തിരുവല്ല : നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകുന്ന തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡിന്റെ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ മന്ത്രിതല യോഗത്തിൽ സമയക്രമം നിശ്ചയിച്ചു. 2016ൽ ഭരണാനുമതി ലഭിച്ചിട്ടും സ്ഥലമെടുപ്പ് വൈകുന്നതിനാലാണ് നിർമ്മാണം തുടങ്ങാനാകാത്തത്. അധികഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും ജില്ലയിലെ മറ്റു പദ്ധതികൾ നടക്കുന്നതിനാൽ സർവ്വേയർമാരുടെ അഭാവവും ഭൂമി ഏറ്റെടുക്കൽ വൈകിപ്പിച്ചതായി യോഗം വിലയിരുത്തി. റവന്യൂമന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിലും മാത്യു ടി.തോമസ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിലും മന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ ജില്ലാകളക്ടർ പ്രേം കൃഷ്ണൻ, റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി ഷീബാജോർജ്, പൊതുമരാമത്ത് അഡീഷണൽ സെക്രട്ടറി ഷിബു.എ, റവന്യൂ, റോഡ് ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ (റിക്ക്) ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സുപ്രധാന തീരുമാനങ്ങൾ
1.ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച വിജ്ഞാപനത്തിനുള്ള നിർദേശം ജില്ലാകളക്ടർ ഇന്ന് സർക്കാരിലേക്ക് സമർപ്പിക്കാനും തുടർനടപടികൾ സ്വീകരിക്കുവാൻ റവന്യു വകുപ്പിനും നിർദ്ദേശം നൽകി.
2.വിളകളുടെയും വൃക്ഷങ്ങളുടെയും നിർമ്മിതികളുടെയും മൂല്യനിർണ്ണയത്തിനായി കൃഷി വകുപ്പ്, സോഷ്യൽ ഫോറസ്ട്രി, പൊതുമരാമത്ത് വകുപ്പ് എന്നിവരുടെ യോഗം വിളിക്കാനും തീരുമാനിച്ചു, സർവ്വേയർമാരുടെ അഭാവം നികത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.
3.സർവ്വേ നടപടി പൂർത്തിയാകുമ്പോൾ തന്നെ ഭൂമിയുടെ മതിപ്പ് വിലനിശ്ചയിക്കൽ എന്നിവ തയ്യാറാക്കണം.
4.അധികമായി ഏറ്റെടുക്കേണ്ട 0.379 ഹെക്ടർ ഭൂമിയുടെ സാമൂഹ്യാഘാത പഠനം മേയ് മാസാരംഭത്തിൽ നടത്താനും ഇതിന്റെ കൂട്ടിച്ചേർക്കൽ വിജ്ഞാപനം ജൂണിൽ തന്നെ പ്രസിദ്ധപ്പെടുത്താനും തീരുമാനിച്ചു.
ഏറ്റെടുക്കുന്ന സ്ഥലം : 2.384 ഹെക്ടർ
പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കുറ്റപ്പുഴ, കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട് എന്നീ വില്ലേജുകളിലായി 2.03 ഹെക്ടർ ഭൂമിയും കോട്ടയം ജില്ലയിലെ പായിപ്പാട്, നെടുങ്കുന്നം എന്നീ വില്ലേജുകളിലായി 0.353 ഹെക്ടർ സ്ഥലവും ഏറ്റെടുക്കും.
റോഡിന്റെ നീളം : 20.4 കിലോമീറ്റർ,
വീതി : 12 മീറ്റർ
(7 മീറ്റർ വീതിയിൽ ടാറിംഗും ഒന്നരമീറ്റർ വീതം ഷോൾഡറും നടപ്പാതയും)
കിഫ്‌ബി പദ്ധതി : ചെലവ് : 83 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |