പിടിയിലായത് ഹൈബ്രിഡ് കഞ്ചാവുമായി
ലഹരി ഉപഭോഗം ഛായാഗ്രാഹകന്റെ ഫ്ളാറ്റിൽ
കൊച്ചി: മലയാള സിനിമയിൽ നങ്കൂരമിട്ട മയക്കുമരുന്നു മാഫിയകളുടെ കണ്ണികൾ നീളുന്നു. എക്സൈസിന്റെ പാതിരാറെയ്ഡിൽ ഇന്നലെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് രണ്ടു പ്രമുഖ യുവ സംവിധായകരും അവരുടെ സുഹൃത്തും. സമാന കേസിൽ ചോദ്യം ചെയ്യലിന് യുവനടന്മാരായ ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ഇന്ന് ആലപ്പുഴ എക്സൈസിന്റെ മുന്നിലെത്തും.
യുവസംവിധായകരായ ഖാലിദ് റഹ്മാനും (35) അഷറഫ് ഹംസയുമാണ് (46) കൊച്ചിയിൽ പിടിയിലായത്. ഇരുവരെയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ സസ്പെൻഡ് ചെയ്തു. തിയേറ്ററിൽ പ്രദർശനം തുടരുന്ന 'ആലപ്പുഴ ജിംഖാന'യുടെ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാണ പങ്കാളിയുമാണ് ഖാലിദ് റഹ്മാൻ. തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷറഫ് ഹംസ.
പ്രമുഖ ഛായാഗ്രാഹകനായ സമീർ താഹിറിന്റെ എറണാകുളം ഗോശ്രീ പാലത്തിനു സമീപത്തെ പൂർവ ഗ്രാൻഡ് ബേ ഫ്ളാറ്റിൽ നിന്നാണ് ഇവരെയും സുഹൃത്ത് ഷാലി മുഹമ്മദിനെയും (35) ഇന്നലെ പുലർച്ചെ രണ്ടിന് എക്സൈസ് പിടികൂടിയത്. ഷാലി മുഹമ്മദ് വഴിയായിരുന്നു ഇടപാട്.
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും അത് ഉപയോഗിക്കാനുള്ള വസ്തുക്കളും കണ്ടെടുത്തു.
വൈദ്യപരിശോധനയ്‌ക്കു ശേഷം മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. എൻ.ഡി.പി.എസ് ആക്ട് വകുപ്പു പ്രകാരം സമീർ താഹിറിനെയും പ്രതിചേർത്തേക്കും. ഇന്ന് കോടതിയിൽ അറസ്റ്റ് രേഖകൾ സമർപ്പിച്ചശേഷം സമീറിനെയും പ്രതികളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഹൈബ്രിഡ് കഞ്ചാവ് ഇവർക്ക് എത്തിച്ച കൊച്ചി സ്വദേശി ഒളിവിലാണ്.
ആവശ്യമെങ്കിൽ കടുത്ത നടപടി
കേസന്വേഷണ പുരോഗതി വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ സംഘടനാതലത്തിൽ ഖാലിദ് റഹ്മാനും അഷറഫ് ഹംസയ്ക്കുമെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രഞ്ജി പണിക്കറും ജനറൽ സെക്രട്ടറി ജി.എസ്. വിജയനും വാർത്താക്കുറിപ്പിൽ അറിയിച്ചു. കേസിന്റെ പശ്ചാത്തലത്തിൽ സംവിധായകർക്കെതിരെ നടപടിയെടുക്കാൻ ഫെഫ്ക നേതൃത്വം ഡയറക്ടേഴ്സ് യൂണിയന് നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |