തലശ്ശേരി:നൂറ്റാണ്ട് പഴക്കമുള്ള തലശ്ശേരി-മൈസൂർ റെയിൽപാതയെന്ന സ്വപ്നത്തിന് തുരങ്കം വെക്കുന്ന തരത്തിൽ തലശ്ശേരിയിൽ റെയിൽവേയുടെ കണ്ണായ ഇടത്തെ 2.63 ഏക്കർ സ്വകാര്യ സ്ഥാപനത്തിന് ലീസിന് നൽകാൻ ഗൂഢ നീക്കം. പാലക്കാട് റെയിൽവേ ഡിവിഷൻ കേന്ദ്രീകരിച്ച് 45 വർഷത്തേക്ക് ഈ സ്ഥലം ലീസിന് നൽകാനുള്ള നീക്കമാണ് നടക്കുന്നത്.
തലശ്ശേരിയിൽ റെയിൽവേക്ക് 50 ഏക്കർ സ്ഥലമാണുള്ളത്. ഷോർണൂർ കഴിഞ്ഞാൽ മലബാറിൽ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ സ്ഥലം ഇവിടെയാണ്. തലശ്ശേരി -മൈസൂരു റെയിൽപാത യാഥാർത്ഥ്യമാകാനുള്ള നീക്കം നടക്കുമ്പോഴെല്ലാം ഇതില്ലാതാക്കാൻ ഇത്തരം ഗൂഢനീക്കങ്ങൾ നടത്താറുള്ളതാണ്. ബ്രിട്ടീഷുകാർ തലശ്ശേരി -മൈസൂരു പാത വിഭാവനം ചെയ്തത് 1907ലാണ്.ലോക മഹായുദ്ധം അടക്കമുള്ള കാരണങ്ങളാൽ ഇത് നടന്നില്ല. മൈസൂരിലേക്ക് 295 കി.മി ദൂരമുണ്ടെന്ന തരത്തിൽ സർവേ നടത്തി ചിലവിന്റെ പേരിൽ പദ്ധതി തള്ളാനുള്ള ശ്രമവും നടന്നിരുന്നു. ഇരിട്ടി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ആക്ഷൻ കമ്മിറ്റി ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നടത്തിയ ജനകീയ സർവ്വേപ്രകാരം തലശ്ശേരി, കൂത്തുപറമ്പ്,മട്ടന്നൂർ ,ഇരിട്ടി, കുടകിലെ തിത്തിമത്തി,പൊന്നം പേട്ട്, ഹുൻസൂർ വഴി മൈസൂരിലേക്ക് വെറും 145.5 കി.മി ദൂരം മാത്രമേയുള്ളുവെന്ന കണ്ടെത്തൽ ഈ വാദത്തെ പൊളിച്ചു. പിന്നീട് മാനന്തവാടി വഴി മൈസൂരിലേക്ക് പാത പരിഗണിക്കണമെന്ന തരത്തിൽ സംസ്ഥാന സർക്കാരിൽ നിന്നുള്ള നിർദ്ദേശവും ഉയർന്നു വന്നു.
ഒരുങ്ങുന്നു ഒന്നര മണിക്കൂറിൽ മൈസൂരു-ചെന്നൈ യാത്ര
ഒന്നര മണിക്കൂർ യാത്രയിൽ മൈസൂരു-ചെന്നൈ അതിവേഗ പാത ഒരുങ്ങുമ്പോൾ തലശ്ശേരി മൈസൂരു ലൈനിന് ഏറെ പ്രാധാന്യമുണ്ട്. നിലവിൽ തലശ്ശേരിയിൽ നിന്ന് ചെന്നൈയിലേക്ക് 14 മണിക്കൂറാണ് ട്രെയിൻ യാത്ര. ജനകീയ സർവേ പ്രകാരം കണ്ടെത്തിയ ലൈനിൽ പാത യാഥാർത്ഥ്യമായാൽ പരമാവധി രണ്ടര മണിക്കൂർ കൊണ്ട് മൈസൂരിലെത്താനാകും. അവിടെ നിന്ന് അതിവേഗ പാത വഴി ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും അതിവേഗപാതയും പ്രയോജനപ്പെടുത്താം. മണ്ണിടിച്ചിൽ മൂലം മഴക്കാലത്ത് ക്ളേശകരമാകുന്ന കൊങ്കണിനെ ആശ്രയിക്കാതെ ഉത്തരേന്ത്യയിലേക്ക് എളുപ്പത്തിൽ ഏത്താമെന്ന സൗകര്യവും നിർദ്ദിഷ്ട മൈസൂരു-തലശ്ശേരി പാതയ്ക്കുണ്ട്. ഭാവിിൽ തലശ്ശേരിയെ റെയിൽവേ ജംഗ്ഷനാക്കി മാറ്റിയെടുക്കാനുള്ള സാദ്ധ്യത മുന്നിലുള്ളപ്പോഴാണ് കണ്ണായ സ്ഥലം റെയിൽവേ സ്വകാര്യസ്ഥാപനത്തിന് പാട്ടത്തിന് നൽകുന്നത്.
തലശ്ശേരിയിലെ ഒരു സെന്റ് സ്ഥലം പോലും റെയിൽവേ കൈമാറരുത്. രണ്ടര ഏക്കറിലേറെ കണ്ണായ സ്ഥലം പോയാൽ പിന്നെ തലശ്ശേരി-മൈസൂർ റെയിൽ പാത മാത്രമല്ല, തലശ്ശേരിയുടെ മുഴുവൻ റെയിൽവേ വികസന സ്വപ്നങ്ങളും ഇല്ലാതാകും-കെ.വി.ഗോകുൽ ദാസ്(പ്രസിഡന്റ്, തലശ്ശേരി വികസന വേദി)
നേരത്തെയും ലീസിന് നൽകി
പുതിയ ബസ്സ് സ്റ്റാൻഡിനോട് ചേർന്നുളള ഫുട്ട് ഓവർ ബ്രിഡ്ജിന് താഴെ ഇടതുഭാഗത്ത് സ്വകാര്യ വ്യക്തിക്ക് നൽകിയ ലീസിന്റെ കാലാവധി വർഷങ്ങൾക്ക് മുമ്പെ കഴിഞ്ഞതാണ്. ഇവിടം മാലിന്യനിക്ഷേപകേന്ദ്രമാണിന്ന്. സ്റ്റേറ്റ് വേർ ഹൗസ്, സ്വകാര്യ പെട്രോൾ പമ്പ്, പഴയ തീവണ്ടിക്കുളം, പച്ചക്കറി മാർക്കറ്റ് പ്രദേശമെല്ലാം റെയിൽവേ 40 വർഷത്തേക്ക് ലീസിന് നൽകിയതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |