ലോകത്ത് എവിടെയായാലും വലിയ ആഘോഷത്തോടെ നടക്കുന്ന ഒന്നാണ് വിവാഹം. ഹൽദി, മെഹന്ദി തുടങ്ങി നിരവധി ആഘോഷങ്ങൾ ഈ കാലഘട്ടത്തിൽ വിവാഹത്തെ തുടർന്ന് നടക്കുന്നു. എല്ലാവർക്കും വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാൻ വളരെ ഇഷ്ടമാണ്. എന്നാൽ എപ്പോഴും അതിനുള്ള അവസരം ലഭിക്കാറില്ല. വിവാഹം ആഘോഷിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ. ഇനി മുതൽ ഒരാളുടെ വിവാഹത്തിന് വേണ്ടി കാത്തിരിക്കേണ്ട. ഇങ്ങനെ ഉള്ളവർക്കായി വ്യാജ വിവാഹ പാർട്ടികൾ ഒരുങ്ങുകയാണ് ഇപ്പോൾ ഇന്ത്യയിൽ. ഒരു കൗതുകം തോന്നുന്ന പുതിയ ബിസിനസ് ഇതിനോടകം ട്രെൻഡിംഗിൽ ഇടംപിടിച്ചു കഴിഞ്ഞു. ട്രെൻഡിംഗായി മാറിക്കൊണ്ടിരിക്കുന്ന ഈ ബിസിനസ് എന്താണെന്ന് നോക്കിയാലോ?
വ്യാജ വിവാഹ പാർട്ടി
ഡൽഹിയിലാണ് ഈ ബിസിനസ് പദ്ധതി വൻ ഹിറ്റായത്. വ്യാജവിവാഹ ആഘോഷവും അലങ്കാരങ്ങളും വസ്ത്രധാരണ രീതിയും തുടങ്ങി വരനും വധുവും ഒഴിച്ച് ബാക്കിയെല്ലാം ഈ വ്യാജ വിവാഹ പാർട്ടിയിൽ കാണും. ഇൻസ്റ്റഗ്രാമിലാണ് ആദ്യമായി ഇത്തരം വ്യാജ വിവാഹം കണ്ടതെന്ന് ഡൽഹി സ്വദേശിയും സോഷ്യൽ മീഡിയ പ്രൊഫഷണലുമായ അവന്തിക ജെയിൻ പറയുന്നു. ഓൺലെെനിലൂടെ തന്നെ രജിസ്റ്റർ ചെയ്ത് എൻട്രി ഫീസായി 550 രൂപ അടച്ചെന്നും അവന്തിക അവകാശപ്പെടുന്നു. കുത്തബ് മിനാറിന് അടുത്തുള്ള ഒരു പ്രമുഖ റെസ്റ്റോറന്റിൽ ഏപ്രിൽ 25നാണ് വ്യാജ സംഗീത് പാർട്ടി നടന്നതെന്ന് അവർ വ്യക്തമാക്കി.
ഡ്രസ് കോഡ്
യഥാർത്ഥ വിവാഹത്തെപോലെ എല്ലാവരും ലെഹങ്ക, സാരി തുടങ്ങിയവ ധരിച്ചാണ് പങ്കെടുക്കുന്നത്. വിവാഹ മേക്കപ്പുകളും ചെയ്തിരുന്നുവെന്ന് അവന്തിക പറഞ്ഞു. അലങ്കരിച്ച വേദികളും ഫോട്ടോ ബൂത്തുക്കളും മെഹന്ദി കലാകാരന്മാരും ഇവിടെ കാണാം. യഥാർത്ഥ വിവാഹ ആഘോഷങ്ങളെ നിഷ്പ്രഭമാക്കിക്കിക്കൊണ്ടാണ് വ്യാജവിവാഹ ആഘോഷങ്ങൾ നടക്കുക.
എത്തുന്നവർ മുൻകൂർ പണം അടച്ച് ബുക്ക് ചെയ്യണം. ഡൽഹിയിൽ നിരവധി യുവാക്കൾ ഇപ്പോൾ ഇതിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ട്. യുവാക്കൾ മാത്രമല്ല ചില പ്രായമായ ആളുകളെയും ഈ പാർട്ടിൽ കണ്ടെന്ന് അവന്തിക പറയുന്നു. പാർട്ടി രംഗത്ത് ഇത് ഒരു പുതിയ തരംഗം തന്നെയായിരിക്കുമെന്ന് യുവതവമുറ അഭിപ്രായപ്പെടുന്നു. വിവാഹ ക്ഷണക്കത്ത് പോലെ വ്യാജ വിവാഹ പാർട്ടിക്കും ക്ഷണക്കത്ത് ഉണ്ടായിരിക്കും. ഇവ ഓൺലെെൻ വഴിയാണ് വിതരണം ചെയ്യുന്നത്.
2024 ഡിസംബറിൽ ആരംഭിച്ച 'ജമ്മു കി രാത്ത്' എന്ന ഇവന്റ് കമ്പനി ഇതുവരെ ഇത്തരത്തിലുള്ള രണ്ട് വ്യാജവിവാഹ പാർട്ടികൾ നടത്തിയിട്ടുണ്ട്. ഇവർ മാത്രമല്ല ഇതിനുമുൻപും പല ഇവന്റ് കമ്പനികളും വ്യാജ വിവാഹം നടത്തിയിട്ടുണ്ട്. വിവാഹ ആഘോഷങ്ങൾക്കായി 2024 ഒക്ടോബറിൽ ഷംഗ്രി -ലാ ഗ്രൂപ്പ് 'ബന്ധൻ'എന്ന പേരിൽ ഒരു പുതിയ കമ്പനി ആരംഭിച്ചിരുന്നു. ഇതിന്റെ പ്രമോഷന്റെ ഭാഗമായും വ്യാജ വിവാഹ പാർട്ടി നടത്തിയിരുന്നു.
ഇതിൽ മോഡലുകളാണ് ദമ്പതികളായി എത്തിയത്. വെഡ്ഡിംഗ് ഡാൻസ് കൊറിയോഗ്രാഫി കമ്പനികൾ വീഡിയോ എടുക്കുന്നതിനായി വ്യാജ വിവാഹ പാർട്ടികൾ നടത്താറുണ്ട്. എന്നാൽ ഇത്തരം വ്യാജ വിവാഹ പാർട്ടികളെക്കുറിച്ച് കേരളത്തിൽ അധികം കേട്ടിട്ടില്ല. ഒരു പക്ഷേ വരും വർഷങ്ങളിൽ ഇത് കേരളത്തിലും ട്രെൻഡിംഗായി മാറുമായിരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |