SignIn
Kerala Kaumudi Online
Tuesday, 08 July 2025 6.29 AM IST

ചൊവ്വാഴ്ച രാവിലെ പൊതുദർശനം,​ വെെകിട്ട് സംസ്കാരം;​ ഷാജി എൻ കരുണിന് അനുശോചനം അറിയിച്ച് പ്രമുഖർ

Increase Font Size Decrease Font Size Print Page

shaji-n-karun

തിരുവനന്തപുരം: ദേശീയ - അന്തർദേശീയ തലത്തിൽ മലയാള സിനിമയുടെ യശസുയർത്തിയ സംവിധായകൻ ഷാജി എൻ കരുണിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികൾ. തിരുവനന്തപുരം വഴുതക്കാട്ടെ വസതിയായ പിറവിയിൽ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം. ഏറെക്കാലമായി ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. നാളെ രാവിലെ 10.30 മുതൽ 12.30 വരെ കലാഭവനിൽ പൊതുദർശനം ഉണ്ടായിരിക്കും. നാളെ വൈകിട്ട് നാലിനാണ് സംസ്കാരം. നിരവധി പ്രമുഖർ ഷാജി എൻ കരുണിന് അനുശോചനം അരിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഷാജി എൻ കരുണന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. ഏറെ ദുഃഖത്തോടെയാണ് പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുണിന്റെ വിയോഗവാർത്ത അറിയുന്നത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ ഈ വേർപാട് മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനാണ്. സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ജെ സി ഡാനിയേൽ പുരസ്കാരം ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ ഓർമ്മകൾ മായും മുൻപേ ഈ ദുഃഖവാർത്ത എത്തുന്നത് വേദനാജനകമാണ്.

ഷാജി എൻ കരുൺ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും മലയാള സിനിമയെ തന്റേതായ ശൈലിയിൽ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയായിരുന്നു. 40 ഓളം സിനിമകൾക്ക് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചു എന്നത് അദ്ദേഹത്തിന്റെ കലാപരമായ വൈദഗ്ദ്ധ്യത്തിന് ഉത്തമ ഉദാഹരണമാണ്. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഷാജി എൻ കരുണിന്റെ സംവിധാനത്തിൽ പിറന്ന ഓരോ ചിത്രവും മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'പിറവി'ക്ക് കാൻ ഫിലിം ഫെസ്റ്റിവല്ലിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശമടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചത് അദ്ദേഹത്തിന്റെ പ്രതിഭയുടെ അംഗീകാരമായിരുന്നു.ഷാജി എൻ കരുണിന്റെ നിര്യാണത്തിൽ താൻ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുമെന്നും സ്പീക്കർ പറഞ്ഞു.

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും അനുശോചനം അറിയിച്ചു. മലയാള സിനിമയ്ക്കും സാംസ്‌കാരിക ലോകത്തിനും വലിയ ആഘാതമാണ് ഷാജി എന്‍ കരുണ്‍ സാറിന്റെ വിയോഗമെന്നാണ് സജി ചെറിയാൻ പറഞ്ഞത്. ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എന്‍ കരുണ്‍. 40 ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അദ്ദേഹം ജി.അരവിന്ദന്റെ ക്യാമറാമാന്‍ എന്ന നിലയില്‍ മലയാളത്തിലെ നവതരംഗ സിനിമയക്ക് സര്‍ഗാത്മകമായ ഊര്‍ജം പകര്‍ന്നു. ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാനപുരസ്‌കാരങ്ങളും നേടി.

കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ്', പത്മശ്രീ എന്നീ പുരസ്‌കാരങ്ങളും കരസ്ഥമാക്കി. അടിയന്തരാവസ്ഥക്കാലത്തെ ക്രൂരതകള്‍ പ്രമേയമായ 70 ഓളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത 'പിറവി', കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട 'സ്വം', കാനില്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിത്തന്ന ഷാജി എന്‍. കരുണിന് മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സമര്‍പ്പിച്ചിരുന്നു.

നമ്മുടെ സിനിമാമേഖലയുടെ വളര്‍ച്ചയ്ക്കായി അദ്ദേഹം നടത്തിയ പ്രയത്നങ്ങള്‍ വളരെ വലുതാണ്. 1975ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്റെ രൂപീകരണവേളയില്‍ അതിന്റെ ആസൂത്രണത്തില്‍ അദ്ദേഹം മുഖ്യപങ്കു വഹിച്ചു. 1976ല്‍ കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫീസര്‍ ആയി ചുമതലയേറ്റു. 1998ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയില്‍ മല്‍സരവിഭാഗം ആരംഭിച്ചയും മേളയ്ക്ക് ഫിയാഫിന്റെ അംഗീകാരം ലഭിച്ചതും. നിലവില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരവേയാണ് അദ്ദേഹത്തിന്റെ വിയോഗം. സംസ്ഥാന സിനിമാ നയത്തിന്റെ രൂപീകരണം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്തിമഘട്ടത്തിലായിരുന്നു.

വരാന്‍ പോകുന്ന സിനിമാ കോണ്‍ക്ലേവിന്റെ മുഖ്യസംഘാടകനും ഷാജി സാര്‍ ആയിരുന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും നമ്മുടെ സാംസ്‌കാരിക മണ്ഡലത്തിലെ പുരോഗമനാശയങ്ങളുടെ വഴിവിളക്കായി അദ്ദേഹം നിലകൊണ്ടു.

സാംസ്‌കാരിക വകുപ്പ് മന്ത്രിയെന്ന നിലയില്‍ ചുമതലയേറ്റെടുത്ത മുതല്‍ സിനിമാ സംബന്ധിച്ച കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും ആശയങ്ങളും ഏറെ സഹായകരമായിട്ടുണ്ട്. ഒരു സഹോദരനെന്ന നിലയിലുള്ള അടുപ്പവും സ്നേഹവും അദ്ദേഹത്തിന് എന്നോടും തിരിച്ചും ഉണ്ടായിരുന്നു. വ്യക്തിപരമായി വലിയ വേദനയാണ് ഈ വേര്‍പാട് ഉളവാക്കുന്നത്. ഷാജി എന്‍ കരുണ്‍ സാറിന്റെ വിയോഗത്തില്‍ വേദനിക്കുന്ന എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി ആർ ബിന്ദും,​ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,​ പ്രതിപക്ഷ നേതാവ് വിഡി സതീഷൻ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.
……

TAGS: SHAJI N KARUN, DIRECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.