SignIn
Kerala Kaumudi Online
Saturday, 26 July 2025 4.46 PM IST

സെർജി മാഗ്നിറ്റ്സ്കി: അമേരിക്കൻ നിയമത്തിന് വഴിയൊരുക്കിയ റഷ്യക്കാരൻ

Increase Font Size Decrease Font Size Print Page
pic

മോസ്കോ : റഷ്യയിലെ ശക്തനായ പ്രതിപക്ഷ നേതാവായിരുന്നു അലക്സി നവാൽനി. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകൻ. 2024 ഫെബ്രുവരി 16നാണ് 47കാരനായ നവാൽനി ആർട്ടിക് മേഖലയിലെ ജയിലിൽ മരണമടഞ്ഞത്.

ബോധരഹിതനായി വീണ നവാൽനി മെഡിക്കൽ ടീം എത്തിയപ്പോഴേക്കും മരിച്ചെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ,​ നവാൽനിയുടെ മരണത്തിന് പുട്ടിൻ ഭരണകൂടത്തിന് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. 2021 മുതൽ ജയിലിൽ കഴിഞ്ഞിരുന്ന നവാൽനിക്ക് തീവ്രവാദം, വഞ്ചന,​ അഴിമതിയടക്കമുള്ള വിവിധ കേസുകളിലായി 30 വർഷം തടവാണ് വിധിച്ചിരുന്നത്.

2020ൽ സൈബീരിയയിൽ നിന്ന് മോസ്കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ നവാൽനിയ്ക്ക് വിഷബാധയേറ്റിരുന്നു. മാരക വിഷവസ്തുവായ നോവിചോക്ക് അദ്ദേഹത്തിന്റെ ഉള്ളിലെത്തിയെന്നാണ് കണ്ടെത്തിയത്. റഷ്യൻ ഭരണകൂടത്തിന്റെ അറിവില്ലാതെ ഇത് സംഭവിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ജർമ്മനിയിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും റഷ്യയിൽ പ്രവേശിച്ച ഉടൻ നവാൽനി ജയിലിലാവുകയായിരുന്നു. നവാൽനിക്ക് മുന്നേ ജയിലിൽ സംഭവിച്ച മറ്റൊരു മരണവും റഷ്യയ്ക്ക് നേരെ വിമർശനങ്ങൾ ഉയരാൻ കാരണമായിരുന്നു. സെർജി മാഗ്നിറ്റ്സ്കിയുടെ മരണമാണ് അത്.

 ആരാണ് സെർജി മാഗ്നിറ്റ്സ്കി ?

മോസ്കോയിലെ അറിയപ്പെടുന്ന അഭിഭാഷകനും ടാക്സ് ഓഡിറ്ററുമായിരുന്നു സെർജി മാഗ്നിറ്റ്സ്കി. റഷ്യയിലെ ഏറ്റവും വലിയ ഫോറിൻ ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ ലണ്ടൻ ആസ്ഥാനമാക്കിയുള്ള ഹെർമിറ്റേജ് ക്യാപിറ്റൽ മാനേജ്മെന്റിന്റെ ഉപദേഷ്ടാവായിരുന്ന സെർജി തന്റെ അന്വേഷണത്തിലൂടെ 230 മില്യൺ ഡോളറിന്റെ നികുതിവെട്ടിപ്പ് പുറത്തുകൊണ്ടു വന്നു. ടാക്സ് ഓഫീസർമാർ തന്നെയാണിതിന് പിന്നിലെന്ന് സെർജി ആരോപിച്ചു.

ഇതിന് പിന്നിൽ പൊലീസടക്കം ഉന്നതരുടെ സഹായമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, 2008 നവംബറിൽ, നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് പൊലീസ് സെർജിയെ അറസ്റ്റ് ചെയ്തു. സെർജിയുടെ വിചാരണ നീണ്ട് പോവുകയും വിചാരണയ്ക്ക് മുമ്പുള്ള തടവിന്റെ കാലാവധി കൂടുകയും ചെയ്തു. ഒടുവിൽ മോസ്കോയിലെ ജയിലിൽ റിമാൻഡിലിരിക്കെ 358 ദിവസങ്ങൾക്ക് ശേഷം 2009 നവംബർ 16ന് 37ാം വയസിൽ സെർജി മാഗ്നിറ്റ്സ്കി മരണത്തിന് കീഴടങ്ങി.

 മനുഷ്യാവകാശ ലംഘനം

നിരവധി തവണ അപേക്ഷിച്ചിട്ടും സെർജിയ്ക്ക് വൈദ്യസഹായം നിഷേധിക്കപ്പെട്ടു. കൂടാതെ കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ ക്രൂര മർദ്ദനത്തിനും സെർജി ഇരയായി. പാൻക്രിയാറ്റിറ്റിസ് ബാധിതനായ സെർജിയ്ക്ക് മാരകമായ ടോക്സിക് ഷോക്ക് സിൻഡ്രോമുണ്ടാവുകയും ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചെന്നുമാണ് ജയിൽ അധികൃതർ മരണകാരണമായി അറിയിച്ചത്. സെർജിയുടെ അവസ്ഥ ജയിൽ ഡോക്ടർ കണ്ടെത്തിയിരുന്നെങ്കിലും ചികിത്സ നൽകിയില്ല. പൊലീസ് മർദ്ദനത്തെ തുടർന്ന് സെർജിയുടെ ശരീരത്തിൽ മുറിവുകളും ചതവുകളുമുണ്ടായിരുന്നു.

റഷ്യയിലെ പ്രസിഡൻഷ്യൽ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ നടത്തിയ അന്വേഷണത്തിൽ ചികിത്സ നിഷേധിക്കപ്പെട്ടതും മർദ്ദനമേറ്റതുമുൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമായിരുന്നു. സെർജിയുടെ മരണം അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്ക് കാരണമായെങ്കിലും റഷ്യ കുലുങ്ങിയില്ല. സെർജി മരിച്ചിട്ടും റഷ്യ വിചാരണയുമായി മുന്നോട്ട് പോയി. 2013 ജൂലായിൽ സെർജി നികുതി വെട്ടിപ്പിൽ കുറ്റക്കാരനായിരുന്നുവെന്ന് വിധി എഴുതി. സെർജിയോട് റഷ്യ നിയമലംഘനങ്ങൾ നടത്തിയതായി 2019ൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി അപലപിക്കുകയുണ്ടായി.

 മാഗ്നിറ്റ്സ്കി നിയമം

റഷ്യയിൽ നികുതി ഉദ്യോഗസ്ഥർ നടത്തിയ അഴിമതിക്കെതിരെ ശബ്ദമുയർത്തിയ സെർജിയുടെ മരണത്തിന്റെ വെളിച്ചത്തിൽ 2012 ഡിസംബർ14ന് അമേരിക്ക പാസാക്കിയ നിയമമാണ് മാഗ്നിറ്റ്സ്കി നിയമം. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന റഷ്യയിലെ സർക്കാർ ഉദ്യോഗസ്ഥരെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നിയമമാണിത്. സെർജിയുടെ മരണത്തോടെ അഴിമതി ആരോപിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥരെല്ലാം രക്ഷപ്പെട്ടിരുന്നു. അതിനാലാണ് അത്തരം ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ അമേരിക്ക നിയമം പാസാക്കിയത്.

യു.കെ, കാനഡ, ബാൾട്ടിക് രാജ്യങ്ങൾ എന്നിവിടങ്ങളിലും സമാന നിയമം പാസ്സാക്കിയിരുന്നു. 2016 മുതൽ ഈ ബില്ലനുസരിച്ച് റഷ്യയ്ക്ക് പുറമേ മറ്റ് രാജ്യങ്ങളിലെയും മനുഷ്യാവകാശ ലംഘനം നടത്തിയ ഉദ്യോഗസ്ഥരെ യു.എസിൽ പ്രവേശിക്കുന്നതിന് വിലക്കാനും കരിമ്പട്ടികയിൽപ്പെടുത്താനും സാധിക്കും.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.