ആലുവ: ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആലുവ തുരുത്തിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ നിർമ്മിച്ച ബോട്ട് ജെട്ടി നാളെ രാവിലെ 10 മണിക്ക് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനാകും. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട 15 ഏക്കർ വിസ്തൃതിയുളള സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിലേക്ക് താത്കാലികമായി ഉണ്ടാക്കിയ ചങ്ങാടത്തിലാണ് ഫാമിലെ ജീവനക്കാരും തൊഴിലാളികളും എത്തിയിരുന്നത്. ഈ സാഹചര്യത്തിൽ കൃഷി വകുപ്പ് മന്ത്രിയുടെ ശ്രമഫലമായി കൊച്ചി കപ്പൽശാലയുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് ലഭിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച സോളാർ ബോട്ട് കഴിഞ്ഞ മാസം ഫാമിന് ലഭിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവഴിച്ചാണ് ബോട്ട്ജെട്ടി നിർമ്മിച്ചത്.
ബോട്ട്ജെട്ടി യാഥാർത്ഥ്യമായതോടെ സ്ഥിരം ബോട്ട് ഡ്രൈവറെ ലഭിക്കുന്ന മുറയ്ക്ക് ഫാമിലെത്തുന്നവർക്ക് ബോട്ട് സവാരി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |