തിരുവനന്തപുരം:കാശ്മീരിലെ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിനുണ്ടായ സുരക്ഷാ വീഴ്ചയെ രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രതിപക്ഷം രൂക്ഷമായി വിമർശിക്കുന്നതിനിടെ, വീഴ്ചയല്ല ഇപ്പോൾ ചർച്ചയാക്കേണ്ടതെന്ന നിലപാടുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശിതരൂർ എം.പി. ഇത്തരം വീഴ്ചകൾ ഏതൊരു രാജ്യത്തും സംഭവിക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത ശേഷം വാർത്താ ഏജൻസിയോട് സംസാരിക്കുകയായിരുന്നു തരൂർ.
ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണം തടയുന്നതിൽ രഹസ്വാന്വേഷണത്തിലുണ്ടായ വീഴ്ചയല്ല ഇപ്പോൾ ചർച്ചയാക്കേണ്ടത്. ഒരു രാജ്യത്തിനും നൂറു ശതമാനം കുറ്റമറ്റ രഹസ്യാന്വേഷണ സംവിധാനം ഉണ്ടാവില്ലെന്ന് ഇസ്രയേലിലെ ഹമാസ് ആക്രമണം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
സുരക്ഷാ വീഴ്ച പിന്നീട് പരിശോധിക്കേണ്ടതാണ്.
നിലവിലെ പ്രതിസന്ധി മറികടക്കുകയാണ് ഇപ്പോൾ ലക്ഷ്യമാക്കേണ്ടത്. സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പിന്നീടാവശ്യപ്പെടാം. വിജയകരമായി പരാജയപ്പെടുത്തിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമ്മൾ ഒരിക്കലും അറിയുന്നില്ല. തടയുന്നതിൽ പരാജയപ്പെടുന്ന ചിലത് മാത്രമാണ് അറിയുന്നത്. ഇത് ഏതൊരു രാജ്യത്തും സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |