തൃശൂർ: പൂരം മഴനിഴലിലാകുമോ എന്ന ആശങ്ക ഉത്സവപ്രേമികളുടെ മനസിൽ തോരാതെ പെയ്യുമ്പോഴും നഗരത്തിൽ ഒരു മഴമാപിനി പോലും സ്ഥാപിക്കാൻ ശ്രമങ്ങളില്ല. കഴിഞ്ഞവർഷം മഴയിൽ നഗരം മുങ്ങിത്താഴ്ന്നപ്പോൾ എത്ര അളവിലാണ് മഴ പെയ്തതെന്ന കണക്കും ലഭിച്ചില്ല. വെളളാനിക്കരയിൽ കാർഷിക സർവകലാശാലയുടെ മാപിനി അടിസ്ഥാനപ്പെടുത്തിയാണ് നഗരത്തിലെ മഴയും കണക്കാക്കുന്നത്. വെറും അയ്യായിരം രൂപ ചെലവിട്ടാൽ മഴ മാപിനി സ്ഥാപിക്കാനാവുമെന്ന് കാലാവസ്ഥാ ഗവേഷകർ പറയുന്നു. കളക്ട്രേറ്റ് വളപ്പിൽ തന്നെ രണ്ടടി ആഴത്തിലും വീതിയിലും എഫ്.ആർ.പി. റെയിൻ ഗേജ് എന്ന ഈ ഉപകരണം സ്ഥാപിക്കാനാകും. ചാലക്കുടി, ഏനാമാക്കൽ, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളുണ്ട്. എന്നാൽ ഇതിലെ അളവ് കൃത്യമാകണമെന്നില്ല. എഫ്.ആർ.പി. റെയിൻ ഗേജിൽ നിന്ന് റീഡിംഗ് എടുത്ത് ഉദ്യോഗസ്ഥർ അപ് ലോഡ് ചെയ്യുന്നതിനാൽ കൃത്യത കൂടും.
വൈകിട്ട് പെയ്യും?
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയുണ്ട്. വൈകിട്ടാണ് മഴയ്ക്കുളള സാദ്ധ്യത കൂടുതൽ. വേനൽമഴയായതിനാൽ ഇടിമിന്നലുമുണ്ടാകും. മേയിൽ ശരാശരിയേക്കാൾ കൂടുതൽ വേനൽ മഴ ലഭിക്കാനാണ് സാദ്ധ്യതയെന്നാണ് വിലയിരുത്തൽ. ഇത്തവണ മൺസൂണും നേരത്തെ എത്താൻ സാദ്ധ്യതയുണ്ട്. കേരളത്തിൽ കാലവർഷം ശരാശരിയേക്കാൾ കൂടുതൽ ലഭിക്കുമെന്നാണ് വിവിധ സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസികളും ചൂണ്ടിക്കാണിക്കുന്നത്.
പ്രവചനങ്ങൾ തെറ്റിച്ച് വേനൽമഴ
ചൂടിന്റെ ആദ്യഘട്ടത്തിൽ വേനൽമഴ ശുഷ്‌കമാകുമെന്നായിരുന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. പക്ഷേ പ്രവചനം തെറ്റി. 2024ലാണ് 20 വർഷത്തിനിടെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. മഴ തുടർന്നതോടെ വേനൽ കടുക്കില്ലെന്ന് ഉറപ്പായി. ഫെബ്രുവരി തുടക്കത്തിൽ 40 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയർന്നത്. സംസ്ഥാനത്ത് മിക്കയിടങ്ങളിലും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മഴ ലഭിച്ചു. വലിയ വരൾച്ചയും കുടിവെളളക്ഷാമവും വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ചൂട് കുറയുംവേനൽമഴ ലഭിച്ചതിനാൽ ചൂട് ക്രമാതീതമായി കുറയും. വേനൽ മഴ ഇനിയും തുടരുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണത്തിൽ വ്യക്തമാകുന്നത്.
ഡോ.ഗോപകുമാർ ചോലയിൽ
കാലാവസ്ഥാ ഗവേഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |