്പര്യ ഹർജിയിൽ കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |