ലഹരി മാഫിയകളുടെ ഏറ്റവും വലിയ വിപണികളിലൊന്നായി സിനിമാരംഗം മാറുകയാണ് എന്ന് തെളിയിക്കുന്നതാണ് അടിയ്ക്കടി ഉണ്ടാകുന്ന സംഭവങ്ങൾ. സിനിമയിൽ വിജയിച്ചാലും പരാജയപ്പെട്ടാലും ലഹരി, അതും രാസലഹരി ഇല്ലാതെ പറ്റില്ല എന്നൊരു അവസ്ഥയാണ് നിലനിൽക്കുന്നത്. ഇത് ഉപയോഗിക്കുന്നവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനപ്പുറം സിനിമാരംഗമെന്ന കോടികൾ മുതൽമുടക്കുള്ള ബിസിനസ് മേഖലയെത്തന്നെ പിടിച്ചുലയ്ക്കാൻ പോന്നതാണ്. പഴയ കാലത്ത് സിനിമാരംഗത്തുള്ളവർ ജോലിസമയത്ത് യാതൊരുവിധ ലഹരികളും ഉപയോഗിക്കില്ലായിരുന്നു. അന്നത്തെ നിർമ്മാതാക്കൾക്ക് നിലയും വിലയുമുണ്ടായിരുന്നു. ജോലിചെയ്യുന്ന സമയത്ത് അനാശാസ്യമായ യാതൊരു പ്രവണതകളും അവർ അനുവദിച്ചിരുന്നില്ല. അന്നത്തെ സംവിധായകരും അക്കാര്യങ്ങളിൽ കർശന നിലപാടുകൾ സ്വീകരിച്ചിരുന്നു.
പഴയ കാലങ്ങളിൽ മദ്യമായിരുന്നു പ്രധാന ലഹരിവസ്തു. അതുല്യ പ്രതിഭകളെന്ന് വിശേഷിപ്പിക്കാവുന്ന ഒരുപിടി കലാകാരന്മാരെങ്കിലും അതിന്റെ അമിത ഉപയോഗത്താൽ അകാലത്തിൽ പൊലിഞ്ഞുപോയിട്ടുണ്ട്. അന്നത്തെ കാലം മാറി. സിനിമാരംഗവും അതിൽ നിക്ഷേപിക്കുന്ന തുകയുടെ വലിപ്പവും മാറി. സിനിമയോളം ഗ്ളാമറും പണവും നൽകുന്ന മറ്റൊരു കലാരംഗമില്ല. അതുകൊണ്ടുതന്നെ ഇക്കാലത്ത് ഈ രംഗത്ത് പിടിച്ചുനിൽക്കുന്നവർപോലും അമിതമായ സമ്മർദ്ദവും അനിശ്ചിതത്വവും അനുഭവിക്കേണ്ടിവരുന്നു. സിനിമ തന്നെ ഒരു മായിക രംഗമാണ്. ഈ രംഗത്ത് വിജയം നേടുന്ന ചെറുപ്പക്കാർ വളരെ വേഗതയിലാണ് ആഡംബരപൂർണമായ ജീവിതാവസ്ഥയിലേക്ക് വിക്ഷേപിക്കപ്പെടുന്നത്. യാഥാർത്ഥ്യമാണോ സ്വപ്നമാണോ എന്ന് അവർക്കുതന്നെ നിശ്ചയമില്ലാത്ത ഇത്തരം അവസ്ഥകളിൽ ലഹരി ഉപയോഗത്തിലേക്ക് അവർ വഴുതിവീഴുകയാണോ എന്നത് വിശദമായി പഠിക്കേണ്ട വിഷയമാണ്.
പ്രതിഭയുടെയും കഴിവിന്റെയുമൊന്നും കാര്യത്തിൽ സിനിമയിലെ പുതിയ തലമുറ ആർക്കും പിന്നിലല്ല. പക്ഷേ, ഇവരിൽ ഒരു ചെറിയ വിഭാഗം രാസലഹരിക്കും കഞ്ചാവിനും മറ്റും അടിമപ്പെടുകയും അതിന്റെ പ്രേരണയാൽ ലൊക്കേഷനിലും മറ്റും സഹപ്രവർത്തകരോട് അപമര്യാദയായി പെരുമാറുകയും മറ്റും ചെയ്യുന്നത് നിരന്തരം വാർത്തയാകുന്നത് സിനിമാരംഗത്ത് ഇതൊന്നും ഉപയോഗിക്കാത്തവർക്കു കൂടി മോശം ഇമേജ് സൃഷ്ടിക്കാൻ ഇടയാക്കുന്നതാണ്. കഴിഞ്ഞ ദിവസം ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവ സംവിധായകർ പിടിയിലായി. പിന്നാലെ ഒരു പ്രമുഖ റാപ്പർ ഗായകനും സംഘവും സമാനമായ കേസിൽ പിടിയിലായി. അതിന് ഏതാനും ദിവസം മുമ്പ് ഒരു യുവനടൻ എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയപ്പോൾ ഹോട്ടലിന്റെ മുകൾനിലയിൽ നിന്ന് താഴേക്കു ചാടി ഓടി രക്ഷപ്പെട്ടത് വലിയ വാർത്തയായിരുന്നു. ലഹരി ഉപയോഗം മലയാള ചലച്ചിത്ര മേഖലയെ ആഴത്തിൽ സ്വാധീനിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങൾ.
സിനിമയും സിനിമാരംഗത്തെ പ്രമുഖരുടെ ജീവിതശൈലിയും വലിയതോതിൽ ചെറുപ്പക്കാരെ അനുകരിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഇതു തടയാൻ സർക്കാർ ഏജൻസികളേക്കാൾ ഫലപ്രദമായി ഇടപെടാൻ കഴിയുന്നത് സിനിമാരംഗത്തെ മുതിർന്നവരുടെയും സംഘടനാ നേതാക്കളുടെയും കൂട്ടായ്‌മയ്ക്കാണ്. ലഹരി ഉപയോഗിച്ച് സെറ്റിൽ വന്ന് അപമര്യാദയായി പെരുമാറിയതു സംബന്ധിച്ച് പരാതികൾ ലഭിച്ചാൽത്തന്നെ സിനിമാരംഗത്തെ പല അസോസിയേഷനുകളും ഗൗരമായെടുക്കാത്തതാണ് ഇത്തരം അഴിഞ്ഞാട്ടത്തിന് പ്രധാനമായും വളംവയ്ക്കുന്നത്. ഇതിൽ മാറ്റം വരണം. സിനിമാരംഗം മാത്രമല്ല രാസലഹരിയുടെ പിടിയിൽ അമർന്നിട്ടുള്ളത് എന്നതും കാണാതിരുന്നുകൂടാ. കോളേജ് ക്യാമ്പസുകൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രൊഫഷണലുകളുടെ കൂട്ടായ്‌മകൾ, അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിൽ.... ഇങ്ങനെ പല മേഖലകളിലും രാസലഹരി പിടിമുറുക്കിയിട്ടുണ്ട്. അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ നാടുകളിലെ ചില മേഖലകളിൽ കഞ്ചാവ് ഉപയോഗം നിയന്ത്രിത തോതിൽ നിയമവിധേയമാക്കിയിടത്ത് മാരകമായ രാസലഹരികളുടെ ഉപയോഗം കുറഞ്ഞതായി പഠനങ്ങൾ പറയുന്നു. ഏതു രീതിയിലായാലും രാസലഹരിയുടെ വ്യാപനത്തിന് തടയിടേണ്ടത് അനിവാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |