തീരുമാനം സംഘടനാപരമെന്ന് എം.വി. ഗോവിന്ദൻ
വിലക്കില്ലെന്ന് ബേബി, വാർത്ത തെറ്റെന്ന് ശ്രീമതി
തിരുവനന്തപുരം: പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതിയെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കിയതിനെച്ചൊല്ലി സി.പി.എമ്മിൽ വിവാദം. ജനറൽ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടെടുത്തതും ചർച്ചയായി. അതേസമയം, വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ശ്രീമതി പറഞ്ഞു.
ശ്രീമതിയെ ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരമായ തീരുമാനമെന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം. ജനാധിപത്യ മഹിളാസംഘം അഖിലേന്ത്യാ പ്രസിഡന്റായ ശ്രീമതിയെ ദേശീയതലത്തിൽ പ്രവർത്തിക്കാനാണ് കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. കേരളത്തിൽ പ്രവർത്തിക്കാനല്ല. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും അംഗമായിരുന്നു. 75 വയസ് പൂർത്തിയായതിനാൽ രണ്ടിൽ നിന്നും ഒഴിവായി. ഇതിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യമില്ലെന്നും വ്യക്തമാക്കി.
എന്നാൽ, ശ്രീമതിക്ക് ഒരു പാർട്ടി കമ്മിറ്റികളിലും പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് എം.എ. ബേബി പറഞ്ഞു. സംഘടനാപരമായി തീരുമാനിക്കുന്ന ഘടകങ്ങളിലും പരിപാടികളും പങ്കെടുക്കാം. ദേശീയ തലത്തിലാണ് ശ്രീമതി പ്രവർത്തിക്കുന്നത്. അതിന്റെ ഭാഗമായി എവിടെയെല്ലാം പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കണമോ അവിടെയെല്ലാം അവർ പങ്കെടുക്കും. കഴിഞ്ഞദിവസം നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും പങ്കെടുത്തു. മറ്റുള്ളതെല്ലാം അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും പറഞ്ഞു.
വിലക്ക് വിവാദം
മധുര പാർട്ടി കോൺഗ്രസിൽ ശ്രീമതിക്ക് പ്രായപരിധി ഇളവ് അനുവദിച്ചിരുന്നു. കഴിഞ്ഞ 19ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ, നിങ്ങൾക്ക് ഇവിടെ ഇളവൊന്നും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീമതിയോട് പറഞ്ഞെന്നാണ് പുറത്തുവന്ന വിവരം. പാർട്ടി കോൺഗ്രസ് പ്രായപരിധിയിൽ നൽകിയ ഇളവ് കേന്ദ്ര കമ്മിറ്റിക്കു മാത്രമേ ബാധകമാവൂ എന്നും വ്യക്തമാക്കി. എന്നാൽ, സംസ്ഥാന സെക്രട്ടറിയോടും ജനറൽ സെക്രട്ടറിയോടും ചോദിച്ചപ്പോൾ പങ്കെടുക്കാം എന്നു പറഞ്ഞതിനാലാണ് താൻ വന്നതെന്ന് ശ്രീമതി മറുപടി നൽകി. എന്നാൽ, മുഖ്യമന്ത്രി നിലപാടിൽ ഉറച്ചുനിന്നതോടെ അവർ യോഗത്തിൽ പങ്കെടുക്കാതെ മടങ്ങിയത്രേ. അതേസമയം കഴിഞ്ഞ ശനിയാഴ്ച നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ശ്രീമതി പങ്കെടുത്തിരുന്നു.
കേരളത്തിൽ ഉണ്ടെങ്കിൽ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കും
-പി.കെ. ശ്രീമതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |