കൊല്ലം: ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ ഗുരുദേവന്റെ വെങ്കല ശില്പം സ്ഥാപിക്കുന്നു. ശില്പി ഉണ്ണി കാനായിയാണ് ശില്പം നിർമ്മിക്കുന്നത്. എട്ടടി ഉയരമുള്ള വെങ്കല ശില്പമാണ് തയ്യാറാകുന്നത്. ഇതിന്റെ മോൾഡ് തയ്യാറാക്കി നിർമ്മാണ ജോലികൾ ആരംഭിച്ചു.
രണ്ടുമാസം കൊണ്ട് ശില്പനിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ശ്രീനാരായണ ഗുരുദേവൻ ഇരിക്കുന്ന നിലയിലുള്ള പൂർണകായ ശില്പമാണ് നിർമ്മിക്കുന്നത്. പുതിയ ശില്പം സ്ഥാപിക്കുന്നതോടെ വിവാദങ്ങൾക്ക് കൊടിയിറങ്ങും. സംസ്ഥാന സാംസ്കാരിക വകുപ്പാണ് ശില്പ നിർമ്മാണത്തിന് ഉണ്ണി കാനായിയെ ചുമതലപ്പെടുത്തിയത്.
സംസ്ഥാന സർക്കാർ 56 കോടിയിൽപ്പരം രൂപ ചെലവിട്ടാണ് ആശ്രാമം മൈതാനത്തിന് സമീപം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം നിർമ്മിച്ചത്. അത്യാധുനിക സംവിധാനങ്ങളോടെ 91000 ചതുരശ്ര അടി വിസ്തൃതിയുള്ള സമുച്ചയത്തിന്റെ പ്രവേശന ബ്ളോക്കിൽ ശ്രീനാരായണ ഗുരുദേവന്റെ ശില്പം സ്ഥാപിച്ചിരുന്നു. പ്ളാസ്റ്റർ ഒഫ് പാരീസിൽ തയ്യാറാക്കിയ ഗുരുദേവന്റെ ഇരിക്കുന്ന നിലയിലുള്ള പൂർണകായ പ്രതിമയാണ് സ്ഥാപിച്ചത്. 2023 മേയ് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ സമുച്ചയം നാടിന് സമർപ്പിച്ചു.
എന്നാൽ പ്രതിമയ്ക്ക് ഗുരുദേവനുമായി സാമ്യമില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മന്ത്രി സജി ചെറിയാനെ അറിയിച്ചു. വിഷയം ഗൗരവത്തിലെടുത്ത് തൊട്ടടുത്ത ദിവസം തന്നെ പ്രതിമ നീക്കി. പകരം വെങ്കല പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നീണ്ടുപോവുകയായിരുന്നു. ഉണ്ണി കാനായിയുടെ മൂശയിൽ വെങ്കല പ്രതിമയൊരുങ്ങുന്നുവെന്നത് ശ്രീനാരായണീയർക്കും പ്രതീക്ഷ നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |