SignIn
Kerala Kaumudi Online
Monday, 05 October 2026 8.49 PM IST

ചരിത്രരചനയിലെ സംഭാവന എന്നും ഓർമ്മിക്കപ്പെടും

mgs

പ്രൊഫ. എം. ജി. എസ് നാരായണന്റെ നിര്യാണത്തോടെ കേരളചരിത്രപാണ്ഡിത്യത്തിലെ ഒരു യുഗം അവസാനിക്കുകയാണ്. ആധുനിക കേരളചരിത്രരചന ആരംഭിക്കുന്നത് ഇളംകുളം കുഞ്ഞൻപിള്ളയുടെ പഠനങ്ങളോടെയാണ്. കൊളോണിയൽ ചരിത്രപാരമ്പര്യത്തിൽ നിന്ന് കേരളചരിത്രത്തെ വിമോചിപ്പിച്ചത് പ്രൊഫ. ഇളംകുളം ആണ്. അദ്ദേഹത്തിന്റെ ശിഷ്യനായ എം.ജി.എസിന്റെ നേതൃത്വത്തിലാണ് കേരളചരിത്രപഠനത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത്. ഇ.എം.എസ് തുടങ്ങിയവർ കേരളചരിത്രത്തിൽ നടത്തിയ മാർക്സിസ്റ്റ് ഇടപെടലുകളും ഇന്ത്യയിലെയും വിദേശത്തെയും മാർക്സിസ്റ്റ് പണ്ഡിതരുടെ ചരിത്രപഠനങ്ങളും എം.ജി.എസിനെ സ്വാധീനിച്ചു. അതിന്റെ ഫലമായിരുന്നു കേരളത്തിലെ എം.ജി.എസ് സ്കൂൾ ഒഫ് ഹിസ്റ്ററി എന്ന് വിളിക്കാവുന്ന ചരിത്രപഠനധാരയുടെ സ്ഥാപനം. പ്രൊഫ. കേശവൻ വെളുത്താട്ട്, പ്രൊഫ. രാജൻ ഗുരുക്കൾ, പ്രൊഫ. കെ എൻ. ഗണേശ്, പ്രൊഫ. രാഘവവാര്യർ, പ്രൊഫ. പി.കെ മൈക്കിൾ തരകൻ എന്നിവരെയെല്ലാം ഈ സ്കൂളിലെ പണ്ഡിതർ എന്നുപറയാം. അവർ കേരളചരിത്രരചനയ്ക്ക് ചെയ്ത സംഭാവനകൾക്ക് പിന്നിൽ എം.ജി.എസിന്റെ നേതൃത്വമുണ്ട്. എം.ജി.എസിന്റെ പ്രധാനസംഭാവന ' പെരുമാൾസ് ഒഫ് കേരള" എന്ന ഗവേഷണപ്രബന്ധമാണ്. പില്ക്കാലത്ത് അദ്ദേഹം എഴുതിയ സംവാദപരമായ രചനകളെല്ലാം വിസ്മൃതിയിലേക്ക് പോയാലും കേരള ചരിത്രപഠനത്തിൽ ഈ പുസ്തകത്തിനുള്ള സ്ഥാനം മങ്ങില്ല. അടിസ്ഥാനഗവേഷണത്തിന്റെ ഉറപ്പുകൊണ്ടും വീക്ഷണത്തിന്റെ മികവുകൊണ്ടും അദ്ദേഹത്തിന്റെ മാർക്സിസ്റ്റ് കാലത്തെ ഈ പുസ്തകം എന്നും നിലനിൽക്കും. പിൽക്കാലത്ത് അദ്ദേഹം ഒരു വിവാദകുതുകിയായെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ കുത്തുന്നത് ഒരു ശീലമാക്കിയെങ്കിലും എം.ജി.എസിന്റെ കാര്യത്തിൽ അവയൊന്നുമല്ല ഓർമ്മിക്കപ്പെടുക. അദ്ദേഹം കേരളചരിത്രരചനയ്ക്ക് നല്കിയ മൂല്യവത്തായ സംഭാവനകളാണ്. എം.ജി.എസിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA