ധനകാര്യ ഇടപാടുകളില്‍ റെക്കാഡ് കാര്‍ഡ് ഉപയോഗം
കൊച്ചി: വിപണിയിലെ ഉപഭോഗ ഉണര്‍വിന്റെ കരുത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം റെക്കാഡ് ഉയരത്തിലെത്തി. റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ മൂല്യം മുന്‍വര്‍ഷത്തേക്കാള്‍ 15 ശതമാനം ഉയര്‍ന്ന് 21.16 ലക്ഷം കോടി രൂപയിലെത്തി. മുന്‍വര്‍ഷം മാര്‍ച്ചില്‍ 18.32 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളാണുണ്ടായിരുന്നത്. നഗരങ്ങളിലും ടെക്‌നോളജിയില്‍ താത്പര്യമുള്ള യുവാക്കള്‍ക്കിടെയിലും ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം ഗണ്യമായി കൂടി.
ക്രെഡിറ്റ് കാര്‍ഡ് വിതരണത്തില്‍ ബാങ്കുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും ഡിജിറ്റല്‍ ഇടപാടുകള്‍ കുതിച്ചുയരുന്നതും അനുകൂല ഘടകമായി. സാധനങ്ങള്‍ വാങ്ങിയതിന് ശേഷം പണമടക്കുന്നതിന് ഒരു മാസത്തിനടുത്ത് സാവകാശം ലഭിക്കുമെന്നതാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രധാന ആകര്‍ഷണം. നോട്ടുകള്‍ ഉപയോഗിച്ചുള്ള വ്യാപാര ഇടപാടുകള്‍ കുത്തനെ കുറയുന്നുവെന്നും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയവയുടെ ഉപയോഗത്തിലും വന്‍കുതിപ്പാണ് ദൃശ്യമാകുന്നത്.
മാര്‍ച്ചില്‍ വന്‍കുതിപ്പ്
മാര്‍ച്ചില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ മൂല്യം മുന്‍വര്‍ഷം ഇതേകാലയളവിനേക്കാള്‍ 1.64 ലക്ഷം കോടി രൂപയില്‍ നിന്ന് 2.02 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഫെബ്രുവരിയിലിത് 1.68 ലക്ഷം കോടി രൂപയായിരുന്നു. വിപണിയിലുള്ള ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം മാര്‍ച്ചില്‍ 10.98 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ മാസം 5.7 ലക്ഷം പുതിയ കാര്‍ഡുകളാണ് ബാങ്കുകള്‍ വിതരണം ചെയ്തത്.
മാര്‍ച്ചില്‍ വിതരണം ചെയ്ത കാര്‍ഡുകള്‍
ബാങ്ക് കാര്‍ഡുകളുടെ എണ്ണം
എച്ച്.ഡി.എഫ്.സി ബാങ്ക് 2.2 ലക്ഷം
എസ്.ബി.ഐ കാര്‍ഡ്സ് 1.6 ലക്ഷം
ആക്‌സിസ് ബാങ്ക് 1.3 ലക്ഷം
ഐ.സി.ഐ.സി.ഐ ബാങ്ക് 97,799
യു.പി.ഐയും വന്‍ ഹിറ്റ്
യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേയ്‌സ്(യു.പി.ഐ) ഉപയോഗിച്ചുള്ള ഡിജിറ്റല്‍ ഇടപാടുകളും ഇന്ത്യയില്‍ അതിവേഗം കുതിക്കുകയാണ്. മാര്‍ച്ചില്‍ മാത്രം 24.77 ലക്ഷം കോടി രൂപയുടെ 1978 കോടി യു.പി.ഐ ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ യു.പി.ഐ ഇടപാടുകളുടെ മൂല്യം 30 ശതമാനം വര്‍ദ്ധനയോടെ 260.56 ലക്ഷം കോടി രൂപയായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ യു.പി.ഐ ഇടപാടുകള്‍ - 18,585 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |