കൊച്ചി: വനംവകുപ്പ് ഫുൾ 'റേഞ്ചിലേക്ക്'. വിരമിക്കുന്ന ഒഴിവുകളിലുൾപ്പെടെ മേധാവിയില്ലാത്ത 14 റേഞ്ചുകളിലെയും ഒഴിവുകളിലേക്ക് മേയ് അവസാനത്തോടെ യുവ ഉദ്യോഗസ്ഥർ ചുമതലയേൽക്കും. 32 പേരുടെ പ്രൊബേഷൻ ഇന്നലെ പൂർത്തിയായി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമായിരുന്നു ട്രെയിനിംഗ്.
സംസ്ഥാനത്ത് 205 റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരാണുള്ളത്. നേരത്തെ 25 ഇടങ്ങളിൽ വരെ റേഞ്ചർ കസേര ഒഴിഞ്ഞു കിടന്നിരുന്നു. സ്ഥാനക്കയറ്റവും മറ്റുമായി ഇത് 14 ലേക്ക് ചുരുങ്ങി.
വന്യജീവിമനുഷ്യ സംഘർഷം കൂടിവരുന്നതിനാൽ റേഞ്ച് ഓഫീസർമാരുടെ കുറവ് വകുപ്പിനെ ഏറെ ബുദ്ധിമുട്ടിച്ചു. ഒഴിവുകൾ കൃത്യമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുകയും പരീക്ഷയും തിരഞ്ഞെടുപ്പുമെല്ലാം വേഗത്തിൽ പൂർത്തിയാക്കുകയുമായിരുന്നു. മഹാരാഷ്ട്രയിലെ കുണ്ടാൽ അക്കാഡമിയിൽ 18 മാസത്തെ പരിശീലനത്തിന് ശേഷം കഴിഞ്ഞ വർഷമാണ് ഇവർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ട്രെയിനികളായി വനംവകുപ്പിന്റെ ഭാഗമായത്. ആദിവാസി വിഭാഗത്തിൽ നിന്ന് 500 പേരെ വാച്ചർമാർ തസ്തികയിൽ നിയമിച്ചതോടെ വനംവകുപ്പ് ഈ മേഖലയിലും ശക്തമാണ്. നിലവിൽ വനംവകുപ്പിൽ കൂടുതൽ തസ്തിക സൃഷ്ടിക്കണമെന്നാണ് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ആവശ്യം. പലവട്ടം ഇക്കാര്യം സർക്കാരിനെ അറിയിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.
വേണം കൂടുതൽ ആർ.ആർ.ടി
എല്ലാ ഡിവിഷനുകളിലും ആർ.ആർ.ടി വേണമെന്ന ആവശ്യം വനംവകുപ്പ് പരിഗണിച്ചിട്ടില്ല. മനുഷ്യവന്യജീവി സംഘർഷം നിലനിൽക്കുന്ന ഡിവിഷനുകളിലാണ് ആർ.ആർ.ടികളെ നിയോഗിച്ചിട്ടുള്ളത്. നേരത്തെയുണ്ടായിരുന്ന ആർ.ആർ.ടികളിൽ നിന്നാണ് പുതിയതായി രൂപീകരിക്കുന്നിടത്ത് ജീവനക്കാരെ നിയോഗിക്കുന്നത്. ഇത് ആർ.ആർ.ടികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
32 യുവ റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ കൂടി വനംവകുപ്പിന്റെ ഭാഗമാകുന്നതോടെ ഒഴിവുകളെല്ലാം നികത്തപ്പെടും. ഇതോടെ വനംവകുപ്പ് കൂടുതൽ ശക്തമാകും.
ഉന്നത ഉദ്യോഗസ്ഥൻ
വനംവകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |