തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങൾ ഭരണതലത്തിൽ നടപ്പിലാക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ച നേതാവായിരുന്നു ആർ.ശങ്കറെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. ആർ.ശങ്കറിന്റെ 116-ാം ജന്മവാർഷിക അനുസ്മരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം നടത്തിയ ക്ഷേമ, സേവന പ്രവർത്തനങ്ങൾ കേരള ചരിത്രത്തിൽ നിന്നും ഒരിക്കലും മായ്ക്കാൻ കഴിയാത്തതാണ്. എസ്.എൻ.ഡി.പി യോഗത്തിനും എസ്.എൻ ട്രസ്റ്റിനും അദ്ദേഹം നൽകിയ സംഭാവന നിസ്തുലമാണ്. എസ്.എൻ ട്രസ്റ്റിനു കീഴിൽ തലയുയർത്തി നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആർ.ശങ്കറിന്റെ നിത്യ സ്മാരകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രിയുമെന്നുമുള്ള നിലയിൽ ആർ.ശങ്കർ നടത്തിയ പ്രവർത്തനങ്ങൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.മുരളീധരൻ പറഞ്ഞു. എസ്.എൻ ട്രസ്റ്റിനും വിവിധ മത സാമുദായിക സംഘടനകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചുകൊണ്ട് അദ്ദേഹം എടുത്ത തീരുമാനത്തിന്റെ ഫലം ഇന്ന് നാം അനുഭവിക്കുകയാണ്. നിലപാടുകളിൽ വെള്ളം ചേർക്കാൻ അദ്ദേഹം ഒരിക്കലും
തയ്യാറായിരുന്നില്ല എന്നുള്ളത് മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ രാജിയിലൂടെ തെളിയിക്കപ്പെട്ടതാണെന്നും പറഞ്ഞു.
ആർ.ശങ്കർ ഫൗണ്ടേഷൻ ഒഫ് കേരള സംസ്ഥാന പ്രസിഡന്റ് അഡ്വ.ടി.ശരത്ചന്ദ്ര പ്രസാദ് അദ്ധ്യക്ഷനായി. വി.എസ്.ശിവകുമാർ, എൻ.ശക്തൻ,പാലോട് രവി, അഡ്വ.ജി.സുബോധൻ,ജി.എസ്.ബാബു,അഡ്വ.മരിയാപുരം ശ്രീകുമാർ,അഡ്വ.കെ.മോഹൻകുമാർ,പന്തളം സുധാകരൻ, എം.ആർ.രഘുചന്ദ്രപാൽ, മണക്കാട് സുരേഷ്.എസ്.കെ.അശോക് കുമാർ,ചാല സുധാകരൻ,ശാസ്തമംഗലം മോഹനൻ,അമ്പലത്തറ ചന്ദ്രബാബു എന്നിവർ സംസാരിച്ചു.
ഫൗണ്ടേഷൻ ഭാരവാഹികളായ അഡ്വ.കുന്നുകുഴി സുരേഷ്, ഡി.അനിൽകുമാർ, ടി.പി.പ്രസാദ്,വാമനപുരം പുരുഷോത്തമൻ നായർ,പി.ഭുവനേന്ദ്രൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി. ഡി.സി.സി നേതാക്കളായ കടകംപള്ളി ഹരിദാസ്, എം.എ.പത്മകുമാർ,പി.പത്മകുമാർ,ആർ.ഹരികുമാർ,അഭിലാഷ് ആർ.നായർ,ജലീൽ മുഹമ്മദ്, എം. പ്രസാദ്,എസ്.എം.ബാലു,വഞ്ചിയൂർ രാധാകൃഷ്ണൻ,മിനിലാൽ, നിഹാസ് പള്ളിക്കൽ തുടങ്ങിയവർ പങ്കെടുത്തു. കവി സദാശിവൻ പൂവത്തൂരിന്റെ നേതൃത്വത്തിൽ ആശാൻ കവിതകളുടെ ആലാപനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |