തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പിന്നാലെ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. ചടങ്ങിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് വേദിയിൽ ഇരിപ്പിടം നൽകിയതിനെയാണ് മന്ത്രി പരിഹസിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി രംഗത്തെത്തിയത്.
മുഹമ്മദ് റിയാസടക്കമുള്ള മന്ത്രിമാർക്കും, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെല്ലാം സദസിലാണ് ഇരിപ്പിടം ലഭിച്ചത്. ഇതിനിടയിലാണ് രാജീവ് ചന്ദ്രശേഖറിന് വേദിയിൽ ഇരിപ്പിടം ലഭിച്ചത്. മന്ത്രി കെ എൻ ബാലഗോപാൽ, എം വി ഗോവിന്ദൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട്, 'ഞങ്ങൾ സദസിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും' എന്നാണ് മുഹമ്മദ് റിയാസ് കുറിച്ചത്.
എന്നാൽ മുഹമ്മദ് റിയാസിന്റെ പോസ്റ്റ് ഫേസ്‌ബുക്കിൽ പങ്കുവച്ചുകൊണ്ട്, മന്ത്രിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ രംഗത്തെത്തിയിട്ടുണ്ട്. 'നിങ്ങളുടെ സർക്കാരിന്റെ നാലാം വാർഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കൺവീനർ സ്റ്റേജിൽ ഉണ്ടാകുന്നത് സ്വാഭാവികല്ലേ'- എന്നാണ് രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉദ്ഘാടകൻ. മന്ത്രിമാരും രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ആയിരക്കണക്കിന് ജനങ്ങളാണ് അഭിമാന മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനായി വിഴിഞ്ഞത്തെത്തിയത്. ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |