ആൽഫീൽഡ് : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് രാത്രി ടോട്ടൻഹാമിനെ നേരിടാനൊരുങ്ങുന്ന ലിവർപൂളിന് കിരീടത്തിലേക്ക് ഒരു സമനില ദൂരം മാത്രം. ഇന്ന് ഇന്ത്യൻ സമയം രാത്രി 9 ന് സ്വന്തം തട്ടകമായ ആൻഫീൽഡിൽ തുടങ്ങുന്ന മത്സരത്തിൽ ടോട്ടൻഹാമിനെതിരെ തോൽക്കാതിരുന്നാൽ ലിവർപൂളിന് 4 മത്സരങ്ങൾ ശേഷിക്കെ കിരീടം ഉറപ്പിക്കാം. 33 മത്സരങ്ങളിൽ നിന്ന് 79 പോയിൻ്റാണ് നിലവിൽ ലി വർപൂളിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ആഴ്സനലിന് 34 മത്സരങ്ങളിൽ നിന്ന് 67 പോയിൻ്റും. ഇന്ന് ടോട്ടൻഹാമിനെതിരെ സമനിലയാണെങ്കിൽ പോലും ലിവറിന് 80 പോയിൻ്റാകും. ആഴ്‌സനൽ ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലും 79 പോയിൻ്റെ ആകൂ.
33 മത്സരങ്ങളിൽ നിന്ന് 37 പോയിൻ്റുള്ള ടോട്ടൻഹാം 16-ാം സ്ഥാനത്താണ്.
ഇതിന് മുമ്പ് 2019-20 സീസണിലാണ് ലിവർപൂൾ അവസാനമായി പ്രീമിയർ ലീഗ് ചാമ്പ്യൻമാരിക്കുന്നത്. യോർഗൻ ക്ലോപ്പായിരുന്നു അന്ന് കോച്ച്. ആർനെ സ്ലോട്ട് പരിശീലകനായെത്തിയ ആദ്യ സീസണിൽ തന്നെ ടീമിനെ പ്രീമിയർ ലീഗ് കിരീടത്തിൽ എത്തിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകർ. 20-ാം ലീഗ് കിരീടമാണ് ലിവർപൂൾ ലക്ഷ്യമിടുന്നത്.
ചെൽസിക്ക് ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെൽസി ഏകപക്ഷീയമായ ഒരഗോളിന് എവർട്ടണിനെ വീഴ്‌ത്തി. 7-ാം മിനിട്ടിൽ നിക്കോളാസ് ജാക്‌സണാണ് ചെൽസിയുടെ വിജയഗോൾ നേടിയത്. 34 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുള്ള ചെൽസി അഞ്ചാമതാണ്.
കോപ്പ ഡെൽ റേ ഫൈനൽ
കണ്ണീരോടെ വാർത്താ സമ്മേളനം നടത്തി റഫറി,
പ്രതിഷേധവുമായി റയൽ മാഡ്രിഡ്
മാഡ്രിഡ്: കോപ്പ ഡെൽ റേയിലെ റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള എൽ ക്ലാസിക്കോ ഫൈനലിന് മുമ്പ് അസാധാരണ സംഭവങ്ങൾ. ഫൈനലിലെ റഫറിയായി നിശ്ചയിക്കപ്പെട്ട റഫറി റിക്കാർഡോ ഡി ബർഗോസ് ബെൻഗോറ്റ്‌സിയ വികാരാധീനനായി നടത്തിയ വാർത്താസമ്മേളനമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഒരു മത്സരത്തിന് മുമ്പ് റഫറിമാർ വാർത്താ സമ്മേളനം നടത്തുന്നത് അസാധാരണ സംഭവമാണ്. കോപ്പ ഡെൽ റേ ഫൈനലിന് മുമ്പ് റയൽ മാഡ്രിഡ് ടിവി (ആർ.എം.ടി.വി) റിക്കാർഡോ റയലിന്റെ മുൻ മത്സരങ്ങളിൽ വരുത്തിയ പിഴവുകൾ ഉൾപ്പെടുത്തിയ വീഡിയോ പ്രോഗ്രാം സംപ്രേഷണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താൻ കടുത്ത സമ്മർദ്ദമാണ് നേരിടുന്നതെന്നും കുടുംബത്തേയും ഇത് പ്രതികൂമായി ബാധിച്ചുവെന്ന് കാണിച്ച് പത്രസമ്മേളനം നടത്തിയത്. കോപ്പ ഡെൽ റേ ഫൈനലിലെ
വി.എ.ആർ ഒഫീഷ്യലായ പാബ്ലോ ഗോൺസാലസ് ഫ്ല്യൂയന്റും ആർ.എം.ടി.വിക്കെതിരെ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ഫൈനലിലെ റഫറി ടീമിനെ മാറ്റണമെന്നാവശ്യപ്പെട്ട് റയൽ മാഡ്രിഡ് ക്ലബ് രംഗത്തെത്തിയത്. മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെക്ഷനും വാർത്താ സമ്മേളനവും റയൽ ബഹിഷ് കരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |